മൃത്യുർമൃത്യുഗൃഹേക്ഷണേന ബലിഭി-
സ്തദ്ധാതുകോപാദ്ഭവേ-
ത്തത്സംയുക്തഭഗാത്രജാദ്ബഹുഭവോ
വീര്യാന്വിതൈർഭൂരിഭിഃ
അഗ്ന്യംബ്വായുധജോ ജ്വരാമയകൃത-
സ്തൃൾക്ഷുൽകൃതശ്ചാഷ്ടമേ.
സൂര്യാദ്യൈർന്നിധനേ ചരാദിഷു പര-
സ്വാധ്വപ്രദേശേഷ്വപി.
സാരം :-
ജനനസമയത്തു എട്ടാംഭാവത്തിലേയ്ക്ക് നോക്കുന്ന ഗ്രഹങ്ങളിൽ ബലവാനായ ഗ്രഹത്തെക്കൊണ്ടാണ് മരണകാരണത്തെ ചിന്തിയ്ക്കേണ്ടത്. എങ്ങിനെയെന്നാൽ ഒന്നാമദ്ധ്യായത്തിലെ നാലാംശ്ലോകപ്രകാരം നോക്കുമ്പോൾ ഈ അഷ്ടമവീക്ഷകനായ ഗ്രഹം നിൽക്കുന്ന രാശി ഏതൊരവയവത്തിന്മേലാണോ വരുന്നത് ആ - അഷ്ടമവീക്ഷക - ഗ്രഹത്തിന് വാതപിത്തകഫങ്ങളിൽ ഏതൊക്കെ ദോഷങ്ങളുടെ കാരകത്വമാണോ ഉള്ളത് * അതിനു രാസാദിധാതുക്കളിൽ ഏതൊന്നിന്റെ കാരകത്വമാണോ ഉള്ളത് # ആ അവയവത്തിന്മേൽ ആ ദോഷകോപത്താൽ ഉണ്ടായ രോഗം അഥവാ ആ ധാതുകോപസംബന്ധമായ രോഗം കാരണമായിട്ടാണ് മരിയ്ക്കുക. ഇതിനെ ഒന്നുകൂടി ഉദാഹരണരൂപേണ സ്പഷ്ടമാക്കാം. കന്നി ലഗ്നമാണെന്നും എട്ടാം ഭാവത്തിലേയ്ക്കു നോക്കുന്നത് ശനിയാണെന്നും ആ ശനി തുലാം രാശിയിൽ നില്ക്കുന്നുവെന്നും വിചാരിയ്ക്കുക. ഇങ്ങനെ വന്നാൽ വാതകോപസംബന്ധമായ രോഗമോ അഥവാ സ്നായുസംബന്ധമായ രോഗമോ വസ്തിപ്രദേശത്തുണ്ടായിട്ടാണ് മരിയ്ക്കുക എന്നു പറയേണ്ടതാണ്.
ബലവാന്മാരും അഷ്ടമവീക്ഷകന്മാരുമായ ഒന്നിൽ അധികം ഗ്രഹങ്ങൾ ജാതകത്തിലുണ്ടായാൽ അവർ ഓരോരുത്തരും നില്ക്കുന്ന രാശ്യവയവങ്ങളിന്മേൽ അവരവരുടെ ദോഷകോപത്താൽ ഉണ്ടായരോഗങ്ങളോ അഥവാ അതാതു ഗ്രഹങ്ങളുടെ ധാതുക്കൾ സംബന്ധിച്ചുണ്ടായ രോഗങ്ങളോ കാരണമായും ആണ് മരിയ്ക്കുക എന്നും പറയണം.
ജനനസമയത്തു ബലവാനായ ഒരു ഗ്രഹവും അഷ്ടമവീക്ഷകനായില്ലെങ്കിൽ, പിന്നെ മരണകാരണചിന്ത ചെയ്യേണ്ടതു എട്ടാം ഭാവത്തിൽ നില്ക്കുന്ന ഗ്രഹത്തെകൊണ്ടാകുന്നു. എട്ടാം ഭാവത്തിൽ സൂര്യൻ നിന്നാൽ അഗ്നി (തീപ്പൊള്ളുക മുതലായതൊക്കെ അഗ്നിശബ്ദംകൊണ്ടു ഗ്രഹിയ്ക്കേണ്ടതാണ്) അല്ലെങ്കിൽ ജഠരാഗ്നി ഇതുകളും, എട്ടാം ഭാവത്തിൽ ചന്ദ്രൻ നിന്നാൽ ജലം അല്ലെങ്കിൽ അതിസാരം നീരു മുതലായ മറ്റു ജലരോഗങ്ങൾ ഇവയും, എട്ടാം ഭാവത്തിൽ ചൊവ്വ നിന്നാൽ ആയുധങ്ങളും, എട്ടാം ഭാവത്തിൽ ബുധൻ നിന്നാൽ പനിയും, എട്ടാം ഭാവത്തിൽ വ്യാഴം നിന്നാൽ ക്രോധം, ഭയം, വ്യസനം, കാമവിചാരം ഇത്യാദികളായും മറ്റുമുള്ള അജ്ഞാതരോഗങ്ങളും, എട്ടാം ഭാവത്തിൽ ശുക്രൻ നിന്നാൽ വെള്ളം ദാഹവും, എട്ടാം ഭാവത്തിൽ ശനി നിന്നാൽ വിശപ്പും കാരണമായിട്ടാണ് മരിയ്ക്കുക എന്നാണ് പറയേണ്ടത്. എട്ടാം ഭാവത്തിൽ ബലവാന്മാരായ ഒന്നിൽ അധികം ഗ്രഹങ്ങൾ ജാതകത്തിൽ ഉണ്ടായാൽ മുകളിൽ അവർ ഓരോരുത്തരും പറഞ്ഞതൊക്കെ മരണകാരണമാകുമെന്നും അറിയേണ്ടതുണ്ട്.
