Showing posts with label horoscope. Show all posts
Showing posts with label horoscope. Show all posts

നഷ്ടജാതകോപസംഹാരമാണ് അടുത്ത ശ്ലോകംകൊണ്ട് പറയുന്നത്

ഇതി നഷ്ടജാതകമിദം
ബഹുപ്രകാരം മയാ വിനിർദ്ദിഷ്ടം
ഗ്രാഹ്യമദസ്സച്ഛിഷ്യൈഃ
പരീക്ഷ്യ യത്നാദ്യഥാ ഭവതി.

സാരം :-

" നഷ്ടജാതകം " എന്നതിനു ദൈവജ്ഞനാലും ഒരു പക്ഷെ പ്രഷ്ടാവിനാലും അറിയപ്പെടാത്ത നക്ഷത്രാദി ചതുസ്സാധനം എന്നു താല്പര്യമാകുന്നു.

ഇങ്ങനെ ഈ അദ്ധ്യായംകൊണ്ട് ഞാൻ പലപ്രകാരത്തിലും ഈ നഷ്ടജാതകജ്ഞാനോപായത്തെ പറഞ്ഞു. ഒരു ദൈവജ്ഞനുണ്ടാവേണ്ട സകല ഗുണങ്ങളും തികഞ്ഞവരും ദോഷങ്ങളൊന്നുമില്ലാത്തവരും ഈശ്വരൻ, ഗുരു, ശാസ്ത്രം, ഇതുകളിൽ ഭക്തിബഹുമാനാദികളുള്ളവരുമായ സച്ഛിഷ്യന്മാരാൽ മാത്രം ഇന്നിന്ന വിഷയത്തിൽ ഇന്നിന്നതു ഒക്കുന്നവയെന്നു പ്രയാസപ്പെട്ടിട്ടു കൂടിയും പരീക്ഷിച്ചറിഞ്ഞു അതുകൾ ഗ്രാഹ്യങ്ങളാകുന്നു. അല്ലാതെ പൂർവ്വോക്തഗുണവിഹീനന്മാരായ അസൽശിഷ്യന്മാർക്കുപദേശിയ്ക്കരുതെന്നും അങ്ങനെ ചെയ്തു പോയാൽ ഇവർക്കു സത്യാസത്യവിവേകജ്ഞാനശക്തി, ഊഹാപോഹപടുത്വം, ഗുരുഭക്തി, ശാസ്ത്രവിശ്വാസം ഇവയൊന്നുമില്ലായ്കയാൽ ശാസ്ത്രം ഒക്കുന്നതല്ലെന്നു പറഞ്ഞു അപഹസിയ്ക്കയും മറ്റും ചെയ്യുമെന്നും അറിയണം. 

നഷ്ടജാതകത്തിൽ നക്ഷത്രം അറിയുവാൻ പറയുന്നു - 2

ദ്വിത്രിചതുർദ്ദശ ദശതിഥി-
സപ്തത്രിഗുണാ നവാഷ്ട ചൈന്ദ്യ്രാദ്യാഃ
പഞ്ചദശഘ്നാസ്തദ്ദിങ്-
മുഖാന്വിതാ ഭം ധനിഷ്ഠാദി.

സാരം :-

രണ്ട്, മൂന്ന്, പതിനാല്, പത്ത്, പതിനഞ്ച്, ഇരുപത്തൊന്ന്, ഒമ്പത്, എട്ട് ഈ സംഖ്യകൾ ക്രമേണ കിഴക്കു മുതലായ എട്ടു ദിക്കുകളുടെ ഗുണകാരകങ്ങളാകുന്നു.

പ്രഷ്ടാവ് വന്നുനിന്ന ദിക്കിന്റെ ഗുണകാരംകൊണ്ടു പതിനഞ്ചിനെ പെരുക്കി പ്രഷ്ടാവു നിന്ന ദിക്കിലേയ്ക്ക് പ്രശ്നസമയത്തു എത്രപേർ നോക്കിനില്ക്കുന്നുണ്ടോ, ആ സംഖ്യയും മുൻ പെരുക്കിവെച്ചതിൽ കൂട്ടി അതിനെ 27 ൽ ഹരിച്ചു കളഞ്ഞു ബാക്കി സംഖ്യയോളം അവിട്ടം മുതൽക്കെണ്ണിയാൽ വരുന്ന നക്ഷത്രത്തിലാണ് പ്രഷ്ടാവ് ജനിച്ചതെന്നും പറയാം. ഇവിടേയും അനുജന്മങ്ങളെ ചിന്തിയ്ക്കാവുന്നതാണ്. 

നഷ്ടജാതകത്തിൽ നക്ഷത്രം അറിയുവാൻ പറയുന്നു

സംസ്കാരനാമമാത്രാദ്വിഗുണാഃ
ഛായാംഗുലൈസ്സമായുക്താഃ
ത്രിനവകഭക്താഃ ശേഷ-
ന്നക്ഷത്രം തദ്ധനിഷ്ഠാദി-

സാരം :-

പ്രഷ്ടാവിന്റെ സംസ്കൃതനാമത്തിന്റെ - എന്നു വെച്ചാൽ പേരിടുമ്പോൾ കല്പിച്ചിട്ടുള്ള പേരിന്റെ മാത്രകളെ * ഇരട്ടിച്ച് അതിൽ പ്രശ്നകാലത്തേയ്ക്ക് സൂക്ഷിച്ചുണ്ടാക്കിയ ദ്വാദശാംഗുലശങ്കുച്ഛായാംഗുലവും കൂടെ കൂട്ടി അതിനെ 27  - ൽ ഹരിച്ചുകളഞ്ഞു ബാക്കി എത്ര സംഖ്യയുണ്ടോ അവിട്ടം മുതൽക്കു അത്രാമത്തെ നാളിലാണ് പ്രഷ്ടാവിന്റെ ജനനമെന്നും പറയാവുന്നതാണ്. അഥവാ ഇതിന്റെ അനുജന്മങ്ങളായി എന്നു വരാം.

-------------------------------------------------------

* ഹ്രസ്വാക്ഷരത്തിനു ഒരു മാത്രയും കൂട്ടക്ഷരത്തിനു മുമ്പിലത്തെ അക്ഷരം ദീർഘമോ വിസർഗ്ഗമോ അനുസ്വാരമോ ഉള്ള അക്ഷരങ്ങൾ ഇവയൊക്കെ രണ്ടുമാത്രയും വ്യഞ്ജനാക്ഷരങ്ങൾക്കു അരമാത്രയും ആകുന്നു. സ്വരങ്ങളിൽ അ, ഇ, ഉ ഇത്യാദ്യക്ഷരങ്ങൾ ഹ്രസ്വങ്ങളും ആ, ഈ, ഊ ഇത്യാദികൾ ദീർഘങ്ങളും ക മുതൽ ള കൂടിയ 34 അക്ഷരങ്ങൾ വ്യഞ്ജനങ്ങളുമാണ്. 

ഗുണപിണ്ഡംകൊണ്ടു ഋതുമാസതിഥിവർഷങ്ങളേയും ദിനരാത്രികളേയും നക്ഷത്രത്തേയും ദിനരാത്രിഗതലഗ്നതന്നവാംശകാദികളേയും വരുത്തേണ്ടും പ്രകാരമാണ് ഇനി പറയുന്നത്

വർഷർത്തുമാസതിഥയോ ദ്യുനിശേ, ഉഡൂനി
വേലോദയർക്ഷനവഭാഗവികല്പനാദ്യാഃ
ഭൂയോ ദശാതിഗുണിതേ സ്വവികല്പഭക്തേ
വർഷാദയോ, നവകദാനവിശോധനാഭ്യാം.

സാരം :-

ഈ ഒമ്പതാം ശ്ലോകംകൊണ്ട് പറഞ്ഞപ്രകാരം ഉണ്ടാക്കിയ ഗുണപിണ്ഡംകൊണ്ടാണു ഋതുമാസാദികളെ ഉണ്ടാക്കേണ്ടത്; എന്നാൽ പ്രശ്നകാലോദയലഗ്നം ഒന്നാം ദ്രേക്കാണത്തിലാണെങ്കിൽ ആ ഗുണപിണ്ഡത്തിന്റെ രാശിസ്ഥാനത്തുനിന്നു ഒമ്പതു കൂട്ടുകയും ലഗ്നം മൂന്നാം ദ്രേക്കാണത്തിലാണെങ്കിൽ രാശി സ്ഥാനത്തുനിന്നു ഒമ്പതു കലയുകയുംകൂടി വേണമെന്നും അറിയണം. ഇങ്ങനെ ലഗ്നസ്ഫുടത്തെ രാശിഗുണകാരംകൊണ്ടും ലഗ്നത്തിൽ ഗ്രഹമുണ്ടെങ്കിൽ അവരുടെ ഗുണകാരങ്ങൾകൊണ്ടും പെരുക്കിക്കയറ്റിവെച്ചു ലഗ്നസ്ഫുടത്തിലെ ദ്രേക്കാണാനുരോധേന രാശിസ്ഥാനത്തു ഒമ്പതുകൂട്ടുകയോ കുറക്കുകയോ വേണ്ടി വന്നാൽ അതും ചെയ്തുണ്ടാക്കിയ ഗുണപിണ്ഡത്തെ നാലു സ്ഥാനത്തുവെയ്ക്കുക, ഒന്നാമത്തെ ഗുണപിണ്ഡത്തിന്റെ രാശ്യാദികളെ 10 കൊണ്ടും രണ്ടാമത്തേതിനെ എട്ടുകൊണ്ടും മൂന്നാമത്തേതിനെ ഏഴുകൊണ്ടും നാലാമത്തെ ഗുണപിണ്ഡത്തിന്റെ രാശ്യാദികളെ അഞ്ചുകൊണ്ടും പെരുക്കുകയും എല്ലാറ്റിലും അറുപതിലും മുപ്പതിലും കയറ്റുകയും ചെയ്ക.

മുൻപറഞ്ഞപ്രകാരം 10 കൊണ്ടു പെരുക്കിയ ഒന്നാമത്തെ ഗുണപിണ്ഡത്തെ കണ്ടുവെച്ചു അതിന്റെ രാശിസ്ഥാനത്തെ 60 ൽ ഹരിച്ചു കളയുക. ബാക്കി എത്രയുണ്ടോ, പ്രഭവാദി അത്രാം വർഷത്തിലും, ഈ ഒന്നാമത്തേതിനെത്തന്നെ പിന്നേയും കണ്ടുവെച്ചതിന്റെ രാശി സ്ഥാനത്തെ ആറിൽ ഹരിച്ചുകളഞ്ഞു ബാക്കി എത്രയുണ്ടോ, വസന്താദി സ്ഥാനത്തെ ആറിൽ ഹരിച്ചുകളഞ്ഞു ബാക്കി എത്രയുണ്ടോ,  വസന്താദി അത്രാമത്തെ ഋതുവിലും, വീണ്ടും ആ ഒന്നാമത്തേതിനെത്തന്നെ കണ്ടുവെച്ചു മുകളിലെ സ്ഥാനത്തെ 12 കൊണ്ടു ഹരിച്ചുകളഞ്ഞു ബാക്കി എത്രയുണ്ടോ ചൈത്രാദി അത്രാംമാസത്തിലും, നാലാമതും അതിനെതന്നെ 30 കൊണ്ടു ഹരിച്ചുകളഞ്ഞു ബാക്കി എത്രയുണ്ടോ, വെളുത്ത പ്രതിപദം മുതൽക്കും അത്രാം തിഥിയിലുമാണ് പ്രഷ്ടാവിന്റെ ജനനമെന്നു പറയണം.

