സൌരേ മദ്ധ്യബലേ ബലേന രഹിതൈ-
ശ്ശീതാംശുശുക്രേന്ദുജൈഃ
ശേഷൈർവ്വീര്യസമന്വിതൈഃ പുരുഷിണീ
യദ്യോജരാശ്യുദ്ഗമഃ
ജീവാരാസ്ഫുജിദൈന്ദവേഷു ബലിഷു
പ്രാഗ് ലഗ്നരാശൌ സമേ
വിഖ്യാതാ ഭുവി നൈകശാസ്ത്രകുശലാ
സ്ത്രീ ബ്രഹ്മവാദിന്യപി.
സാരം :-
സ്ത്രീഗ്രഹങ്ങളായ ചന്ദ്രശുക്രന്മാർക്കും സ്ത്രീനപുംസകഗ്രഹമായ ബുധനും ഒട്ടും ബലമില്ലാതെ ഇരിയ്ക്കുക, പുരുഷനപുംസകഗ്രഹമായ ശനി മദ്ധ്യമബലയുക്തനും പുരുഷഗ്രഹങ്ങളായ സൂര്യൻ കുജൻ വ്യാഴം എന്നീ ഗ്രഹങ്ങൾ പൂർണ്ണബലയുക്തന്മാരുമായിരിയ്ക്കുക, ഓജരാശി ലഗ്നമാവുക, ഈ യോഗസമയത്തു ജനിച്ച സ്ത്രീ ദേഹപ്രകൃതി ധൈര്യം ഓജസ്സ് ഇത്യാദികളെക്കൊണ്ടു പുരുഷന്മാരോടു തുല്യയായിരിയ്ക്കുന്നതാണ്.
യുഗ്മരാശികളിൽ ഒന്നു ലഗ്നമാവുക, വ്യാഴം ചൊവ്വ ശുക്രൻ ബുധൻ എന്നീ നാലുഗ്രഹങ്ങളും ബലവാന്മാരുമാവുക, ഈ യോഗസമയത്തു ജനിച്ചവൾക്കു ലോകപ്രസിദ്ധി സകല ശാസ്ത്രങ്ങളിലും വിശേഷിച്ച് വേദാന്തപ്രതിപാദകങ്ങളായ ശാസ്ത്രഗ്രന്ഥങ്ങളിലും അറിവ് ഇതൊക്കെ ഉണ്ടായിരിയ്ക്കുന്നതാണ്.