വിഘ്നങ്ങളകറ്റി ഐശ്വര്യം പ്രദാനം ചെയ്യുന്ന ദേവനാണ് ഗണപതി. നല്ലകാര്യങ്ങള്‍ക്ക് തുടക്കമിടും മുമ്പ് ഗണപതിയെ സ്മരിക്കുന്ന പതിവുണ്ട്.
ചില വിശിഷ്ട ഭോജ്യങ്ങള്‍ പൂജയ്ക്കൊപ്പം സമര്‍പ്പിച്ചാല്‍ ഗണേശപ്രീതി സുനിശ്ചിതമെന്നാണ് വിശ്വാസം. അതിലൊന്നാണ് മോദകം. മോദകപ്രിയനെന്നും ഭഗവാന്‍ അറിയപ്പെടുന്നു. അരിമാവ് ഉരുട്ടിയെടുത്ത് തേങ്ങയും ശര്‍ക്കരയും നിറച്ചാണ് മോദകമുണ്ടാക്കുന്നത്. ചെറുപയറും മൈദയുമുപയോഗിച്ചും മോദകമുണ്ടാക്കി നിവേദിക്കാം.
ഭഗവാന് പ്രിയങ്കരമായ മറ്റൊരു മധുരപലഹാരമാണ് ലഡു. നാല് കൈകളിലൊന്നില്‍ ലഡുവില്ലാത്ത ഗണേശ വിഗ്രഹങ്ങളും ചിത്രങ്ങളും കാണില്ല.
പൊരി, ശര്‍ക്കര പാവില്‍ മുക്കി ഉരുട്ടിയെടുത്തുണ്ടാക്കുന്ന വിഭവവും പ്രിയപ്പെട്ടതത്രേ. അതിനു പിറകിലൊരു കഥയുമുണ്ട്. സമ്പത്തിന്റെ ദേവനായ കുബേരന്‍ ഒരിക്കല്‍ ഗണപതിയെ വിരുന്നിനു ക്ഷണിച്ചു. വീട്ടിലെത്തിയ അതിഥിക്ക് വിഭവ സമൃദ്ധമായ സദ്യയാണ് കുബേരന്‍ നല്‍കിയത്. പക്ഷേ ഉള്ളതെല്ലാം വിളമ്പിയിട്ടും ഗണപതിക്ക് വിശപ്പടങ്ങിയില്ല. ഒടുവില്‍ കുബേരന്‍ പോംവഴി തേടി ശിവഭഗവാനെ പ്രാര്‍ഥിച്ചു. ശര്‍ക്കരയില്‍ പൊതിഞ്ഞെടുത്ത പൊരിയുണ്ട നല്‍കാന്‍ ശിവന്‍ നിര്‍ദേശിച്ചു. കുബേരന്‍ വൈകാതെ അതുണ്ടാക്കി ഗണേശന് നല്‍കി. അതോടെ ഭഗവാന്റെ വിശപ്പടങ്ങിയെന്നാണ് കഥ. വാഴപ്പഴവും ഭഗവാന്റെ ഇഷ്ടഭോജനമത്രേ.