രണ്ടാം സ്ഥാനത്തു ഇരിക്കുന്ന എട്ടിൽ പെരുക്കിയ ഗുണപിണ്ഡത്തിന്റെ രാശിസ്ഥാനത്തെ രണ്ടുകൊണ്ടു ഹരിച്ചു കളഞ്ഞ്, ബാക്കി ഒന്നാണെങ്കിൽ പകലും രണ്ടാണു ബാക്കിയെങ്കിൽ രാത്രിയിലുമാണ് ജനനമെന്നും പറയണം.

മൂന്നാം സ്ഥാനത്തു ഇരിയ്ക്കുന്നതും ഏഴിൽ പെരുക്കിയതുമായ ഗുണപിണ്ഡത്തിന്റെ രാശിസ്ഥാനത്തെ 27 ൽ ഹരിച്ചുകളഞ്ഞ് ബാക്കി എത്ര സംഖ്യയുണ്ടോ, അശ്വിനാദി അത്രാം നക്ഷത്രത്തിലാണ് പ്രഷ്ടാവിന്റെ ജനനമെന്നു പറയേണ്ടതും, ഈ നക്ഷത്രാനയനം മുൻശ്ലോകത്തിൽ പറഞ്ഞിട്ടുള്ളതുമാകുന്നു.

നാലാംസ്ഥാനത്തു ഇരിയ്ക്കുന്നതും അഞ്ചിൽ പെരുക്കിയതുമായ ഗുണപിണ്ഡത്തെ കണ്ടുവെച്ചു അതിന്റെ രാശിസ്ഥാനത്തെ, ജനനം പകലാണെങ്കിൽ പകൽ പ്രമാണംകൊണ്ടും ജനനം രാത്രിയാണെങ്കിൽ രാത്രിപ്രമാണംകൊണ്ടും ഹരിച്ചുകളഞ്ഞു ബാക്കി എത്രയുണ്ടോ, പകലോ രാത്രിയിലോ അത്ര നാഴികയും വിനാഴികയും ചെല്ലുമ്പോഴും, അതിനെത്തന്നെ വീണ്ടും കണ്ടുവെച്ച രാശിസ്ഥാനത്തെ 12 ൽ ഹരിച്ചു കളഞ്ഞു ബാക്കി എത്രയുണ്ടോ, മേടം മുതൽക്കു അത്രാം രാശി ഉദിയ്ക്കുമ്പോഴും, ആ നാലാമത്തേതിനെത്തന്നെ ഒമ്പതിൽ ഹരിച്ചു കളഞ്ഞു ബാക്കി എത്രയുണ്ടോ, ലഗ്നത്തിൽ അത്രാം നവാംശകം ഉദിയ്ക്കുമ്പോഴുമാണ് പ്രഷ്ടാവിന്റെ ജനനമെന്നും പറയണം. ഈ നാലാമത്തെ ഗുണപിണ്ഡത്തിന്റെ രാശിസ്ഥാനത്തെ രണ്ടിൽ ഹരിച്ചു കളഞ്ഞു ബാക്കി ഹോര എന്നും മൂന്നിൽ ഹരിച്ചു കളഞ്ഞു ബാക്കി ദ്രേക്കാണമെന്നും, 12 ൽ ഹരിച്ചു കളഞ്ഞ ബാക്കി ദ്വാദശാംശമെന്നും, 30 ൽ ഹരിച്ചു കളഞ്ഞ ബാക്കി ത്രിംശാംശകമെന്നും മറ്റും ഇവിടെയുള്ള ആദിശബ്ദംകൊണ്ടു ആചാര്യൻ സൂചിപ്പിച്ചിട്ടുണ്ടെന്നും അറിയണം.

രാശിഭാഗകലാത്മകമായ ലഗ്നസ്ഫുടത്തെവെച്ചു ക്രിയചെയ്‌വാനാണല്ലോ ഇവിടെ പറഞ്ഞത്. എന്നാൽ ലഗ്നസ്ഫുടത്തിന്റെ രാശിയെ 30 ൽ ഇറക്കി തിയ്യതികളിൽ കൂട്ടി ആ തിയ്യതിയും ഇലിയും വെച്ചും, അല്ലെങ്കിൽ ലഗ്നസ്ഫുടത്തെ ഇറക്കി ഇലിയാക്കി അതുകൊണ്ടും മേൽപറഞ്ഞപ്രകാരമൊക്കെ ക്രിയചെയ്തു വർഷാദികളെ വരുത്താവുന്നതാണെന്നും അറിയേണ്ടതുണ്ട്. 

ഗുണപിണ്ഡംകൊണ്ട് പൃച്ഛകന്റേയും തത്സംബന്ധികളായ ഭാര്യ, സഹോദരൻ, പുത്രൻ, ശത്രു ഇവരുടേയും ജന്മനക്ഷത്രം ഉണ്ടാക്കുവാനാണു ഇനി പറയുന്നത്

സപ്താഹതം ത്രിഘനഭാജിതശേഷമൃഷം
ദത്വാഥവാ നവ വിശോദ്ധ്യ നവാഥവാസ്മാൽ
ഏവം കളത്രസഹജാത്മജശത്രുഭേദ്യഃ
പ്രഷ്ടുർവ്വദേദുദയരാശിവശേന തേഷാം.

സാരം :-

മുൻശ്ലോകത്തിൽ പറഞ്ഞപ്രകാരം ഉണ്ടാക്കിവെച്ചിട്ടുള്ള ഗുണപിണ്ഡത്തിനെ ഏഴിൽ പെരുക്കി അറുപതിലും മുപ്പതിലും കയറ്റി രാശിസ്ഥാനത്തെ ഇരുപത്തേഴിൽ ഹരിച്ചു കളയുക, ശേഷമുള്ള സംഖ്യയോളം അശ്വതി മുതൽക്കെണ്ണിയാൽ വരുന്ന നക്ഷത്രത്തിലാണ്‌ പ്രഷ്ടാവിന്റെ ജനനമെന്നു പറയണം. അഥവാ ഈ നക്ഷത്രത്തിന്റെ പത്താം നക്ഷത്രത്തിലോ പത്തൊമ്പതാം നക്ഷത്രത്തിലോ ആണ് ജനനമെന്നും വരാം. എന്നുവെച്ചാൽ ലഗ്നത്തിൽ ഒന്നാംദ്രേക്കാണമാണെങ്കിൽ ഇവിടെ കിട്ടിയ നാളിന്റെ പത്താം നാളിലും ലഗ്നം രണ്ടാം ദ്രേക്കാണത്തിലാണെങ്കിൽ ഈ കിട്ടിയ നാളിലും ലഗ്നം മൂന്നാം ദ്രേക്കാണത്തിലാണെങ്കിൽ ഇവിടെ കിട്ടിയ നാളിന്റെ പത്തൊമ്പതാം നാളിലുമാണ് പ്രഷ്ടാവ് ജനിച്ചതെന്നും പറയാമെന്നു സാരം.

പ്രഷ്ടാവിന്റെ ജിജ്ഞാസയനുസരിച്ചു, പ്രശ്നകാലോദയലഗ്നത്തിൽ ആറു രാശി കൂട്ടി ഏഴാംഭാവമുണ്ടാക്കി അതിനെ ലഗ്നം പോലെ കല്പിച്ചു മുൻപറഞ്ഞപ്രകാരമൊക്കെ ക്രിയ ചെയ്‌താൽ ഭാര്യയുടേയും, (പ്രഷ്ടാവു സ്ത്രീ ആണെങ്കിൽ ഭർത്താവിന്റേയും) ലഗ്നത്തിൽ രണ്ടു രാശികൂട്ടി മൂന്നാംഭാവമുണ്ടാക്കി അതുകൊണ്ടു സഹോദരന്റേയും, ലഗ്നത്തിൽ നാലു രാശികൂട്ടി അഞ്ചാംഭാവമുണ്ടാക്കി അതുകൊണ്ടു പുത്രന്റേയും, ലഗ്നത്തിൽ അഞ്ചുരാശി കൂട്ടി ആറാംഭാവമുണ്ടാക്കി അതുകൊണ്ടു ശത്രുവിന്റേയും ജന്മനക്ഷത്രത്തെ പറയാവുന്നതാണ്. ഇവിടങ്ങളിലും മുൻ ദ്രേക്കാണത്തെ അനുസരിച്ചു പറഞ്ഞതുപോലെ ഈ വന്ന നക്ഷത്രമോ അതിന്റെ പത്താം നക്ഷത്രമോ പത്തൊമ്പതാം നക്ഷത്രമോ എന്നുള്ളതിനേയും ചിന്തിയ്ക്കാവുന്നതാണ്. 

ഗുണപിണ്ഡം / ഗുണകാരം

ഗോസിംഹൌ ജുതുമാഷ്ടമൌ ക്രിയതുലേ
കന്യാമൃഗൌ ച ക്രമാൽ
സംവർഗ്ഗ്യാ ദശകാഷ്ടസപ്തവിഷയൈ-
ശ്ശേഷാഃ സ്വസംഖ്യാഗുണാഃ
ജീവാരാസ്ഫുജിദൈന്ദവാഃ പ്രഥമവ-
ച്ഛേഷാഃ ഗ്രഹാസ്സൌമ്യവ-
ദ്രാശീനാം നിയതോ വിധിർഗ്രഹയുതൈഃ
കാര്യാ ച തദ്വർഗ്ഗണാ.

സാരം :-

ഇടവം ചിങ്ങം എന്നീ രാശികൾക്കു പത്തും, മിഥുനം, വൃശ്ചികം, എന്നിവകൾക്കു എട്ടും, മേടം തുലാം ഇവർക്കു ഏഴും, കന്നി, മകരം എന്നീ രാശികൾക്കു അഞ്ചും, കർക്കടകത്തിനു നാലും, ധനുവിന് ഒമ്പതും, കുംഭത്തിനു പതിനൊന്നും, മീനത്തിനു പന്ത്രണ്ടും സംഖ്യകൾ ഗുണകാരങ്ങളാകുന്നു.

വ്യാഴം ചൊവ്വ  ശുക്രൻ ബുധൻ ഇവർക്കു ക്രമത്തിൽ മുൻപറഞ്ഞപോലെയും, മറ്റു ഗ്രഹങ്ങൾക്കു ബുധന്റേതുപോലെയുമാണ് ഗുണകാരം. എന്നുവെച്ചാൽ, വ്യാഴത്തിനു പത്തും, ചൊവ്വയ്ക്ക്‌ എട്ടും, ശുക്രനു ഏഴും, ബുധൻ സൂര്യൻ ചന്ദ്രൻ ശനി എന്നീ നാലു ഗ്രഹങ്ങൾക്കു അഞ്ചും സംഖ്യകളാണ് ഗുണകാരമെന്നു താല്പര്യം.