എട്ടാം ഭാവം ചരരാശിയാണെങ്കിൽ വിദേശത്തും ഉഭയരാശിയാണെങ്കിൽ സ്വദേശത്തിന്റെയും വിദേശത്തിന്റേയും മദ്ധ്യദിക്കിലും, എട്ടാം ഭാവം സ്ഥിരരാശിയാണെങ്കിൽ സ്വദേശത്തുമാണ് മരണമുണ്ടാവുക എന്നറിയണം. ഒന്നാമദ്ധ്യായത്തിലെ പതിനൊന്നാം ശ്ലോകം അഞ്ചാമദ്ധ്യായത്തിലെ ഇരുപത്തിയൊന്നാം ശ്ലോകങ്ങൾ പ്രകാരം നോക്കുമ്പോൾ എട്ടാം ഭാവം ഏതേത് ദിക്കുകളിലാണ് വരുന്നത്. ആ വക ദിക്കുകളിലാണ് മൃതി (മരണം) എന്നും ചിന്തിയ്ക്കാം.
ഗ്രാമ്യം ആരണ്യം ജലം സ്ഥലം ഇത്യാദി വിഭാഗങ്ങളിൽ ആ അഷ്ടമഭാവം (എട്ടാം ഭാവം) ഏതെല്ലാം വിധത്തിലുള്ളതാണോ അതേവിധമുള്ള സ്ഥലത്തുവെച്ചും എട്ടാംഭാവം ഊർദ്ധ്വമുഖമാണെങ്കിൽ ഊർദ്ധ്വപ്രദേശത്തും തിര്യങ്മുഖമാണെങ്കിൽ സമനിലത്തും അധോമുഖമാണെങ്കിൽ താണ ദിക്കിൽ വെച്ചുമാണ് മരണം സംഭവിക്കുക. മരണം ഏതെങ്കിലും ഒരു ഗൃഹത്തിലാണെന്നു ലക്ഷണവശാൽ കാണുന്നപക്ഷം മൃതിസ്ഥാനമായ ആ ഗൃഹത്തിന്റെ ' ജീർണ്ണം സംസ്കൃത ' ത്വാദി വിശേഷങ്ങളേയും ആ മൃതിഗൃഹത്തിൽ തന്നെ കിഴക്കാദിയായി ഇന്ന സ്ഥലത്തെന്നതിനേയും മരണസമയത്തെ വെളിച്ചം ഇരുട്ട് ഇത്യാദ്യവസ്ഥാവിശേഷങ്ങളേയും ദീപാദികൾ മൂലമായ വെളിച്ചമുണ്ടെന്നു കണ്ടാൽ ആ ദീപാദിവിശേഷങ്ങളേയും മറ്റും മുമ്പ് അഞ്ചാമദ്ധ്യായത്തിൽ പ്രസവവിഷയത്തിൽ പറഞ്ഞതനുസരിച്ച്, എട്ടാം ഭാവം അവിടെ നിൽക്കുന്ന ഗ്രഹങ്ങൾ അവിടേയ്ക്ക് നോക്കുന്ന ഗ്രഹങ്ങൾ മരണകാരകനായ ശനി ഇവയെക്കൊണ്ടു ചിന്തിച്ചുപറയുകയും ചെയ്യാം എന്നും മറ്റും ശ്ലോകാവസാനത്തിൽ പ്രകാരവാചിയായി ഇതി ശബ്ദംകൊണ്ടും ആചാര്യൻ ഇവിടെ സൂചിപ്പിച്ചിട്ടുണ്ടെന്നും വിചാരിയ്ക്കാം.
--------------------------------------------------------
* സൂര്യകുജന്മാർക്ക് പിത്തത്തിന്റേയും ചന്ദ്രശുക്രന്മാർക്ക് കഫവാതങ്ങളുടേയും ബുധനു വാതപിത്തകഫങ്ങൾ മൂന്നിന്റേയും വ്യാഴത്തിനു കഫത്തിന്റേയും ശനിയ്ക്കു വാതത്തിന്റേയുമാണ് കാരകത്വമുള്ളത്. ഈ രണ്ടാമദ്ധ്യായത്തിലെ 8, 9, 10, 11 എന്നീ ശ്ലോകങ്ങളെക്കൊണ്ടു ഗ്രഹങ്ങളുടെ ദേഹപ്രകൃത്യാദികളെ പറഞ്ഞേടത്ത് അർത്ഥാൽ സിദ്ധിച്ചിട്ടുള്ളതാകുന്നു. 'പിത്തം, വാതകഫൌ, പിത്തം വാതപിത്തകഫഃ കഫഃ കഫവാതൌ, ച വാതശ്ച' എന്നു പ്രമാണ വചനവും കണ്ടിട്ടുണ്ട്.
# ഗ്രഹങ്ങളുടെ ധാതുകാരകത്വം രണ്ടാമദ്ധ്യായത്തിലെ പതിനൊന്നാം ശ്ലോകംകൊണ്ടു പറഞ്ഞിട്ടുണ്ട്.