പൂജ ചെയ്യേണ്ടത് ആര്?

മനുഷ്യൻ ആഗ്രഹിച്ചാലും ഇല്ലെങ്കിലും വിശ്വസിച്ചാലും ഇല്ലെങ്കിലും അയാൾക്കും അയാളുടെ വംശജർക്കും ഒരു പ്രത്യേക ദിവ്യശക്തിയുമായി അഭേദ്യമായ ബന്ധം ഉണ്ടായിരിക്കും. ആ ദിവ്യശക്തിയെ നിലനിർത്തേണ്ടതും വളർത്തേണ്ടതും അയാളുടെ കടമയാണ്. ഈ ദിവ്യശക്തിയെ നിലനിർത്തിക്കൊണ്ടു വന്നാൽ അയാളുടെ ജീവിതം സുഖകരമായിരിക്കും. ആ ദിവ്യ ശക്തി എല്ലാത്തരം ക്ലേശങ്ങളിൽ നിന്നും അയാളെ സംരക്ഷിച്ചുകൊണ്ടിരിക്കും. ഈ ദിവ്യശക്തിയെ സംരക്ഷിയ്ക്കുകയും വർദ്ധിപ്പിക്കുകയും ചെയ്യുന്ന ക്രിയയാണ് പൂജ. 

പൂജയിൽ ഭാരതീയരുടെ വ്യക്തിഗതസംസ്കാരത്തിന്റെ പരമമായ വികാസം കാണാം. ശരീരശാസ്ത്രപ്രകാരവും വൈദ്യശാസ്ത്രപ്രകാരവും മനഃശാസ്ത്രപ്രകാരവും ചിട്ടപ്പെടുത്തിയ ജീവിത ശൈലിയാണ് പൂജ. പൂജയിലേർപ്പെടുമ്പോൾ മനുഷ്യന് ശാരീരികവും, മാനസികവും, ബുദ്ധിപരവും ആത്മീയവുമായ നിർവൃതി ലഭിക്കുന്നു. ജീവിതത്തെ സുഖശാന്തിപൂർണ്ണമാക്കാനുള്ള എല്ലാ കഴിവുകളും സാധകനിൽ സ്വയം വന്നു ചേരുന്നു.

പൂജ, ജാതി, മത, സ്ത്രീ, പുരുഷ, ബാല, വൃദ്ധഭേദമില്ലാതെ എല്ലാവർക്കും ചെയ്യാം, ചെയ്യേണ്ടതുമാണ്. പൂജ സകാമമായാലും (തന്റെ ഏതെങ്കിലും ആഗ്രഹസാധ്യത്തിനും) അഥവാ നിഷ്കാമമായും (ലോകനന്മക്കുവേണ്ടിയും) ചെയ്യാം. പൂജാസങ്കല്പം അതനുസരിച്ച് ചൊല്ലണം. മന്ത്രമഹോദധി, മന്ത്രമഹാർണ്ണവം, തുടങ്ങിയ ഗ്രന്ഥങ്ങളിലും കർമ്മകാണ്ഡഗ്രന്ഥങ്ങളിലും പൂജ കൊണ്ട് സിദ്ധിക്കുന്ന ഫലങ്ങൾ വിവരിച്ചിട്ടുണ്ട്. 

പൂജ എന്നാൽ നാമജപം ആണ് എന്ന് ഒരു ധാരണ വന്നിട്ടുണ്ട്. ഇത് ശരിയല്ല.

നാമജപം പൂജാവിധിയുടെ ഒരു ഭാഗം മാത്രമേ ആകുന്നുള്ളു. നാമജപം കൂടാതെ പൂജയിൽ മറ്റ് പലകാര്യങ്ങളും കൂടി ഉണ്ട്. അവ കൂടി പഠിച്ച് പൂജ ചെയ്യണം. ഇതു കാരണം മനനശക്തയും ധ്യാനശക്തിയും, ഇച്ഛാശക്തിയും, ജ്ഞാന ശക്തിയും ക്രിയാശക്തിയും വികസിക്കുകയും, വ്യക്തി പ്രകൃതി ദത്തമായ എല്ലാ ശക്തികളും വികസിച്ച കാമക്രോധലോഭമദമാത്സര്യാദികൾ തീണ്ടാത്ത സ്വകർമ്മപരായണനായ സാത്ത്വികനായിത്തീരുകയും ചെയ്യും. ഒരു സമൂഹത്തിൽ സാത്ത്വികവ്യക്തികൾ കൂടുമ്പോൾ ആ സമൂഹം പരമോന്നതിയെ പ്രാപിക്കും. ഈ ദൃഷ്ടികോണത്തിൽ കൂടി നോക്കുമ്പോൾ പൂജ സമൂഹോന്നതിക്കുള്ള മാർഗ്ഗം കൂടിയാണ്.