മേഷാദിരാശിഗുണകാരങ്ങൾ

മേടം                       - 7

ഇടവം                   - 10

മിഥുനം                  - 8

കർക്കടകം           - 4

ചിങ്ങം                   - 10

കന്നി                       - 5

തുലാം                     - 7

വൃശ്ചികം            - 8

ധനു                         - 9

മകരം                     - 5

കുംഭം                     - 11

മീനം                        - 12

സൂര്യാദിഗ്രഹഗുണകാരങ്ങൾ

സൂര്യൻ                   - 5

ചന്ദ്രൻ                       - 5

കുജൻ                       - 8

ബുധൻ                      - 5

വ്യാഴം                      - 10

ശുക്രൻ                      - 7

ശനി                            - 5

ഇനി മേൽകാണിച്ച ഗുണകാരങ്ങളെക്കൊണ്ടു ഗുണപിണ്ഡം ഉണ്ടാക്കുവാൻ പറയുന്നു. ഗുണപിണ്ഡായനം തന്നെ ' പൃഥ് ഗുണന ' മെന്നും ' ഭൂയോ ഗുണന ' മെന്നും രണ്ടു വിധത്തിലുണ്ട്. അതിൽ ' പൃഥ് ഗുണന ' മാണ് ആദ്യം പറയുന്നത്.

പ്രശ്നസമയത്തെ ഉദയലഗ്നസ്ഫുടം വെച്ചു അതിനെ ആ ലഗ്നരാശിയുടെ ഗുണകാരംകൊണ്ടു പെരുക്കി അറുപതിലും മുപ്പതിലും കയറ്റി ഒരേടത്തു വെയ്ക്കുക. ഈ ലഗ്നത്തിൽ ഗ്രഹങ്ങളുണ്ടെങ്കിൽ ലഗ്നസ്ഫുടത്തെ * ആ - ലഗ്നത്തിലുള്ള ഗ്രഹങ്ങളുടെ - സംഖ്യയോളം വേറെവേറെ വെച്ച് അവ ഓരോന്നിനേയും ഓരോ ഗ്രഹങ്ങളുടെ ഗുണകാരംകൊണ്ടു പെരുക്കി കയറ്റി, അവ ഒക്കെയും മുൻ രാശിഗുണകാരംകൊണ്ടു പെരുക്കി കയറ്റി വെച്ചിരിയ്ക്കുന്ന ലഗ്നസ്ഫുടത്തിൽ കൂട്ടുകയും ചെയ്ക. ലഗ്നത്തിൽ ഗ്രഹമൊന്നും ഇല്ലെങ്കിൽ ഈ ക്രിയവേണ്ടെന്നും അറിയണം. ഇങ്ങനെ ഉണ്ടാക്കിയ സ്ഫുടത്തിന്ന് 'ഗുണപിണ്ഡം' എന്നു പേരാകുന്നു.

ഇനി ' ഭൂയോഗുണന ' പ്രകാരം ഗുണപിണ്ഡം ഉണ്ടാക്കേണ്ടും പ്രകാരത്തേയും പറയാം. പൃച്ഛാസമയത്തെ ലഗ്നസ്ഫുടം വെച്ചു ആ ലഗ്നരാശിയുടെ രാശി ഗുണകാരംകൊണ്ടു മുൻ വിചാരിച്ചപോലെത്തന്നെ പെരുക്കിക്കയറ്റി വെയ്ക്കുക. ലഗ്നത്തിൽ ഒരു ഗ്രഹമുണ്ടെങ്കിൽ ആ ഗ്രഹത്തിന്റെ ഗുണകാരം കൊണ്ടു വീണ്ടും മുൻ രാശിഗുണകാരം കൊണ്ടു പെരുക്കിക്കയറ്റി വെച്ചിരിയ്ക്കുന്ന ലഗ്നസ്ഫുടത്തെത്തന്നെ പെരുക്കുക. ലഗ്നത്തിൽ വേറെ ഒരു ഗ്രഹവും കൂടിയുണ്ടെങ്കിൽ അതിന്റെ ഗുണകാരംകൊണ്ടും മുൻരാശിഗുണകാരംകൊണ്ടും ഒരു ഗ്രഹഗുണകാരംകൊണ്ടും പെരുക്കിവെച്ചതിനെത്തന്നെ പെരുക്കുക. മൂന്നാമതു ഒരു ഗ്രഹവും കൂടി ലഗ്നത്തിലുണ്ടെങ്കിൽ ആ ഗ്രഹഗുണകാരംകൊണ്ടും മുൻരാശിഗുണകാരംകൊണ്ടും രണ്ടു ഗ്രഹഗുണകാരംകൊണ്ടും പെരുക്കിവെച്ച ലഗ്നസ്ഫുടത്തെത്തന്നെ പെരുക്കുക. ഇങ്ങനെ ലഗ്നത്തിലുള്ള എല്ലാ ഗ്രഹങ്ങളുടെ ഗുണകാരംകൊണ്ടും പിന്നേയും പിന്നേയും പെരുക്കണം. ഇലി തിയ്യതികളെ അറുപതിലും മുപ്പതിലും കയറ്റുകയും വേണം. ഇതിനു 'ഗുണപിണ്ഡം' എന്നു പേരാണ്.

മേൽകാണിച്ച ഗുണപിണ്ഡാനയനങ്ങളിൽ ഇന്നതു ഗ്രാഹ്യമെന്നുള്ളത് അവരവരുടെ ഗുരുപദേശമനുസരിച്ച് ചെയ്യേണ്ടതാകുന്നു.

-----------------------------------------------------

* ഗുണകാരംകൊണ്ടു ലഗ്നസ്ഫുടത്തെ പെരുക്കിക്കയറ്റി കൂട്ടുകയല്ല വേണ്ടത്, ലഗ്നസ്ഥിതന്മാരായ ഗ്രഹങ്ങളുടെ സ്ഫുടത്തെ പ്രശ്ന സമയത്തേയ്ക്ക് താല്ക്കാലിച്ചുണ്ടാക്കി അവരവരുടെ ഗുണകാരംകൊണ്ടു അവരവരുടെ സ്ഫുടത്തെ പെരുക്കിക്കയറ്റി കൂട്ടുകയാണ് വേണ്ടതെന്നും ഇവിടെ ഒരു അഭിപ്രായമുണ്ട്. പക്ഷേ, അധികം വ്യാഖ്യാതാക്കന്മാരും ഈ അഭിപ്രായത്തെ സ്വീകരിച്ചു കാണ്മാനുമില്ല.

പ്രഷ്ടാവ് ജനിച്ച ലഗ്നമെന്നും പറയാം

ജന്മാദിശേല്ലഗ്നഗേ വീര്യഗേ വാ
ഛായാംഗുലഘ്നേƒർക്കശുദ്ധേƒവശിഷ്ടം
ആസീനസുപ്തോത്ഥിതോത്തിഷ്ഠതാം ഭം
ജായാസുഖാജ്ഞോദയസ്ഥം പ്രദിഷ്ടം.

സാരം :-

പ്രശ്നസമയത്ത് പ്രശ്നലഗ്നത്തിൽ ഒരു ഗ്രഹം നില്ക്കുന്നുണ്ടെങ്കിൽ അതിന്റെ ഒന്നിൽ അധികം പേർ ലഗ്നത്തിലുണ്ടെങ്കിൽ അവരിൽ അധികബലവാന്റെ, സ്ഫുടത്തെ പ്രശ്നസമയത്തേയ്ക്കു താല്കാലിച്ചുണ്ടാക്കി അതിനെ, പ്രശ്നകാലത്തെ ദ്വാദശാംഗുലശങ്കുഛായാം - ഗുലംകൊണ്ടു പെരുക്കി ഇലിയെ അറുപതിലും തിയ്യതിയെ മുപ്പതിലും കയറ്റി രാശിയെ പന്ത്രണ്ടിൽ ഹരിച്ചുകളയുക. ശിഷ്ടം കാണുന്ന രാശി ഉദിയ്ക്കുമ്പോഴാണ്‌ (ഈ കിട്ടിയതു പ്രഷ്ടാവിന്റെ ജനനസമയത്തെ ലഗ്നസ്ഫുടമാണെന്നു സാരം) പ്രഷ്ടാവിന്റെ ജനനമെന്നു പറയാവുന്നതാണ്.

പ്രഷ്ടാവ് ഇരുന്നിട്ടാണ് ചോദിച്ചതെങ്കിൽ പ്രശ്നലഗ്നത്തിന്റെ ഏഴാംരാശിയും, കിടന്നിട്ടാണ് ചോദിച്ചതെങ്കിൽ പ്രശ്നലഗ്നത്തിന്റെ നാലാംരാശിയും, നിന്നിട്ടാണ്‌ ചോദിച്ചതെങ്കിൽ പ്രശ്നലഗ്നത്തിന്റെ പത്താംരാശിയും, നടന്നിട്ടാണ് ചോദിച്ചതെങ്കിൽ പ്രശ്നലഗ്നരാശിയുമാണ്‌ പ്രഷ്ടാവ് ജനിച്ച ലഗ്നമെന്നും പറയാം.

ജന്മലഗ്നത്തെയാണ് പറയുന്നത്

ഹോരാനവാംശപ്രതിമം വിലഗ്നം
ലഗ്നാദ്രവിര്യാവതി വാ ദൃഗാണേ
തസ്മാദ്വദേത്താവതിഥം വിലഗ്നം
പ്രഷ്ടുഃ പ്രസൂതാവിതി ശാസ്ത്രമാഹ.

സാരം :-

പ്രശ്നകാലോദയലഗ്നത്തിന്റെ നവാംശകം ഏതൊരു രാശിയിലാണോ ആ രാശി ഉദിയ്ക്കുന്ന സമയത്താണ് പ്രഷ്ടാവിന്റെ ജനനമെന്നു പറയണം.

പ്രശ്നകാലോദയലഗ്നദ്രേക്കാണം മുതൽക്കെണ്ണിയാൽ പ്രശ്ന സമയത്തെ സൂര്യൻ എത്രാംദ്രേക്കാണത്തിലാണോ നില്ക്കുന്നത്, പ്രശ്നകാലോദയലഗ്നം മുതൽക്ക്‌ അത്രാംരാശി ഉദിയ്ക്കുമ്പോണ് പ്രഷ്ടാവിന്റെ ജനനമെന്നും പറയാം. പ്രശ്നലഗ്നം മകരമദ്ധ്യദ്രേക്കാണത്തിലും പ്രശ്നസമയത്തെ സൂര്യസ്ഥിതി വൃശ്ചികമദ്ധ്യദ്രേക്കാണത്തിലും ആണെന്ന് വിചാരിയ്ക്കുക. എന്നാൽ ആ ദ്രേക്കാണസംഖ്യയായ 31 ൽ നിന്നു ഇരുപത്തിനാലു കളഞ്ഞു ബാക്കി ഏഴിനെ പ്രശ്നലഗ്നമായ മകരം മുതൽക്ക്‌ എണ്ണിയാൽ വരുന്നത് കർക്കടകം. മേൽകാണിച്ച ഉദാഹരണമാണ് പ്രശ്നം എങ്കിൽ പ്രഷ്ടാവിന്റെ ജനനലഗ്നം കർക്കടകം രാശിയാണെന്നാണ് പറയേണ്ടതെന്നു സാരം. മേല്ക്കാണിച്ചരണ്ടു പ്രകാരത്തിലും ലഗ്നത്തെ പറയാമെന്നാണ് പൂർവ്വശാസ്ത്ര അഭിപ്രായം. പ്രശ്നലഗ്നദ്രേക്കാണത്തിൽ നിന്നു പ്രശ്നസമയസൂര്യൻ എത്രാം ദ്രേക്കാണത്തിലാണോ നില്ക്കുന്നത്, ആ സൂര്യസ്ഥിതദ്രേക്കാണം മുതല്ക്കു അത്രാം ദ്രേക്കാണം ഉദിയ്ക്കുമ്പോഴാണ്‌ പ്രഷ്ടാവിന്റെ ജനനമെന്നും വിചാരിയ്ക്കാമെന്നും ഇതിന്നൊരർത്ഥമുണ്ട്.

