അറിയണം തന്ത്രിയുടെ സ്ഥാനം

തന്ത്രി എന്ന സ്ഥാനം വിശ്വാസികള്‍ക്ക് പവിത്രമാണ്. ദേവതയുടെ പിതൃസ്ഥാനീയനാണ് തന്ത്രി. തന്ത്രസമുച്ചയത്തില്‍ ആദ്യ ആറു പടലങ്ങള്‍ ക്ഷേത്ര പ്രതിഷ്ഠയിലൂന്നിയതാണ്. അത്യന്തം സങ്കീര്‍ണമായ ക്ഷേത്ര പ്രതിഷ്ഠയുടെ പരമ പ്രധാന ഘടകമാണ് തന്ത്രി. അനേകം ക്രിയകളിലൂടെ ക്ഷേത്രം സ്ഥാപിക്കുന്ന വ്യക്തി. ക്ഷേത്രമെന്ന ചിന്ത പ്രാവര്‍ത്തികമാവുന്നിടത്തു തന്ത്രിയുടെ ഉത്തരവാദിത്വങ്ങള്‍  തുടങ്ങുന്നു. പല ഘട്ടങ്ങള്‍ പരിശോധിക്കാം. 

ആചാര്യവരണം

ക്ഷേത്ര പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് ആചാര്യ വരണത്തോടെ ആണ്. ക്ഷേത്രം നിര്‍മിക്കാന്‍ പോകുന്ന ദേശത്തെ യജമാനസ്ഥാനത്തുള്ള വ്യക്തി ആചാര്യന്മാരായ തന്ത്രിയെയും പരികര്‍മികളെയും ദേവതാഭാവേന പൂജിച്ചു നിവേദ്യവും താംബൂലവും സമര്‍പ്പിച്ചു നമസ്‌കരിക്കുന്നു. ക്രിയകള്‍ക്കായി പവിത്ര മോതിരവും, തറ്റുടുക്കാനുള്ള വസ്ത്രവും, യജ്ഞോപവീതവും നല്‍കുന്നു. 

ഭൂപരിഗ്രഹം

ക്ഷേത്രത്തിന് ലക്ഷണയുക്തമായ ഭൂമി തിരഞ്ഞെടുത്ത ശേഷം, ഖര്‍ഷണം ചെയ്ത്, സ്ഥല ശുദ്ധി ചെയ്ത് ക്ഷേത്ര ഭൂമി ഏറ്റു വാങ്ങി വാസ്തുശാസ്ത്ര പ്രകാരം പ്രതിഷ്ഠാ സ്ഥാനം നിശ്ചയിച്ച ശേഷം നിശ്ചിത മുഹൂര്‍ത്തത്തില്‍ തന്ത്രി ഷഡാധാര പ്രതിഷ്ഠ നടത്തുന്നു. ക്ഷേത്രം ഷഡ്ചക്ര ശരീര പ്രതീകവും ദേവത ബ്രഹ്മചൈതന്യവും എന്ന സങ്കല്‍പ്പമാണല്ലോ.

വാസ്തുബലി, വാസ്തുപൂജ, വാസ്തുഹോമം എന്നിവ ചെയ്ത് ആധാര ശിലയാകുന്ന മൂലാധാര പ്രതീകവും, അതിന്റെ മുകളില്‍ സ്ഥാപിക്കുന്ന സ്വാധിഷ്ഠാന പ്രതീകമായ ധ്യാനപീഠവും, അതിനു മേല്‍ മണിപൂരകത്തെ പ്രതിനിധാനം ചെയ്യുന്ന നിധികുംഭവും, അതിനുമേല്‍ അനാഹത ചക്ര പ്രതീകമായ പത്മവും, പദ്മത്തില്‍ ഹൃദയസ്ഥാനമായ പ്രാണശക്തിയും അതിനു മുകളിലായി വിശുദ്ധി ചക്ര പ്രതീകമായ യോഗനാളത്തേയും പൂജിച്ചു പ്രതിഷ്ഠിച്ചു തന്ത്രി ഷഡാധാര പ്രതിഷ്ഠ നടത്തുന്നു.

