സർവപ്രശ്നേഷു സർവേഷു കർമസ്വപി വിശേഷതഃ
പ്രസാദേനൈവ ദീപസ്യ ഭവിഷ്യഛ്‌ശുഭമാദിശേൽ
സാരം :-
ആയുസ്സ്, വിവാഹം, സന്താനം മുതലായവയെ ആശ്രയിച്ചുള്ള എല്ലാ പ്രശ്നങ്ങളിലും മംഗല്യം, പ്രതിഷ്ഠ മുതലായ സകല കർമ്മങ്ങളിലും ദീപത്തിന്റെ പ്രകാശം മുതലായ ശുഭലക്ഷണങ്ങളെക്കൊണ്ടു ഭാവികാലം ശുഭപ്രദമാണെന്നു പറയണം.
വിളക്കിന്റെ അപ്രകാശത മുതലായ അശുഭലക്ഷണംകൊണ്ട് ഭാവികാലം അശുഭപ്രദമാണെന്നും പറയാം. ഇതുകൊണ്ടു ദീപഫലം അനുഭവിക്കാനുള്ളതാണെന്നു വന്നുകൂടുന്നു. അങ്ങനെയല്ല, വിളക്കുകൊണ്ടുതന്നെ ത്രികാലഫലങ്ങളും അറിയപ്പെടാവുന്നതാണ്. എണ്ണചോർന്നോ മറ്റോ കളയുക ജ്വാല അണയുക ഇത്യാദി ലക്ഷണങ്ങൾ മരണസൂചകങ്ങളാണല്ലോ. " ആരഭ്യസ്വോദയാദർക്ക" എന്നുള്ള വിധിപ്രകാരം തൈലനാശം ജീവനാശം മുതലായവ വിളക്കിന്റെ മദ്ധ്യം ലാക്കാക്കി ഏതൊരു ദിക്കിലാണോ സംഭവിച്ചത് ആ ദിക്കിന്റെ ഭൂതം ഭാവി വർത്തമാനം ഈ അവസ്ഥയെ അനുസരിച്ചു മരണത്തെ കല്പിച്ചുകൊള്ളണം.