  അടുത്ത അദ്ധ്യായത്തിൽ പറയുവാൻ പോകുന്ന 36 ദ്രേക്കാണസ്വരൂപങ്ങളിൽ ഏതൊന്നിന്റെ എങ്കിലും ആയുധാദികളെ പ്രശ്നസമയത്ത് യദൃച്ഛയാ കാണുകയോ അവയെ സ്മരിയ്ക്കുന്ന ശബ്ദശ്രവണാദികളുണ്ടാവുകയോ ചെയ്‌താൽ ആ ദ്രേക്കാണത്തിൽ സൂര്യൻ നിൽക്കുമ്പോഴാണ് പ്രഷ്ടാവിന്റെ ജനനമെന്നു വിചാരിയ്ക്കാമെന്നു ഈ ശ്ലോകത്തിൽ സൂര്യന്റെ ദ്രേക്കാണസ്ഥിതികഥനം മൂലം ആചാര്യൻ സൂചിപ്പിച്ചിട്ടുണ്ടെന്നും അറിയണം. " യത്ര്യംശസംബന്ധിപരശ്വധാദിപദാർത്ഥവീക്ഷാശ്രവണാദികം സ്യാത് യദൃച്ഛയാ പ്രശ്നവിധൌ ദൃഗാണേ തസ്മിൻനിഷണ്ണം രവിമാഹുരാര്യാഃ എന്നുണ്ട്.  

രാശിയിൽ ചന്ദ്രൻ നിൽക്കുമ്പോഴാണ് ജനനം

യാവദ്ഗതശ്ശീതകരോ വിലഗ്നാൽ
ചന്ദ്രാദ്വദേത്താവതി ജന്മരാശിം
മീനോദയേ മീനയുഗം പ്രദിഷ്ടം
ഭക്ഷ്യാഹൃതാകാരരുതൈശ്ച ചിന്ത്യം.

സാരം :-

പ്രശ്നകാലോദയലഗ്നത്തിൽ നിന്നു എത്രാമത്തെ രാശിയിലാണോ പ്രശ്നകാലചന്ദ്രൻ നില്ക്കുന്നത്, ആ ചന്ദ്രാധിഷ്ഠിതരാശിയിൽ നിന്നു അത്രാംരാശിയിൽ ചന്ദ്രൻ നില്ക്കുമ്പോഴാണ്‌ പ്രഷ്ടാവിന്റെ ജനനമെന്നും പറയാം. ഇതുതന്നെ മറ്റൊരുവിധത്തിൽ പറയുകയാണെങ്കിൽ, പ്രശ്നകാലത്തേയ്ക്കു ലഗ്നചന്ദ്രന്മാരുടെസ്ഫുടമുണ്ടാക്കി ചന്ദ്രസ്ഫുടത്തെ രണ്ടേടത്തു വെച്ചു ഒന്നിൽനിന്നു ലഗ്നസ്ഫുടത്തെ വാങ്ങുക, ശേഷത്തെ മറ്റേ ചന്ദ്രസ്ഫുടത്തിൽ കൂട്ടിയാൽ വരുന്ന രാശിയിൽ ചന്ദ്രൻ നില്ക്കുമ്പോഴാണ് ജനനമെന്നു സാരം.

പ്രശ്നകാലലഗ്നം മീനം രാശിയാണെങ്കിൽ പ്രഷ്ടാവിന്റെ ജനനം മീനക്കൂറിലാണെന്നും പറയണം.

മേഷാദി രാശികളുടെ ഭക്ഷണസാധനങ്ങളെ കാണുക, മേഷാദി രാശിസ്വരൂപദ്യോതകങ്ങളായ ആട് കാള ദമ്പതിമാർ ഇത്യാദികളേയോ അവയുടെ ചിത്രങ്ങളേയോ ആനക്കൊമ്പ് മരം മുതലായവകൊണ്ടുണ്ടാക്കിയ അവയുടെ പ്രതിമകളെയോ കാണുക, കൊണ്ടുവരിക, അവയെ സ്മരിപ്പിയ്ക്കുന്ന മറ്റു വല്ല സംഭവങ്ങളുണ്ടാവുക അവയുടെ ശബ്ദം കേൾക്കുക അവയുടെ ശബ്ദത്തോടു സാമ്യമുള്ള മറ്റുവല്ല ശബ്ദവും കേൾക്കുക, ആട്ടിൻ തോല് ഗദ വീണ ഇത്യാദികളായി രാശിദ്യോതകമായ വല്ല സാധനങ്ങളും വല്ലവരും കൊണ്ടുവരിക, ഇത്യാദികളിൽ, എന്തെങ്കിലും പ്രശ്നസമയത്തു യാദൃച്ഛികമായുണ്ടായാൽ ആ നിമിത്തം ഏതൊരു രാശിയെ സൂചിപ്പിക്കുന്നതാണോ ആ രാശിയിൽ ചന്ദ്രൻ നില്ക്കുമ്പോഴാണ് പ്രഷ്ടാവിന്റെ ജനനമെന്നും ചിന്തിക്കാം.

മേൽപറഞ്ഞതിനെ ഒന്നുകൂടി വിവരിയ്ക്കാം.

എരുക്കില കള്ളിയില തുടങ്ങിയ ആടിന്റെ ഭക്ഷണസാധനങ്ങൾ ആട്, ആട്ടിൻ ശബ്ദം, ആടിനെ സൂചിപ്പിക്കുന്ന മറ്റു അജാദിപദങ്ങൾ, ആനക്കൊമ്പ്, മരം, ലോഹം ഇവകൊണ്ടും മറ്റുമുണ്ടാക്കിയതോ ചിത്രമെഴുതിയതോ  ആയ ആടിൻ പ്രതിമ, ആട്ടിൻരോമം കൊണ്ടുണ്ടാക്കിയ കരിമ്പടം മുതലായവ, ഇതൊക്കെ മേടക്കൂറിനെ സൂചിപ്പിക്കുന്നതുകളാകുന്നു.

കാള, പശു ഇവയുടെ തോലുകൾ, ശബ്ദങ്ങൾ, അവയുടെ സ്വരൂപങ്ങൾ, പാല് തൈര് നെയ്യ് മുതലായ ഗവ്യപദാർത്ഥങ്ങൾ, കരി നുകം തുടങ്ങിയവ, പശുവിന്റേയും കാളയുടേയും ഭക്ഷണസാധനങ്ങളായ പുല്ല് വൈക്കോൽ മുതലായവ, പശു കാള ഇവയെ പറയുന്ന മറ്റു ശബ്ദങ്ങൾ - ഇതൊക്കെ ഇടവക്കൂറിനെ സൂചിപ്പിക്കുന്നു.

വീണ, ഗദ, ദമ്പതിമാർ, കിടയ്ക്ക, കട്ടിൽ മുതലായ കിടപ്പുസാമാങ്ങൾ, വെറ്റില അടയ്ക്ക മുതലായ മുറുക്കു സാമാനങ്ങൾ - ഇവയൊക്കെ മിഥുനക്കൂറിനെ സൂചിപ്പിക്കുന്നു.

മണ്ണ്‍, ഞണ്ട്, ഉണങ്ങി ജീർണ്ണിച്ച ഇല, വെള്ളം ഇവയും ഇവയുടെ സ്വരൂപാദികളും കർക്കടകക്കൂറിനെ സൂചിപ്പിക്കുന്നു.

സിംഹം, വ്യാഘ്രം, പന്നി, ആന, മേൽപറഞ്ഞവയുടെവർത്തമാനങ്ങൾ, പ്രതിമാദ്യാകൃതികൾ ഇവയൊക്കെ ചിങ്ങക്കൂറിനെ സൂചിപ്പിക്കുന്നു.

കന്യക, തോണി, മുതലായ ജലതരണസാധനങ്ങൾ, തീക്കൊള്ളി, നെല്ക്കതിർ, ഇത്യാദികളും ഇതുകളുടെ ഒക്കെ വർത്തമാനാദികളും കന്നിക്കൂറിനെ സൂചിപ്പിക്കുന്നു.

കച്ചവടത്തിനുള്ള പദാർത്ഥങ്ങൾ, കച്ചവടക്കാർ, പറ, ഇടങ്ങഴി, മുതലായ അവളവുസാധനങ്ങൾ, തുലാസ്സ് തുടങ്ങിയ തൂക്കുന്ന സാധനങ്ങൾ, കച്ചവടം ചെയ്യൽ, എണ്ണ തൂക്കം അളവ് മുതലായവ ഇത്യാദികളൊക്കെ തുലാക്കൂറിനെ സൂചിപ്പിക്കുന്നു.

പാമ്പ് തേൾ വണ്ട് മുതലായ വിഷജന്തുക്കൾ, വിഷം, വിഷവൈദ്യൻ ഇത്യാദികളും ഇവയുടെ കഥാസ്വരൂപാാദികളും വൃശ്ചികക്കൂറിനേയും സൂചിപ്പിക്കുന്നു.

വില്ല്, അമ്പ്, മറ്റു യുദ്ധാർത്ഥമുള്ള ആയുധങ്ങൾ, വില്ലാളി, കുതിര ഇത്യാദികൾ ധനുക്കൂറിനെ സൂചിപ്പിക്കുന്നു.

മാൻവർഗ്ഗത്തിൽപ്പെട്ട സകലവും, അവയെല്ലാറ്റിന്റേയും തോല് കൊമ്പ് മുതലായവ, മുതല, മാനുകളേയും മറ്റും നായാടുന്ന കാട്ടാളൻ മുതലായവർ ഇതൊക്കെ മകരക്കൂറിനെ സൂചിപ്പിക്കുന്നു.

കുടം, കുടമുണ്ടാക്കുന്നവൻ, വെള്ളപ്പാത്രങ്ങൾ, വെള്ളപ്പാത്രം എടുത്ത മനുഷ്യൻ ഇവയൊക്കെ കുംഭക്കൂറിനെ സൂചിപ്പിക്കുന്നു.

മത്സ്യം, മത്സ്യം പിടിക്കുന്നവർ, മത്സ്യം പിടിക്കുവാനുള്ള ചൂണ്ടൽ, ഒറ്റൽ വല മുതലായവ, വെള്ളം, ഇത്യാദികളും  ഇവയുടെ കഥാസ്വരൂപാദികളും, മറ്റും മീനക്കൂറിനേയുമാണ്‌ സൂചിപ്പിക്കുന്നത്.

മേൽപറഞ്ഞതൊക്കെ പ്രശ്നകാലത്തിങ്കൽ യാദൃച്ഛികങ്ങളായി മാത്രമേ ആവക നിമിത്തങ്ങളെക്കൊണ്ടു പറയേണ്ടതുള്ളുവെന്നും മറ്റും മുകളിൽ പറഞ്ഞിട്ടുമുണ്ടല്ലോ.

മാസത്തിന്റെ പക്ഷാന്തരം, ജനിച്ച കൂറ് എന്നിവയെ പറയുന്നു

കേചിച്ഛശാംകാദ്ധ്യുഷിതാന്നവാംശാൽ
ശുക്ലാന്തസംജ്ഞം കഥയന്തി മാസം
ലഗ്നത്രികോണോത്തമവീര്യയുക്തം
ഭം പ്രോച്യതേംഗാലഭനാദിഭിർവ്വാ.

