ദൈവജ്ഞന്റെ സമീപത്തു ചെന്ന് എന്തെങ്കിലും ഒരു കാഴ്ചദ്രവ്യം കൊടുത്ത് ആഗ്രഹത്തെ പറയണം

തിഥൗ ശുഭായാം ശുഭദേƒനുകൂലേ
താരേ ദിനേ ഭാനുശുഭഗ്രഹാണാം
പ്രഷ്ടേപ്സിതം പ്രാഭൃതദാനതുഷ്ടം
ജ്യോതിർവിദം പ്രാതരൂപേത്യ പൃച്ഛേൽ.

സാരം :-

ഫലം അറിയേണ്ട ആൾ ചതുർത്ഥി, നവമി പതിന്നാല് സ്ഥിരകരണം വിഷ്ടി മുതലായ ദോഷങ്ങളില്ലാത്ത തിഥിയും ഊണിനു വിലക്കിയിട്ടുള്ള നക്ഷത്രങ്ങളും പ്രഷ്ടാവിന്റെ മൂവഞ്ചേഴാം നാളുകളും ചൊവ്വാ ശനി എന്നീ ആഴ്ചകളും ഒഴിച്ച് രാവിലെ ദൈവജ്ഞന്റെ സമീപത്തു ചെന്ന് എന്തെങ്കിലും ഒരു കാഴ്ചദ്രവ്യം കൊടുത്ത് ആഗ്രഹത്തെ പറയണം. അടുത്തുചെന്നു വേണം പറയേണ്ടത്. ഉപേത്യ എന്നു പറഞ്ഞതുകൊണ്ടു ദൂരത്തുനിന്നു വിളിച്ചു ചോദിക്കരുതെന്നു വരുന്നു. പൃച്ഛകൻ അനുഷ്ഠിക്കേണ്ടതിനെക്കുറിച്ച് ദൈവജ്ഞൻ പഠിക്കുന്ന ഗ്രന്ഥത്തിൽ പറഞ്ഞിട്ടാവശ്യമുണ്ടോ എന്ന് ശങ്കിക്കുന്നു എങ്കിൽ പൃച്ഛകന്റെ ധർമ്മകൃത്യം ഇപ്രകാരം ആണെന്നും ഇതിനു വിപരീതമായി വന്നുപോയാൽ അതിനെ അനുസരിച്ച് ഫലങ്ങൾ പറയേണ്ടതാണെന്നും ഗ്രാഹ്യമാകുന്നു.