പാപേƒസ്തേ നവമഗതഗ്രഹസ്യ തുല്യാം
പ്രവ്രജ്യാം യുവതിരുപൈത്യസംശയേന
ഉദ്വാഹേ വരണവിധൌ പ്രദാനകാലേ
ചിന്തയാമപി സകലം വിധേയമേതൽ.
സാരം :-
ലഗ്നാൽ ഏഴാം ഭാവത്തിൽ ഒന്നോ അധികമോ പാപഗ്രഹങ്ങൾ നില്ക്കുമ്പോൾ ലഗ്നാൽ ഒമ്പതാം ഭാവത്തിൽ ഏതെങ്കിലും ഒരു ഗ്രഹം നില്ക്കുക, സ്ത്രീജാതകത്തിൽ ഈ യോഗലക്ഷണമുണ്ടായാൽ അവൾ തീർച്ചയായും പ്രവ്രജ്യയെ പ്രാപിയ്ക്കുന്നതാണ്. ഈ ഒമ്പതാം ഭാവത്തിൽ നില്ക്കുന്ന ഗ്രഹത്തിന് മുമ്പ് പതിനഞ്ചാം അദ്ധ്യായത്തിലെ ഒന്നാം ശ്ലോകത്തിൽ ഏതൊരു ഫലമാണോ പറഞ്ഞിട്ടുള്ളത് ആ അവസ്ഥയെയാണ് പ്രാപിയ്ക്കുക എന്നും അറിയണം. ഒമ്പതാം ഭാവത്തിൽ നിൽക്കുന്നത് സൂര്യനായാൽ വന്ന്യാശനാവസ്ഥയേയും അത് കുജനായാൽ ശാക്യാവസ്ഥയേയും പ്രാപിയ്ക്കുമെന്നു പറയണം. ഈ വിധം മറ്റു ഗ്രഹങ്ങൾക്കു കണ്ടുകൊൾക. ഈ യോഗത്തിൽ സപ്തമസ്ഥനായ പാപഗ്രഹത്തെക്കൊണ്ടു വൈധവ്യാദി മറ്റു ഫലങ്ങളൊന്നും പറയേണ്ടതില്ലെന്നും അറിയുകയും വേണം.
ഈ സ്ത്രീജാതകാദ്ധ്യായത്തിൽ ഇതേവരെ പറഞ്ഞവയിൽ അനുയോജ്യങ്ങളായ സകലഫലങ്ങളേയും 1). പുരുഷൻ ഭാര്യാസ്വീകാരം ചെയ്യുന്ന സമയം. 2). സ്ത്രീ ഭർത്തൃസ്വീകാരം ചെയ്യുന്ന സമയം. 3). അച്ഛൻ തുടങ്ങിയുള്ളവർ കന്യാദാനം ചെയ്യുന്ന സമയം. 4). പ്രശ്നം, ഈ നാലു ലഗ്നങ്ങളെക്കൊണ്ടും ചിന്തിയ്ക്കാവുന്നതാകുന്നു. ഇവിടെയുള്ള " ഏതത് " എന്ന പദത്തിനു കുറച്ചുകൂടി വ്യാപ്തിയുണ്ടെന്നും വിചാരിയ്ക്കാം. പ്രകൃതഗ്രന്ഥത്തിൽ നിഷേകാദ്ധ്യായം മുതൽ ഈ സ്ത്രീജാതകാദ്ധ്യായം കൂടിയ 19 അദ്ധ്യായങ്ങളെക്കൊണ്ടു പറഞ്ഞ ഫലങ്ങളിൽ സംഭാവ്യങ്ങളും അനുയോജ്യങ്ങളുമായ സകല ഫലങ്ങളേയും മേൽപറഞ്ഞ വിവാഹലഗ്നാദി നാലു സമയങ്ങളെക്കൊണ്ടും ചിന്തിയ്ക്കാവുന്നതാണ്. ഇതാണ് ഉത്തരാർദ്ധത്തിന്റെ സാരമെന്നു സൂക്ഷ്മബുദ്ധികളായവർ അഭിപ്രായപ്പെട്ടിട്ടുള്ളതും ഇതു ഏറ്റവും യുക്തിയുക്തവുമാണെന്നും അറിയുക.