സാരം :-

ചില ആചാര്യന്മാർ പ്രശ്നകാലചന്ദ്രന്റെ നവാംശകത്തെ അനുസരിച്ചു ജനനകാലത്തേയ്ക്കുള്ള ചാന്ദ്രമാസത്തെ പറയുന്നു. ഒന്നുകൂടി സ്പഷ്ടമാക്കാം. പ്രശ്നകാലത്തേയ്ക്കു തൽക്കാലിച്ചുണ്ടാക്കിയ ചന്ദ്രസ്ഫുടത്തെ ഒമ്പതിൽ പെരുക്കിയാൽ ചന്ദ്രന്റെ നവാംശകസ്ഫുടം കിട്ടും. " ചിത്രാദിതാരകാദ്വന്ദ്വം " എന്ന പ്രമാണവചനപ്രകാരം നോക്കുമ്പോൾ ആ നവാംശകസ്ഫുടത്തിൽ കാണുന്ന നക്ഷത്രം പൌർണ്ണമാസിയോടു കൂടിയാൽ ആ ചാന്ദ്രമാസത്തിന് എന്താണോ നാമം * ആ ചാന്ദ്രമാസത്തിലാണ് പ്രഷ്ടാവിന്റെ ജനനമെന്നു പറയാമെന്നാണ് ചില ആചാര്യന്മാരുടെ അഭിപ്രായമെന്നു സാരം.

പ്രശ്നലഗ്നം, അതിന്റെ അഞ്ച്, ഒമ്പത്, എന്നീ ഭാവങ്ങളിൽ ബലം അധികമുള്ള രാശിയിൽ ചന്ദ്രൻ നില്ക്കുമ്പോഴാണ് പ്രഷ്ടാവിന്റെ ജനനമെന്നും പറയണം. അഥവാ, പൃച്ഛാസമയത്തു പ്രഷ്ടാവ് തൊടുന്ന അവയവം ഒന്നാമദ്ധ്യായത്തിലെ നാലാം ശ്ലോകപ്രകാരം നോക്കുമ്പോൾ ഏതു രാശിയുടേതാണോ (മുഖമാണു സ്പർശിചതെങ്കിൽ ഇടവം രാശിയെന്നു സാരം) ആ രാശിയിൽ ചന്ദ്രൻ നിൽക്കുമ്പോഴാണ് ജനനമെന്നും പറയാം. മേൽപറഞ്ഞ സ്പൃഷ്ടാംഗരാശി ഇന്നതെന്നു സന്ദേഹം വരിക അല്ലെങ്കിൽ സ്പർശനം തന്നെ ഇല്ലാതിരിയ്ക്കുക. ഇങ്ങിനെ വന്നാൽ പ്രഷ്ടാവ് നിൽക്കുന്ന രാശി, പ്രഷ്ടാവ് ചോദിച്ചതിൽ ഒന്നാമത്തെ അക്ഷരത്തിന്റെ രാശി ഇവയിൽ ബലം അധികമുള്ളതാണ് കൂറെന്നു പറയാമെന്നും ഇവിടേയും ഈ " ആദി " ശബ്ദംകൊണ്ടു ആചാര്യൻ സൂചിപ്പിച്ചിട്ടുണ്ട്.

"അഥാധിഷ്ഠിതഃ ഭൂചക്രസ്ഥിതരാശിരസ്യവചനപ്രാഗർണ്ണ സംബന്ധി വാ " എന്നും വചനമുണ്ട്.

---------------------------------------------------------------------------------------

* പൌർണ്ണമാസിയോടു ചിത്രയോ ചോതിയോ കൂടുന്ന ചാന്ദ്രമാസത്തിനു ചൈത്രമെന്നും വിശാഖമോ അനിഴമോ കൂടുന്നതിനു വൈശാഖമെന്നും തൃക്കേട്ടയോ മൂലമോ കൂടുന്നതിനു ജ്യേഷ്ഠ എന്നും പൂരാടമോ ഉത്രാടമോ കൂടുന്നതിനു ആഷാഢമെന്നും തിരുവോണമോ അവിട്ടമോ കൂടുന്നതിനു ശ്രാവണമെന്നും ചതയമോ പൂരോരുട്ടാതിയോ ഉത്രട്ടാതിയോ കൂടുന്നതിനു പ്രോഷ്ഠപദമെന്നും രേവതിയോ അശ്വതിയോ ഭരണിയോ കൂടുന്നതിനു ആശ്വിനമെന്നും കാർത്തികയോ രോഹിണിയോ കൂടുന്നതിനു കാർത്തികമെന്നും മകീര്യമോ തിരുവാതിരയോ കൂടുന്നതിനു മാർഗ്ഗശീർഷമെന്നും പുണർതമോ പൂയമോ കൂടുന്നതിനു മാഘമെന്നും പൂരമോ ഉത്രമോ അത്തമോ പൌർണ്ണമാസിയോടു കൂടുന്ന ചാന്ദ്രമാസത്തിനു ഫാൽഗുനമെന്നും പേരാകുന്നു. " ചിത്രാദിതാരകാദ്വന്ദ്വം യദാ പൂർണ്ണേന്ദുസംയുതം, തദാ ചൈത്രാദയോ മാസാ, സ്ത്രീഭിഃ ഷഷ്ഠാന്ത്യസപ്തമാഃ എന്നു വചനവുമുണ്ട്. 

തിഥിനിർണ്ണയത്തിങ്കലുള്ള പക്ഷാന്തരം, ജനനം പകലോ രാത്രിയിലോ എന്നും, ജനനസമയത്തേയ്ക്കു ചെന്ന നാഴിക ഇതുകളേയാണ് ഇനി പറയുന്നത്

അത്രാപി ഹോരാപടവോ ദ്വിജേന്ദ്രാഃ
സൂര്യാംശതുല്യാം തിഥിമുദ്ദിശന്തി
രാത്രിദ്യുസംജ്ഞേഷു വിലോമജന്മ
ഭാഗൈശ്ച വേലാഃ ക്രമശോ വികല്പ്യാഃ

സാരം :-

പ്രശ്നസമയത്തേയ്ക്കുണ്ടാക്കിയ സൂര്യൻ വർത്തമാനരാശിയിൽ എത്രാമത്തെ തിയ്യതിയിലാണോ നില്ക്കുന്നത്, മുൻ തീർച്ചപ്പെടുത്തിയ ചാന്ദ്രമാസത്തിൽ ശുക്ലപ്രതിപദം മുതൽ  അത്രാമത്തെ തിഥിയിലാണ് പ്രഷ്ടാവിന്റെ ജനനമെന്നും പറയാവുന്നതാണെന്ന് ഹോരാശാസ്ത്രനിപുണന്മാരായ ഋഷീശ്വരന്മാർ പറയുന്നു. ഇവിടേയും തിഥി, മുൻപറഞ്ഞ സൂര്യൻ ഇതുകളെക്കൊണ്ടു പ്രഷ്ടാവിന്റെ ജന്മചന്ദ്രനെ ഒരു പ്രകാരത്തിൽ കൂടി പറയാമെന്നു വന്നിട്ടുണ്ട്.

പ്രശ്നകാലോദയലഗ്നം രാത്രിരാശിയായാൽ പ്രഷ്ടാവിന്റെ ജനനം പകലാണെന്നും, പകൽരാശിയായാൽ ജനനം രാത്രിയിലാണെന്നും പറയേണ്ടതാണ്. ലഗ്നം പകൽരാശിയായാലും രാത്രിരാശിയായാലും ശരി, ലഗ്നത്തിൽ എത്രാമത്തെ തിയ്യതിയും ഇലിയും ആണോ ഉദിയ്ക്കുന്നതു, രാത്രിയിലോ പകലോ അത്ര നാഴികയും വിനാഴികയും ചെല്ലുമ്പോഴാണ് പ്രഷ്ടാവിന്റെ ജനനമെന്നും ഇന്ന രാശിയിൽ ഇത്ര നാഴികയും വിനാഴികയും ചെല്ലുമ്പോഴാണ് പ്രഷ്ടാവിന്റെ ജനനമെന്നുകൂടി അർത്ഥസിദ്ധമായിട്ടുണ്ടെന്നും ധരിയ്ക്കേണ്ടതാണ്. 

ഋതുമാറ്റത്തിന്റെ സ്വഭാവത്തേയും മാസം തിഥി ഇതുകളെ പറയേണ്ടും പ്രകാരത്തേയുമാണ് ഇനി പറയുന്നത്

ചന്ദ്രജ്ഞജീവാഃ പരിവർത്തനീയാ-
ശ്ശുക്രാരമന്ദൈരയനേ വിലോമേ
ദ്രേക്കാണഭാഗേ പ്രഥമേ തു പൂർവ്വോ
മാസോƒനുപാതാച്ച തിഥിർവികല്പ്യഃ

സാരം :-

മുൻശ്ലോകത്തിൽ പറഞ്ഞപ്രകാരം അയനത്തോടു ഋതുവിനു ചേർച്ചയില്ലാതെ വന്നാൽ, വർഷവസന്തങ്ങളും ശരത്ഗ്രീഷ്മങ്ങളും ഹേമന്തശിശിരങ്ങളും അന്യോന്യം മാറ്റി കല്പിയ്ക്കേണ്ടതാണ് കുറച്ചുകൂടി സ്പഷ്ടമാക്കാം. ഉത്തരായനത്തിൽ ഋതുവർഷമാണെന്നു കണ്ടാൽ അതിനുപകരം വസന്തത്തേയും, ശരത്തെന്നു കണ്ടാൽ ഗ്രീഷ്മത്തേയും, ഹേമന്തമെന്നു കണ്ടാൽ ശിശിരത്തേയും, നേരെ മറിച്ച് ദക്ഷിണായനത്തിൽ വസന്തമെന്നു കണ്ടാൽ പകരം വർഷത്തേയും, ഗ്രീഷ്മമെന്നു കണ്ടാൽ ശരത്തിനേയും, ശിശിരമെന്നു കണ്ടാൽ ഹേമന്തത്തേയും കല്പിയ്ക്കണമെന്നു സാരം.

ഒരു ദ്രേക്കാണത്തിനു പത്തു തിയ്യതിയും ഒരു ഋതുവിനു രണ്ടുമാസവുമാണല്ലോ. പ്രശ്നലഗ്നം, വർത്തമാനദ്രേക്കാണത്തിൽ ആദ്യത്തെ അഞ്ചു തിയ്യതിയ്ക്കുള്ളിലാണെങ്കിൽ മുൻ തീർച്ചപ്പെടുത്തിയ ഋതുവിലെ ആദ്യമാസത്തിലും ലഗ്നം വർത്തമാനദ്രേക്കാണത്തിലെ രണ്ടാമത്തെ അഞ്ചു തിയ്യതികളിലാണെങ്കിൽ ഋതുവിലെ രണ്ടാംമാസത്തിലുമാണ് ജനനമെന്നു പറയുക. ഇങ്ങിനെ മാസം നിശ്ചയിച്ചാൽ അനന്തരം വർത്തമാനദ്രേക്കാണത്തിൽ ചെന്ന തിയ്യതി ഇലി ഇവകൊണ്ടു ത്രൈരാശികം ചെയ്തു ജന്മസമയത്തെ തിഥിയേയും തീർച്ചയാക്കുകയും വേണം. എങ്ങനെയെന്നാൽ, ലഗ്നസ്ഫുടംവെച്ചു രാശി കളഞ്ഞു തിയ്യതിയെ അഞ്ചിൽ ഹരിച്ചുകളയുക. ബാക്കി തിയ്യതിയെ 60 ൽ പെരുക്കി ഇലിയും അതിൽകൂട്ടി അതിനെ 10 ൽ ഹരിയ്ക്കുക. കിട്ടിയ ഫലം ജന്മസമയത്തെ വർത്തമാനചന്ദ്രമാസത്തിൽ വെളുത്ത പ്രതിപദം മുതൽ തികഞ്ഞ തിഥി സംഖ്യയാകുന്നു. ബാക്കിയെ ആറിൽ പെരുക്കിയാൽ വർത്തമാനതിഥിയിൽ ചെന്ന നാഴികയും കിട്ടും. ഈ തിഥിയും, മുൻപറഞ്ഞപ്രകാരം സൂര്യസ്ഥിതിയും വരുന്നതു ഏതു രാശിയിൽ ചന്ദ്രൻ നിന്നാലാണോ അതാണ്‌ പ്രഷ്ടാവ് ജനിച്ച കൂറെന്നും ഇവിടെ അർത്ഥസിദ്ധമായിട്ടുണ്ടെന്നറിക.  