ഇഷ്ടകാന്യാസം, ഗര്‍ഭപാത്ര സ്ഥാപനം

ശ്രീകോവില്‍ ദേവന്റെ സ്ഥൂല ശരീര സങ്കല്‍പമാണ്. ക്ഷേത്രപുരുഷ ശരീരത്തിന്റെ മാതൃത്വം വഹിക്കുന്നത് ഭൂമിദേവിയാണ്. വിഗ്രഹം എന്ന പുത്രനെ ക്ഷേത്ര ഭൂമി പ്രസവിക്കുന്നതായാണ് സങ്കല്‍പം. അതിനായി ഭൂമിയില്‍ ഗര്‍ഭപാത്ര സ്ഥാപനം  നടത്തുന്നു. താമ്രം കൊണ്ട് അടപ്പോടുകൂടി ഉണ്ടാക്കുന്ന ഗര്‍ഭപാത്ര രൂപം ഭൂത്വത്തെ സൂചിപ്പിക്കുന്നു. ശേഷം ഈ ഗര്‍ഭപാത്രത്തില്‍ മൂലമന്ത്രം കൊണ്ട് ദേവനെ ആവാഹിച്ച് ത്രിമധുര നിവേദ്യത്തോടെ പൂജ നടത്തുന്നു.

ശിലാപരിഗ്രഹം

 തന്ത്രി ശില്‍പികളെ ക്ഷണിച്ച് അവരുടെ ആയുധങ്ങള്‍ പൂജിക്കുന്നു. വിഗ്രഹത്തിനുള്ള ശില തിരഞ്ഞെടുക്കേണ്ടതും തന്ത്രിയുടെ ചുമതലയാണ്. ലക്ഷണങ്ങള്‍ തികഞ്ഞ ശില കണ്ടെത്തിയാല്‍ ദേഹശുദ്ധ്യാദികള്‍ ചെയ്തു പുറപ്പെട്ട് ശിലയെ അഭിവാദ്യം ചെയ്ത്, ശിലക്കു മുകളില്‍ പത്മമിട്ട്, ദേവതകളെയും പരിവാരങ്ങളെയും ആവാഹിച്ചു പൂജിച്ചു ദിക്പാലബലികളും കൊടുത്ത് ദേവതാസാന്നിധ്യം കൊടുത്ത് തന്ത്രി അന്നവിടെ ഉറങ്ങണം. സ്വപ്‌ന ദര്‍ശനത്തെ പ്രാര്‍ത്ഥിച്ച ശേഷം അതിനനുസൃതമായി ശിലാഖണ്ഡങ്ങളെ ശില്‍പികള്‍ വെട്ടിമാറ്റുന്നു. ശേഷം വിഗ്രഹ ശിലയെ വാദ്യഘോഷങ്ങളോടെ പണിപ്പുരയിലേക്കു എഴുന്നള്ളിക്കുന്നു .

മുളയിടല്‍

ബിംബ നിര്‍മാണം പൂര്‍ത്തിയായാല്‍ തന്ത്രി വിധി പ്രകാരം പരിഗ്രഹിച്ചു ശുദ്ധീകരിക്കുന്നു. സോമമണ്ഡലം നിര്‍മ്മിച്ചാണ് ശുദ്ധീകരണം. മുളയിടല്‍ എന്ന ചടങ്ങില്‍ മുളപ്പാലികകളില്‍ മഹാവിഷ്ണുവിനേയും ബീജത്തില്‍ സോമനെയും ആവാഹിച്ചു പൂജിക്കുന്നു. മുള എത്ര ദിവസം നില്‍ക്കുന്നുവോ അത്രയും നാള്‍ മൂന്നു പൂജയും രാത്രി ബലിയും നടത്തുന്നു .

ബിംബ പരിഗ്രഹം

ശില്‍പി ശയ്യ വിരിച്ചു ബിംബത്തെ അതില്‍ കിടത്തുന്നു. പൂജിച്ച സ്വര്‍ണസൂച്യഗ്രം കൊണ്ട് തന്ത്രി വിഗ്രഹത്തിന്റെ കണ്ണ് കീറി ശില്‍പിയെക്കൊണ്ട് നേത്രോല്ലേഖനം നടത്തുന്നു. ശില്‍പിയില്‍ നിന്നു ശില്‍പത്തെ ക്ഷേത്ര യജമാനന്‍ ഏറ്റു വാങ്ങി തന്ത്രിക്കു സമര്‍പ്പിക്കുന്നു.

