ശൈലാഗ്രാഭിഹതസ്യ സൂര്യകുജയോർ-
മൃത്യുഃ ഖബന്ധുസ്ഥയോഃ
കൂപേ മന്ദശശാംകഭൂമിതനയൈർ-
ബ്ബന്ധ്വസ്തകർമ്മസ്ഥിതൈഃ
കന്യായാം സ്വജനാദ്ധിമോഷ്ണകരയോഃ
പാപഗ്രഹൈർദൃഷ്ടയോഃ
സ്യാതാം യദ്യുഭയോദയേƒർക്കശശിനൌ
തോയേ തദാ മജ്ജതഃ
സാരം :-
- പത്താം ഭാവത്തിൽ സൂര്യനും നാലാം ഭാവത്തിൽ ചൊവ്വയും നിൽക്കുന്ന സമയത്തു ജനനമായാൽ അയാൾ പർവ്വതത്തിന്റെ കൊടുകുടി ഇടിഞ്ഞുവീണിട്ടോ അല്ലെങ്കിൽ പർവ്വതത്തിന്റെ കൊടുമുടിയിന്മേൽ വീണിട്ടോ മരിയ്ക്കുന്നതാണ്.
- നാലാം ഭാവത്തിൽ ശനിയും ഏഴാം ഭാവത്തിൽ ചന്ദ്രനും പത്താം ഭാവത്തിൽ ചൊവ്വയും നില്ക്കുന്ന സമയത്ത് ജനനമായാൽ കിണറ്റിൽ ചാടിയോ കിണറ്റിൽ തള്ളിവിട്ടോ മറ്റോ ഉള്ള കൂപമരണത്തെ പറയേണ്ടതാണ്.
- ജനനസമയത്ത് പാപഗ്രഹങ്ങളുടെ ദൃഷ്ടിയോടുകൂടി സൂര്യചന്ദ്രന്മാർ കന്നി രാശിയിൽ നിന്നാൽ സ്വജനങ്ങളിൽനിന്നോ സ്വജനങ്ങൾ നിമിത്തമായിട്ടോ ആണ് മരണം സംഭവിയ്ക്കുക.
- ഉദയലഗ്നം മീനം രാശിയാവുക ലഗ്നത്തിൽ സൂര്യചന്ദ്രന്മാർ നില്ക്കുകയും ചെയ്ക. (ഈ യോഗത്തിൽ ലഗ്നസ്ഥന്മാരായ സൂര്യചന്ദ്രന്മാർക്ക് പാപഗ്രഹദൃഷ്ടിയുണ്ടാവണമെന്നും വിവരണവ്യാഖ്യാതാവു പറയുന്നു). ഈ യോഗസമയത്തു ജനിച്ചവൻ വെള്ളത്തിൽ മുങ്ങി മരിയ്ക്കുന്നതാണ്.