ജനനസമയത്തെ വ്യാഴസ്ഥിതിയേയും ഋതുവിനേയുമാണ് പറയുന്നത്

ലഗ്നത്രികോണേഷു ഗുരുസ്ത്രിഭാഗൈർ-
വ്വികല്പ്യ വർഷാണി വയോനുമാനാൽ
ഗ്രീഷ്മോർക്കലഗ്നേ കഥിതാസ്തു ശേഷൈ-
രന്യായനർത്താവൃതുരർക്ക ചാരാൽ.

സാരം :-

പൃച്ഛാകാലോദയലഗ്നം പ്രഥമദ്രേക്കാണത്തിലാണെങ്കിൽ ജനന സമയത്തെ വ്യാഴസ്ഥിതി ആ - പൃച്ഛാകാല - ലഗ്നരാശിയിലും, ലഗ്നം ദ്വിതീയദ്രേക്കാണത്തിലാണെങ്കിൽ വ്യാഴസ്ഥിതി ലഗ്നാൽ അഞ്ചാം ഭാവത്തിലും, ലഗ്നം അന്ത്യദ്രേക്കാണത്തിലാണെങ്കിൽ വ്യാഴസ്ഥിതി ലഗ്നാൽ ഒമ്പതാംഭാവത്തിലും ആയിരുന്നുവെന്നു പറയണം.

വ്യാഴത്തിന്റെ ഒരു പരിവർത്തനകാലത്തിനു - എന്നുവെച്ചാൽ 12 രാശികളിൽ സഞ്ചരിയ്ക്കുവാൻ എന്നു സാരം - പ്രായേണ പന്ത്രണ്ടു സംവത്സരമാണല്ലോ വരിക. ജനനാദി പൃച്ഛവരെയുള്ള കാലഘട്ടത്തിനുള്ളിൽ വ്യാഴത്തിന്റെ എത്ര പരിവർത്തനം കഴിഞ്ഞുവെന്നതിനെ, എന്നുവെച്ചാൽ പൃച്ഛാസമയത്തു പൃഷ്ടാവിനു എത്ര വയസ്സുപ്രായമായി എന്നതിനെ പ്രഷ്ടാവിന്റെ ദേഹസ്ഥിതി കണ്ടു മനസ്സിലാക്കുകയും വേണം. ഇനി ഈ വയോനിർണ്ണയത്തിങ്കൽ ഒരു പക്ഷാന്തരം കൂടി പറയാം. പൃച്ഛലഗ്നസ്ഥിതനായ ഗ്രഹത്തിന്റെ നിസർഗ്ഗകാലം കൊണ്ടും വ്യാഴത്തിന്റെ പരിവർത്തനത്തെ ചിന്തിയ്ക്കാം. ആ ലഗ്നത്തിൽ ഒന്നിലധികം ഗ്രഹങ്ങളുണ്ടെങ്കിൽ അവരിൽ അധികബലവാനെക്കൊണ്ടും ലഗ്നത്തിൽ ഒരു ഗ്രഹവുമില്ലെങ്കിൽ ലഗ്നാധിപതിയെക്കൊണ്ടുമാണ് ഇത് നിശ്ചയിക്കേണ്ടത് എങ്ങനെയെന്നാൽ, ആ ഗ്രഹം ചന്ദ്രനാണെങ്കിൽ പൃച്ഛാസമയത്ത് വ്യാഴത്തിന്റെ  ഒന്നാം പരിവർത്തന - പൃച്ഛകനു 12 വയസ്സിനുള്ളിലും - വും കുജനായാൽ രണ്ടാം പരിവർത്തന - 12 ഉം 24 ഉം വയസ്സുകൾക്കിടയിൽ - വും ബുധനായാൽ മൂന്നാം പരിവർത്തന - 24 ഉം 36 ഉം വയസ്സിനിടയിൽ - വും ശുക്രനായാൽ നാലാംപരിവർത്തനവും വ്യാഴമായാൽ അഞ്ചാം പരിവർത്തനവും സൂര്യനായാൽ ആറാം പരിവർത്തനവും ശനിയായാൽ ഏഴാം പരിവർത്തനവുമാണെന്നും വിചാരിയ്ക്കാം. " പൂർവ്വാദ്യം പരിവർത്തനം ഖലു നിസർഗ്ഗായുഃ ക്രമേണാസ്യ ച ചന്ദ്രാദ്യുൽഗമതോ ബഹുഷ്വിഹ ബലാന്നോ ചേത് സ ലഗ്നാധിപാത് " എന്നു പ്രമാണവുമുണ്ട്.

ജനനസമയത്തെ വ്യാഴസ്ഥിതിയെക്കുറിച്ചും ചില പക്ഷാന്തരങ്ങളുണ്ട്‌. അവയും വിവരിയ്ക്കാം. പൃച്ഛാലഗ്നത്തിനു ഒന്നാം ദ്രേക്കാണമാണെങ്കിൽ പ്രശ്നകാലോദയലഗ്നത്തിൽ നിന്നും രണ്ടാം ദ്രേക്കാണമാണെങ്കിൽ പ്രശ്നലഗ്നത്തിന്റെ അഞ്ചാം രാശിയിൽനിന്നും മൂന്നാം ദ്രേക്കാണമെങ്കിൽ പൃച്ഛാലഗ്നത്തിന്റെ ഒമ്പതാം രാശിയിൽ നിന്നും എത്രാംരാശിയിലാണോ പൃച്ഛാകാലത്തിങ്കൽ വ്യാഴത്തിന്റെ സ്ഥിതി ആ പൃച്ഛാകാലത്തിലെ വ്യാഴസ്ഥിതരാശിയിൽ നിന്ന് അത്രാംരാശിയിൽ വ്യാഴം നില്ക്കുമ്പോഴാണ് പ്രഷ്ടാവിന്റെ ജനനമെന്നും വിചാരിയ്ക്കാം. "തല്ക്കാലീനഗുരുർവ്വിലഗ്നസുതധർമ്മോഭ്യോ ദൃഗാണക്രമാത് - തേഭ്യോ യാവതി ഭേതതശ്ചഭവനേ സ്യാദ്വാ ഗുരുസ്താവതി" എന്നു വചനവും കണ്ടിട്ടുണ്ട്. ഇതാണ് ഒരു അഭിപ്രായം. പ്രശ്നകാലോദയലഗ്നത്തിന്റെ ദ്വാദശാംശകരാശിയിൽ വ്യാഴം നിൽക്കുമ്പോഴാണ് പ്രഷ്ടാവിന്റെ ജനനമെന്നും ചിന്തിയ്ക്കാവുന്നതാണ്. "ലഗ്നദ്വാദശഭാഗരാശ്യുപഗതോ വാ പ്രഷ്ട്രജന്യാം ഗുരു" എന്നും വചനവുമുണ്ട്. ഇതാണ് മറ്റൊരു അഭിപ്രായം. ഒരു ദ്രേക്കാണത്തിനു പത്തു തിയ്യതികളും അതിനു 600 ഇലികളും അതിനെ 12 ഭാഗമാക്കിയാൽ ഒരു ഭാഗത്തിനു 50 ഇലികളും ആണല്ലോ വരിക. അപ്പോൾ ഒരു ദ്രേക്കാണദ്വാദശാംശകത്തിനു 50 ഇലിയാണെന്നും വന്നു. പ്രശ്നകാലോദയലഗ്നത്തിന്റെ ദ്രേക്കാണത്തിൽ എത്രാമത്തെ ദ്രേക്കാണദ്വാദശാംശകമാണോ ഉദിച്ചിട്ടുള്ളത്‌ പ്രശ്നലഗ്നത്തിൽ നിന്നു അത്രാം രാശിയിൽ വ്യാഴം നിൽക്കുമ്പോഴാണ് ജനനമെന്നും വിചാരിയ്ക്കാം. അഥവാ, പ്രശ്നലഗ്നം ഒന്നാംദ്രേക്കാണത്തിലാണെങ്കിൽ പ്രശ്നലഗ്നത്തിന്റെ നവാംശകരാശിയിലും, രണ്ടാം ദ്രേക്കാണത്തിലാണെങ്കിൽ പ്രശ്നലഗ്നനവാംശകരാശിയുടെ അഞ്ചാംരാശിയിലും, മൂന്നാംദ്രേക്കാണത്തിലാണെങ്കിൽ മേൽപറഞ്ഞ നവാംശകരാശിയുടെ ഒമ്പതാംരാശിയിലും വ്യാഴം നിൽക്കുമ്പോഴാണ് ജനനമെന്നും വിചാരിയ്ക്കാം. "ദ്രേക്കാണദ്വാദശാംശാ " നമ " നമിതകലാസ്തേഷു യാവാൻ വിലഗ്നേപ്രാദ്യത്യുദ്യർദൃഗാണേ കഥയതു ഭവനേ താവതീഡ്യം വിലഗ്നാത് പ്രാഗ് ലഗ്നാംശത്രികോണഷ്വപി ഗുരുരുദിതസ്തത് ക്രമസ്തദ്ദൃഗാണൈഃ" എന്നും വചനം കണ്ടിട്ടുണ്ട്. ഇതാണ് വേറെ ഒരു പക്ഷം.

ഇനി ഋതുവിനേയും ഋത്വയനങ്ങൾക്ക് വൈരുദ്ധ്യം വന്നാലത്തെ അയനസ്ഥിതിയേയുമാണ് പറയുന്നത്.

പൃച്ഛാലഗ്നത്തിൽ ഒരു ഗ്രഹം നില്ക്കുന്ന പക്ഷം (ഒന്നിലധികം ഗ്രഹം ലഗ്നത്തിലുണ്ടെങ്കിൽ ബലാധികനെക്കൊണ്ടെന്നും അറിക) അതിന്റേയും, അതില്ലെങ്കിൽ ലഗ്നദ്രേക്കാണാധിപന്റേയും ഋതുവിലാണ് ജനനമെന്നു പറയുക. സൂര്യന്റെ ഋതു ഗ്രീഷ്മമാണ്. മറ്റു ഗ്രഹങ്ങളുടെ ഋതുക്കളെ മുമ്പ് രണ്ടാം അദ്ധ്യായത്തിലെ പന്ത്രണ്ടാംശ്ലോകംകൊണ്ട് പറഞ്ഞിട്ടുണ്ട്. ഇതിനെ കുറച്ചുകൂടി വ്യക്തമാക്കാം. ആ പ്രശ്നലഗ്നസ്ഥനോ ലഗ്നദ്രേക്കാണാധിപനോ ആയ ഗ്രഹം ശനിയായാൽ ശിശിര ഋതുവിലും ശുക്രനായാൽ വസന്തത്തിലും സൂര്യനോ കുജനോ ആയാൽ ഗ്രീഷ്മത്തിലും ചന്ദ്രനായാൽ വർഷത്തിലും ബുധനായാൽ ശരത്തിലും വ്യാഴമായാൽ ഹേമന്തത്തിലുമാണ് പ്രഷ്ടാവിന്റെ ജനനമെന്ന് പറയേണ്ടതാണ്.