ബിംബശോധന

നെയ്യ്, തേന്‍, നാല്‍പ്പാമരത്തൊലികള്‍, പുറ്റു മണ്ണ്, ചെറുപയര്‍, മഞ്ഞള്‍ മുതലായവ ബിംബത്തില്‍ തേച്ച് വെള്ളം കൊണ്ടോ അഷ്ടഗന്ധ ജലം കൊണ്ടോ ബിംബ ശോധന ചെയ്യുന്നു. പിന്നീട് നടക്കുന്ന അക്ഷത ഹോമത്തിന്റെ സമ്പാതം ബിംബത്തിന്റെ പാദം മുതല്‍ ശിഖ വരെയുള്ള ഏഴു സ്ഥാനങ്ങളില്‍ സ്പര്‍ശിക്കുന്നു.

കൗതുക ബന്ധനം

അനന്തരം ഒരു പട്ടു വസ്ത്രത്തില്‍ നല്ല പോലെ പൊതിഞ്ഞ കടുകും മുത്തും സ്വര്‍ണവും ചരടില്‍ കെട്ടി തന്ത്രി ദേവന്റെ വലതു കയ്യില്‍ കെട്ടുന്നു. സ്വര്‍ണം സൂര്യമണ്ഡലവും, കടുക് അഗ്‌നിമണ്ഡലവും, മുത്ത് സോമമണ്ഡലവും ആകുന്നു. ബിംബദേഹത്തിന്റെ പഞ്ച ഭൗതിക ശുദ്ധി വരുത്തി കുണ്ഡലിനി ഉത്പാഥനമാണ് ഈ ക്രിയ.

ജലാധിവാസം

കുണ്ഡലിനി ഉത്പാഥനശേഷം ജീവചൈതന്യം സമാധി അനുഭവിക്കുന്ന സങ്കല്‍പ്പം ആണ് ഇത്. ബിംബത്തെ ക്ഷേത്ര കുളത്തിലേക്ക് എഴുന്നള്ളിക്കുന്നു. വരുണദേവനെ തന്ത്രി തീര്‍ത്ഥമായി ആവാഹിച്ചു പൂജിക്കുന്നു. ശേഷം ബിംബത്തെ അരയാല്‍ പലകമേല്‍ കിഴക്കു ശിരസായി കിടത്തി വെള്ളത്തില്‍ താഴ്ത്തി ഉറപ്പിച്ചു എട്ടു ദിക്കുകളിലും ബന്ധനം ചെയ്തു രക്ഷിച്ചു വെക്കുന്നു. ഇത് മൂന്ന് ദിവസവും മൂന്നു രാത്രിയും തുടരും.

പ്രാസാദ ശുദ്ധി

പ്രാസാദം എന്നാല്‍ ശ്രീകോവില്‍. തന്ത്രി ബിംബത്തെ ദര്‍ഭ, ഗോമയ ജലം, കടുക്, പഞ്ചഗവ്യം, വികിരം എന്നിവ ഉപയോഗിച്ചു പ്രാസാദ ശുദ്ധി വരുത്തുന്നു. ദുഷ്ട ഭൂത രാക്ഷസാദികളെ നിഷ്‌കാസനം ചെയ്ത്, അഷ്ടഗന്ധ ജലം തളിച്ച്, ഗന്ധ പുഷ്പാക്ഷതം വിതറി, ധൂപദീപാദികള്‍ കാണിച്ചു പ്രാസാദ ശുദ്ധി പൂര്‍ത്തിയാക്കുന്നു

അസ്ത്രകലശ പൂജ

ദേവന്റെ അസ്ത്ര മന്ത്രം കൊണ്ട് കലശം പൂജിച്ചു വെക്കുന്നു . ഗര്‍ഭഗൃഹത്തില്‍ ദേവന്റെ മന്ത്രം കൊണ്ട് പൂജ ചെയ്തു അഗ്നിപ്രതീകമായ കടുക് മന്ത്രപുരസ്സരം വിതറുകയും, പഞ്ചഗവ്യം ജപിച്ചു തളിച്ച് ശുദ്ധീകരിക്കുകയും ചെയ്യുന്നു

അഗ്‌നികോണില്‍ നടത്തുന്ന രക്ഷോഘ്ന ഹോമം

ഈശ കോണില്‍ നടത്തുന്ന വാസ്തു ഹോമം, വാസ്തു ബലി എന്നിവയ്ക്കു ശേഷം തന്ത്രി ഗര്‍ഭ ഗൃഹത്തിന്റെ മധ്യത്തില്‍ പ്രാസാദ മൂര്‍ത്തിയെ ആവാഹിച്ചു പൂജിച്ചിടത്തു കലശങ്ങള്‍ ആടുകയും വാസ്തുദേവനെ പ്രീതിപ്പെടുത്തി പുണ്യാഹം തളിക്കുകയും ചെയ്യുന്നു .

