മന്ദേ കർക്കടഗേ ജലോദരകൃതേ
മൃത്യുർമൃഗാംകേ മൃഗേ
ശാസ്ത്രാഗ്നിപ്രഭവശ്ശശിന്യശുഭയോര്‍-
മ്മദ്ധ്യേ കുജർക്ഷേ സ്ഥിതേ
കന്യായാം രുധിരോത്ഥശോഷജനിത-
സ്തദ്വൽ സ്ഥിതേ ശീതഗൌ
സൌരർക്ഷേ യദി തദ്വദേവ ഹിമഗൌ
രജ്ജ്വഗ്നിപാതൈഃ കൃതഃ
സാരം :-
- ശനി കർക്കടകം രാശിയിലും, ചന്ദ്രൻ മകരം രാശിയിലും നില്ക്കുന്ന സമയത്ത് ജനനമായാൽ ജലോദര - മഹോദരാദികൾ - എന്ന രോഗം നിമിത്തമായോ വെള്ളത്തിനുള്ളിൽ കിടക്കുന്ന മുതല തുടങ്ങിയുള്ള ദുഷ്ട സത്വങ്ങൾ കാരണമായോ ആണ് മരിയ്ക്കുക.
- ചന്ദ്രൻ മേടം രാശിയിലോ വൃശ്ചികം രാശിയിലോ പാപഗ്രഹങ്ങളുടെ മദ്ധ്യത്തിൽ നിൽക്കുമ്പോൾ ജനിച്ചവൻ ആയുധങ്ങളോ അഗ്നിയോ നിമിത്തമായി മരിയ്ക്കുന്നതാണ്.
- ചന്ദ്രൻ പാപഗ്രഹമദ്ധ്യസ്ഥനായി കന്നിരാശിയിൽ നിൽക്കുമ്പോൾ ജനിച്ചവൻ രക്തദൂഷ്യമോ ശോഷമോ (രാസാദിധാതുക്കളുടെ ക്ഷയം നിമിത്തമായുണ്ടാവുന്ന രോഗം) കാരണമായിട്ടാണ് മരിയ്ക്കുക.
- ചന്ദ്രൻ പാപമദ്ധ്യസ്ഥനായി മകരം രാശിയിലോ കുംഭം രാശിയിലോ നിൽക്കുമ്പോൾ ജനിച്ചവൻ കയർ കെട്ടി തൂങ്ങിയോ അഗ്നി നിമിത്തമായിട്ടോ വീഴ്ചകാരണമായിട്ടോ ആണ് മരിയ്ക്കുക. ചന്ദ്രന്റെ ഇരുപുറവും നില്ക്കുന്ന പാപഗ്രഹങ്ങളിൽ ബലവാനായ ശനി ഉണ്ടായാൽ കയർ കെട്ടി തൂങ്ങിയും, ബലവാനായ സൂര്യൻ ഉണ്ടായാൽ വീഴ്ച മൂലമായും ആണു മരിയ്ക്കുക എന്നു ഇവിടെ ഒരു അഭിപ്രായമുണ്ട്.