മേൽപറഞ്ഞ 6 ഋതുക്കളിൽ ശിശിരം വസന്തം ഗ്രീഷ്മം ഇതുകൾ ഉത്തരായണത്തിലും, ശേഷം ഋതുക്കൾ ദക്ഷിണായനത്തിലുമാണല്ലോ വരിക. മുൻപറഞ്ഞ ലക്ഷണങ്ങൾ പ്രകാരംനോക്കുമ്പോൾ ഋത്വയനങ്ങൾക്കു പരസ്പരവിരോധം നേരിടുന്നപക്ഷം, എന്നുവെച്ചാൽ അയനം ഉത്തരമെന്നും ഋതുവർഷാദി മൂന്നിൽ ഏതെങ്കിലും ഒന്നെന്നും, അഥവാ അയനം ദക്ഷിണമെന്നും ഋതു ശിശിരാദി മൂന്നിൽ ഒന്നെന്നും ലക്ഷണപ്രകാരം കണ്ടാൽ, അയനത്തെ അടുത്തശ്ലോകത്തിൽ പറയുംപ്രകാരം മാറ്റി കല്പിയ്ക്കേണ്ടതുമാകുന്നു. 

നഷ്ടജാതകജ്ഞാനം ഇന്നതുകൊണ്ടാണെന്നും സൂര്യന്റെ അയനസ്ഥിതിയുമാണ്‌ ഈ ശ്ലോകംകൊണ്ട് പറയുന്നത്

ആധാനജന്മാപരിബോധകാലേ
സംപൃച്ഛതോ ജന്മ വദേദ്വിലഗ്നാൽ
പൂർവ്വാപരാർദ്ധേ ഭവനസ്യ വിദ്യാ-
ത്ഭാനാവുദഗ്ദക്ഷിണഗേ പ്രസൂതിം.

സാരം :-

ഒരുവന്റെ ആധാനലഗ്നമോ അല്ലെങ്കിൽ ജന്മലഗ്നമോ അറിയുകയില്ലെങ്കിൽ, അയാൾ നക്ഷത്രതിഥിവാരാദികളെക്കൊണ്ടു നോക്കുമ്പോൾ നല്ലൊരു ദിവസം നല്ലൊരു സമയത്തു ദൈവജ്ഞസമീപത്തു ചെല്ലുക. അനന്തരം വെറ്റില അടയ്ക്ക പൂക്കൾ തുടങ്ങിയുള്ള പ്രാഭൃത - കാഴ്ച - ദ്രവ്യങ്ങളാൽ ദൈവജ്ഞനെ സന്തോഷിപ്പിച്ചു തദനന്തരം " തന്റെ ജാതകം - ലഗ്നം, നക്ഷത്രം, മാസം, വയസ്സ് എന്നീ സാധനചതുഷ്ടയം - അറിഞ്ഞാൽ കൊള്ളാമെന്നുണ്ടെന്നു ഭക്തിശ്രദ്ധപുരസ്സരം ദൈവജ്ഞനോടു പൃച്ഛിയ്ക്കുകയും ചെയ്ക. എന്നാൽ ദൈവജ്ഞൻ മേൽപറഞ്ഞപ്രകാരം പൃച്ഛിച്ചവന്റെ ജാതകത്തെ ആ പൃച്ഛാസമയത്തെ ഉദയലഗ്നംകൊണ്ടു പറയുകയും വേണം.

ലഗ്നരാശി ഏതായാലും വേണ്ടതില്ല, ആ പൃച്ഛകാലോദയലഗ്നം രാശിയുടെ പൂർവ്വാർദ്ധത്തിൽ - പതിനഞ്ചു തിയ്യതി തികയുന്നതുവരെ - ആണെങ്കിൽ മകരാദി മിഥുനം കൂടിയ ആറിൽ ഏതെങ്കിലുമൊരു മാസത്തിലും ലഗ്നം രാശ്യപരാർദ്ധത്തിലാണെങ്കിൽ കർക്കടകം മുതൽ ധനു കൂടിയ ആറിൽ ഏതെങ്കിലുമൊരു മാസത്തിലുമായിരിക്കും ജനനമെന്നും അറിയണം. ഈ അയനജ്ഞാനത്തിങ്കൽ മറ്റു ചില അഭിപ്രായങ്ങൾ കൂടിയുണ്ടെന്നു ആചാര്യൻ സൂചിപ്പിച്ചിട്ടുണ്ടെന്നും ചിലർ പറയുന്നുണ്ട്. ലഗ്നം ഏതു രാശ്യർദ്ധത്തിലായാലും ശരി, അതു - ലഗ്നം - സൂര്യഹോരയിലാണെങ്കിൽ ഉത്തരായണത്തിലായാലും ചന്ദ്രഹോരയിലായാൽ ദക്ഷിണായനത്തിലുമാണ് ജനനം ഇതാണ് ഒരു അഭിപ്രായം. പൃച്ഛാസമയത്തു പൃച്ഛകന്റെ തടസ്ഥ - സമീപസ്ഥ - ന്മാർ ഇവരിൽ ആരെങ്കിലും ശരീരത്തിന്റെ വലത്തുഭാഗത്തു സ്പർശിച്ചാൽ ഉത്തരായണവും ഇടത്തുഭാഗത്തു തൊട്ടാൽ ദക്ഷിണായനവുമാണ്. ഇതാണ് വേറെ ഒരു അഭിപ്രായം. ദൈവജ്ഞനു വായു വലത്തായാൽ അയനം ഉത്തരായനവും, വായു ഇടത്തായാൽ ദക്ഷിണായനവുമാണെന്നാണ് പിന്നെ ഒരു അഭിപ്രായം. ഇവയും സ്വീകാര്യങ്ങളാണെന്നു പ്രമാണാന്തരങ്ങളെക്കൊണ്ടു കാണുന്നതുണ്ട്. 

ജാതകരചന


ജാതകരചന

ആസ്വാദ്യമായ ഒരു കലാരൂപമാണ്‌ ജാതകം. സഞ്ചിതകര്‍മ്മഫലം. ആഗാമിക ജീവിതത്തെ രൂപപ്പെടുത്തുന്ന ഒരു ജീവാത്മാവിന്‍റെ പ്രാരാബ്ധകര്‍മ്മ കഥാരചനയുള്‍ക്കൊണ്ടതാണ് ജാതകം. ഇതിന് ലക്ഷണയുക്തമായ മഹാകാവ്യം, നാടകം, നോവല്‍, ജീവചരിത്രം എന്നെല്ലാം നാമകരണം ചെയ്യാം. ജീവചരിത്രമെന്നതാവും കൂടുതല്‍ ശരി. ഒരു ജീവചരിത്രത്തെ ഭാവനാസമ്പന്നമായ കലാകാരന് മഹാകാവ്യമായും, നാടകമായും, നോവലായും രൂപപ്പെടുത്താന്‍ കഴിയും. ആ മനോധര്‍മ്മം - ഭാവനാസമ്പന്നത - ത്രികാലജ്ഞനായ ജ്യോതിശാസ്ത്രജ്ഞന് ഉണ്ടായിരിക്കണം. എന്നാല്‍ ജാതകരചന ഫലപ്രദവും ആസ്വാദ്യവുമായ വിധം നിര്‍വഹിക്കാന്‍ കഴിയും. ഈ നിര്‍മ്മാണ വിദ്യക്ക് ജ്യോതിശാസ്ത്രത്തില്‍ ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങളുണ്ട്. അവയെ സ്വന്തം മനോധര്‍മ്മവും ഭാവനയുമുള്‍ക്കൊണ്ട് പഠിച്ച് അനുഭവസമ്പന്നമാക്കി ആവിഷ്ക്കരിച്ചാല്‍ അത് സുന്ദരമായ അനുഭവങ്ങളുടെ ജീവചരിത്ര സംഗ്രഹമാകും. അതിന് ലളിതമായി തോന്നുന്ന ഒരു മാര്‍ഗ്ഗം താഴെ കൊടുത്തിരിക്കുന്നു. 


"ഹരിഃ ശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു" എന്ന ഗണപതിക്കുറിപ്പോടെ സമാരംഭിച്ച് വന്ദനശ്ലോകവും ജാതകലക്ഷ്യവും നവഗ്രഹ പ്രാര്‍ത്ഥനാസഹിതം ജന്മലഗ്നനാമവും കുറിക്കണം. അഹര്‍ഗണമെന്ന തദ്ദിന കലിസംഖ്യയും അതോടുകൂടെ ലഗ്നനാമവും ദ്രേക്കാണവും സ്ത്രീപുരുഷഭേദത്തോടെ രേഖപ്പെടുത്തണം. അനന്തരം ആദിത്യന്‍ മുതല്‍ അനുക്രമമായി ഗ്രഹസ്ഫുടങ്ങളും  അവയ്ക്കൊപ്പം ഷഡ്വര്‍ഗ്ഗങ്ങളും രശ്മിയും ലഗ്നത്തില്‍ നിന്ന് ഏതു ഭാവത്തില്‍ നില്‍ക്കുന്നു എന്നും കാരകവും എഴുതണം. ഗ്രഹസ്ഫുടം ഒമ്പതും എഴുതികഴിഞ്ഞു ലഗ്നസ്ഫുടം ഷഡ്വര്‍ഗ്ഗസഹിതം എഴുതി തുടര്‍ന്ന് തിഥിസ്ഫുടം പക്ഷം തിഥികരണം എഴുതുക. പിന്നെ നിത്യയോഗസ്ഫുടം യോഗനാമവും, പഞ്ചധൂമസ്ഫുടങ്ങളും രാശിഭാവ സഹിതം എഴുതണം.

അനന്തരം കലിയുഗം തുടങ്ങി ജനനദിവസത്തോളമെത്തിയെ സാവനദിനകലിസംഖ്യയെഴുതി അയനം, ഋതു, ശനിയുടെയും, വ്യാഴത്തിന്‍റെയും രാശിസ്ഥിതി, ജനിച്ച കൊല്ലം, മാസം, തീയ്യതി, വാരം, നക്ഷത്രം, നക്ഷത്രപാദം, പക്ഷം, തിഥി, കരണം, നിത്യയോഗം, ചന്ദ്രക്രിയ, ചന്ദ്രാവസ്ഥ, ചന്ദ്രവേല, ജനനനാഴിക, വിനാഴിക, ലഗ്നം, ലഗ്നദ്രേക്കാണം, സ്ത്രീ പുരുഷഭേദം എഴുതുക. തുടര്‍ന്ന് ജനനസമയത്തിന് നാളില്‍ (നക്ഷത്രത്തില്‍) ചെന്ന നാഴിക വിനാഴികയും തിഥിയില്‍ ചെന്ന നാഴിക വിനാഴികയും കരണത്തില്‍ ചെന്ന നാഴിക വിനാഴികയും എഴുതുക.