ബിംബ ശുദ്ധി കലശം

ക്ഷേത്രത്തിന്റെ ഈശ കോണില്‍ പത്മങ്ങള്‍ വരച്ച് ബിംബ ശുദ്ധി കലശങ്ങള്‍ സ്ഥാപിച്ച ശേഷം തന്ത്രി ദേവത ഭാവേന ദ്രവ്യങ്ങള്‍ നിറയ്ക്കുന്നു. ഇവ ജലാധിവാസം കഴിഞ്ഞ ബിംബത്തില്‍ ആടുന്നു.

മണ്ഡപ സംസ്‌കാരം

ബിംബത്തിന്റെ ധ്യാനാധിവാസത്തിനായി മണ്ഡപം ഉണ്ടാക്കി അതിനകത്തു തോരണങ്ങളും ധ്വജങ്ങളും പ്രതിഷ്ഠിച്ചു പൂര്‍വാദി ദ്വാരത്തില്‍ ദ്വാര കലശങ്ങളെ പൂജിച്ചു മണ്ഡപത്തെ തന്ത്രി പൂജിക്കുന്നു .

അഗ്‌നിജനനം

മണ്ഡപത്തിന്റെ കിഴക്കായി ശയ്യാ പൂജക്കുള്ള ശിരസ്ഥാനത്തില്‍ ആചാര്യ കുണ്ഡമുണ്ടാക്കി അഗ്‌നിജനനം ചെയ്യുന്നു. കുണ്ഡത്തില്‍ അഗ്‌നി പകരുന്നത് പ്രകൃതിയുടെ ഗര്‍ഭപാത്രത്തില്‍ പരമ പുരുഷ ബീജം സ്ഥാപിക്കലാണ്. ഗര്‍ഭാധാന പ്രക്രിയക്ക് ശേഷം മറ്റു സംസ്‌കാരങ്ങള്‍ നടത്തി ദേവന്റെ മന്ത്രങ്ങളെക്കൊണ്ടു ഹോമിക്കുന്നു .

ശയ്യാപൂജ

മണ്ഡപത്തില്‍ ശയ്യ വിരിച്ചു ശയ്യാ പദ്മത്തിന്റെ തലയ്ക്കല്‍ നിദ്രാകലശവും എട്ടു ദിക്കിലും വിദ്വേശ്വര കലശവും സ്ഥാപിക്കുന്നു. ശയ്യയുടെ ശിരോഭാഗത്തും, പാദാഗ്രത്തിലും, ഇടതും, വലത്തും, കിരീടാഗ്ര ഭാഗത്തും പ്രതിഷ്ഠ കഴിഞ്ഞാല്‍ ഉപഹാര ദ്രവ്യങ്ങള്‍ വച്ച് പൂജിച്ചു അഷ്ട ദിക്കുകളിലും ദേവന് വേണ്ട അഷ്ടമംഗല്യങ്ങള്‍ വെയ്ക്കുന്നു.

ജലോദ്ധാരം

തീര്‍ത്ഥസ്ഥാനത്തു പോയി ജലാധിവാസം ചെയ്ത ബിംബത്തെ പുറത്തെടുത്തു ഭദ്രാപീഠത്തില്‍ നിര്‍ത്തി ശിരസ്സ് മുതല്‍ പാദം വരെ മുന്‍പ് സംഹരിച്ചതായ പഞ്ച ഭൂതങ്ങളെയും പ്രാണായാമരൂപേണ സൃഷ്ടിച്ചു വെള്ളം കൊണ്ട് കഴുകി തന്ത്രി നേത്രോന്മീലനം ചെയ്യണം. ഇത് സമാധി കഴിഞ്ഞുള്ള കണ്ണ് തുറക്കലാണ്. നേത്രോന്മീലനം കഴിഞ്ഞ ബിംബത്തെ പശുവിനെ കാണിക്കുകയും മണ്ഡപത്തിനു പ്രദക്ഷിണമായി കൊണ്ട് വന്നു ശയ്യയില്‍ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു.                

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.