അനന്തരം നക്ഷത്രത്തിന്‍റെ സ്ത്രീ പുരുഷഭേദം ഗണം, വൃക്ഷം, മൃഗം, പക്ഷി, ഭൂതം, ദേവത എന്നിവയുമെഴുതി " ഏതേ നിത്യം വന്ദനീയ ആപല്‍ക്കാലെ വിശേഷത" എന്ന് അതിന്‍റെ ആവശ്യവും കുറിക്കുക.

ഇത്രയും കഴിഞ്ഞാല്‍ പഞ്ചാംഗഫലമെന്ന വാര താര തിഥി കരണ നിത്യയോഗങ്ങളുടെ - ജനനസമയത്തിന് ഗണിച്ച് സൂക്ഷ്മപ്പെടുത്തിയ - ഫലവും, അതിനുതാഴെ ജന്മലഗ്നഫലവും എഴുതണം. അനന്തരം ജന്മലഗ്നവശാലുള്ള ഗ്രഹസ്ഥിതിയനുസരിച്ച് ഗ്രഹങ്ങളുടെ ഭാവഫലം, ആശ്രയഫലം എന്നിവയും; ലഗ്നത്തെയും ചന്ദ്രലഗ്നത്തെയും അടിസ്ഥാനമാക്കി ഗ്രഹസ്ഥിതിവശാല്‍ അനുഭവയോഗ്യമായി കാണുന്ന പഞ്ചമഹാപുരുഷയോഗാദികളെഴുതണം. തദനന്തരം സൂര്യാദിഗ്രഹങ്ങളുടെ അഷ്ടവര്‍ഗ്ഗങ്ങളും സമുദായാഷ്ടവര്‍ഗ്ഗവും അവയുടെ ഫലവുമെഴുതുക. ഇവയെല്ലാം ജാതകകാരന്‍റെ ജീവിതചരിത്രപ്രധാനങ്ങളായ
ഫലവിശേഷങ്ങളാണ്.

അനന്തരം കാലചക്രദശ, മറ്റു പ്രയോജനങ്ങളായ ദശകളും നക്ഷത്ര ദശാഫലങ്ങളും സൂക്ഷ്മമായി മരണപര്യന്തം എഴുതി അവസാനിപ്പിക്കുക. ഇത്രയുമായാല്‍ ജാതകകര്‍ത്താവില്‍ പ്രപഞ്ചശക്തി ആരോപിക്കപ്പെട്ട ത്രൈകാലിക കര്‍മ്മഫലമെന്ന ജീവചരിത്രസംഗ്രഹം പൂര്‍ത്തീകരിക്കപ്പെടും.

ജാതകത്തില്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ നിര്‍ബന്ധമായും പൂര്‍ണ്ണമായും ഉണ്ടായിരിക്കേണ്ടതാണ്. എങ്കില്‍ മാത്രമേ ജാതകം എഴുതുന്നത് പൂര്‍ണ്ണമാകുകയുള്ളു. മേല്‍പ്പറഞ്ഞ പ്രകാരം ജാതകമെഴുതിയാല്‍ ജാതകഫലം കൃത്യമായി ജീവിതത്തില്‍ അനുഭവപ്പെടുന്നതാണ്. താങ്കളുടെ ജാതകം മേല്‍പ്പറഞ്ഞ പ്രകാരം എഴുതിയതാണെന്ന് ശ്രദ്ധിക്കുമല്ലോ.

സൂര്യഭാവഫലം

 കുജന്‍ മുതല്‍ കേതുവരെയുള്ള ഗ്രഹങ്ങളുടെ സ്ഫുടം കണ്ടുപിടിക്കുന്നത് എങ്ങിനെ? എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെകൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.

സൂര്യഭാവഫലം
   ആദിത്യന്‍ ലഗ്നത്തില്‍ നിന്നാല്‍; തലമുടി കുറഞ്ഞവനായും പ്രവര്‍ത്തികളില്‍ മടിയുള്ളവനായും കോപിയായും ക്രൂരതയും ഔന്നത്യവും അഭിമാനവും ദൃഷ്ടികള്‍ക്ക് രൂക്ഷതയും ശരീരത്തിന് കൃശത്വവും ഉള്ളവനായും ശൂരനായും ക്ഷമയും ദയയും ഇല്ലാത്തവനായും ഭവിക്കും.

    മേടം ലഗ്നമായി അവിടെ ആദിത്യന്‍ നിന്നാല്‍; തിമിരം എന്ന നേത്രരോഗമുള്ളവനായും ഏറ്റവും ഗുണവും വിദ്യയും ആചാരവും സമ്പത്തും പ്രഭുത്വവും പ്രസിദ്ധിയുള്ളവനായും ഭവിക്കും.

   കര്‍ക്കിടകം ലഗ്നമായി അവിടെ ആദിത്യന്‍ നിന്നാല്‍; നായനരോഗമുള്ളവനായി ഭവിക്കും.

   ചിങ്ങം ലഗ്നമായി അവിടെ ആദിത്യന്‍ നിന്നാല്‍ മാലകണ്ണുള്ളവനായി ഭവിക്കും.

    തുലാം ലഗ്നമായി അവിടെ ആദിത്യന്‍ നിന്നാല്‍; ദാരിദ്രവും സന്താനഹാനിയും ദുഃഖവും അന്ധത്വവും സംഭവിക്കും.

    മീനം ലഗ്നമായി അവിടെ ആദിത്യന്‍ നിന്നാല്‍; സ്ത്രീജനങ്ങളാല്‍ സേവിക്കപ്പെടുന്നവനായി ഭവിക്കും. 

മേല്‍പ്പഞ്ഞവ ആദ്യം വിവരിച്ചത് കൂടാതെയുള്ള വിശേഷഫലങ്ങളാണ്. 

   രണ്ടാമെടത്ത് ആദിത്യന്‍ നിന്നാല്‍; ധനവും വിനയവും വിദ്യയും ഇല്ലാത്തവനായും ദാനശീലമുള്ളവനായും ശത്രുക്കളെ സ്നേഹിക്കുന്നവനായും മുഖരോഗമുള്ളവനായും രാജാവിനാലോ (സര്‍ക്കാരിനാലോ) കള്ളന്മാരാലോ അപഹരിക്കപ്പെട്ട ധനത്തോടുകൂടിയവനായും ഭവിക്കും.

   മൂന്നാമെടത്ത് ആദിത്യന്‍ നിന്നാല്‍; നാല്‍ക്കാലിസമ്പത്തും പരാക്രമവും ഐശ്വര്യവും ബലവും സൗന്ദര്യവും സുഖവും ത്യാഗശീലവും ഉള്ളവനായും ശത്രുക്കളെ ജയിക്കുന്നവനായും ജ്യേഷ്ഠസഹോദരദോഷമുള്ളവനായും ഭവിക്കും.

   നാലാമെടത്ത്‌ ആദിത്യന്‍ നിന്നാല്‍; ഹൃദ്രോഗമുള്ളവനായും സുഖവും ഭൂസ്വത്തും ബന്ധുക്കളും വാഹനവും ഇല്ലാത്തവനായും പരസ്ത്രീകളില്‍ താല്‍പര്യമുള്ളവനായും അധമന്മാരെ ആശ്രയിക്കുന്നവനായും രണ്ടു ഭാവനങ്ങളുള്ളവനായും പിതൃസ്വത്തിനു ഹാനിചെയ്യുന്നവനായും ഒരിക്കലും മനസ്സുഖമില്ലാത്തവനായും ഭവിക്കും.

  അഞ്ചാമെടത്ത് ആദിത്യന്‍ നിന്നാല്‍; സുഖവും ധനവും ബന്ധുക്കളും ആയുസ്സും പുത്രന്മാരും കുറഞ്ഞിരിക്കുന്നവനായും ഏറ്റവും ബുദ്ധിമാനായും രാജപ്രിയനായും വനവാസിയായും ഭവിക്കും 

  ആറാമെടത്ത് ആദിത്യന്‍ നിന്നാല്‍; സമ്പത്തും വിജയവും യശസ്സും ഉള്ളവനായും കാമിയായും ജഠരാഗ്നി വര്‍ദ്ധിച്ചവനായും പ്രഭുവായും പടനായകനായും ഏറ്റവും ഗുണവാനായും ഭവിക്കും.

  എഴാമെടത്ത് ആദിത്യന്‍ നിന്നാല്‍; കുത്സിതശരീരനായും തോല്‍വിയും കോപവും വ്യാധികളാല്‍ പീഡയും കളത്രസുഖഹീനതയും സഞ്ചാരവും രാജകോപത്താല്‍ പീഡയും മാനഹാനിയും ഉള്ളവനായി ഭവിക്കും.

  എട്ടാമെടത്ത് ആദിത്യന്‍ നിന്നാല്‍; വികലദൃഷ്ടിയായും ധനവും ആയുസ്സും ബന്ധുക്കളും കുറഞ്ഞിരിക്കുന്നവനായും തോല്‍വിയുള്ളവനായും കലഹപ്രിയനായും ഒരിക്കലും തൃപ്തിയില്ലാത്തവനായും ദുഃഖിതനായും ഭവിക്കും.

  ഒന്‍പതാമെടത്ത് ആദിത്യന്‍ നിന്നാല്‍; പുത്രന്മാരും സമ്പത്തും ബന്ധുക്കളും ഉള്ളവനായും ദേവന്മാരിലും ബ്രാഹ്മണരിലും ഭക്തിയുള്ളവനായും സ്ത്രീദ്വേഷിയായും പിതാവിന് ദോഷം ചെയ്യുന്നവനായും ധര്‍മ്മം ഇല്ലാത്തവനായും ഭവിക്കും.

  പത്താമെടത്ത് ആദിത്യന്‍ നിന്നാല്‍; പിതൃസ്വത്തും ബലവും വിദ്യയും യശസ്സും ബുദ്ധിയും വാഹനങ്ങളും ഉള്ളവനായും പ്രഭുത്വം ഉള്ളവനായും ഏറ്റവും തേജസ്വിയായും തുടങ്ങുന്ന കാര്യങ്ങള്‍ പൂര്‍ത്തിയാകുന്നവനായും ഏറ്റവും സുഖിയായും ഭവിക്കും.

  പതിനൊന്നാമെടത്ത്  ആദിത്യന്‍ നിന്നാല്‍; വളരെ ധനവും പുത്രന്മാരും ഭാര്യയും യശസ്സും വിദ്യയും ആയുസ്സും പ്രഭുത്വവും നല്ല ഭൃത്യന്മാരും  ഏറ്റവും കര്‍മ്മശലതയും വളരെ തേജസ്സും സ്വശക്തിയും ഉള്ളവനായും ഭവിക്കും.

  പന്ത്രണ്ടാമെടത്ത് ആദിത്യന്‍ നിന്നാല്‍; കണ്ണിനു വൈകല്യമുള്ളവനായും പുത്രന്മാരും ധനവും ഇല്ലാത്തവനായും പിതാവിന് ശത്രുവായും ബലഹീനനായും പതിതനായും വൃഥാ വഴിനടക്കുന്നവനായും അംഗവൈകല്യമുള്ളവനായും, ദുഃസ്വഭാവിയായും ഭവിക്കും.

  [ലഗ്നം നില്‍ക്കുന്ന രാശി എപ്പോഴും ഒന്നാമത്തെ രാശിയായി കണക്കാക്കണം, അതിനുശേഷം വലതുവശത്ത്‌ വരുന്ന രാശി രണ്ടാമത്തെ രാശിയായി തുടര്‍ന്ന് കണക്കാകണം].

 ചന്ദ്രഭാവഫലം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.