ദശാഫലങ്ങള്‍ എഴുതുമ്പോള്‍ ശ്രദ്ധിക്കണം


ദശാഫലങ്ങള്‍ എഴുതുമ്പോള്‍ ശ്രദ്ധിക്കണം

ദശാഫലം എഴുതുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടവയുണ്ട്. ദശാഫലങ്ങള്‍ ശാസ്ത്രഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അവ അതേവിധം എടുത്തെഴുതിയാല്‍ അതില്‍ പറഞ്ഞ ഫലം അങ്ങനെ തന്നെ അനുഭവിച്ചെന്നുവരില്ല. അങ്ങനെയാണെങ്കില്‍ കേതുദശ മുതല്‍ ബുധദശയടക്കം 9 ദശയുടേയും ഫലങ്ങള്‍ പ്രപഞ്ചത്തിലെല്ലാവരും ഒരുപോലെ അനുഭവിക്കണം. അങ്ങനെ ഒരിക്കലും സംഭവിച്ചതായി കാണുന്നില്ല. അപ്പോള്‍ ജന്മസമയം ലഗ്നാദിത്യചന്ദ്രലഗ്നങ്ങളെ അടിസ്ഥാനമാക്കി ദശാനാഥന്മാര്‍ ഏതു ഭാവത്തില്‍ എത്ര ബലമുള്‍ക്കൊണ്ട്ഏതെല്ലാം ബന്ധത്തോടെ നില്‍ക്കുന്നു എന്നെല്ലാം പരിഗണിച്ചുവേണം ഓരോ ദശാകാലത്തിന്‍റെയും ഫലം രേഖപ്പെടുത്താന്‍. അല്ലാതിരുന്നാല്‍ " എന്‍റെ ജാതകത്തിലെഴുതിയ ഫലത്തിലും ജാതകത്തിലും എനിക്ക് വിശ്വാസമില്ല " എന്ന് ജാതകകര്‍ത്താവ് പറയും.

ഗ്രഹത്തിനും അംശകത്തിനും ശത്രുക്ഷേത്രസ്ഥിതി, നീചസ്ഥിതി, മൗഢ്യം, ഗ്രഹയുദ്ധത്തില്‍ പരാജയം, വൈവര്‍ണ്യം, പാപഗ്രഹങ്ങളുടെയും അനിഷ്ടഭാവാധിപന്മാരുടെയും യോഗദൃഷ്ട്യാദികള്‍; അനിഷ്ടഭാവസ്ഥിതി എന്നീ ദോഷങ്ങള്‍ എതെങ്കിലുമുണ്ടായിരുന്നാല്‍ അതിനൊത്ത് ദശാഫലം അനിഷ്ടഫലം ചെയ്യും. അപ്പോള്‍ ദശാനാഥന്‍റെ മേല്‍പ്രകാരമുള്ള അവസ്ഥ നന്നായി ഗ്രഹിച്ചുവേണം ഫലം പറയുവാന്‍.

ഇതേവിധം തന്നെ ദശാനാഥന്‍ സ്വക്ഷേത്രം, ഉച്ചം, ബന്ധുക്ഷേത്രം, കേന്ദ്രത്രികോണഭാവങ്ങള്‍, ധനഭാവം, ലാഭഭാവം എന്നീ സ്ഥാനങ്ങളില്‍ അനിഷ്ടഭാവാധിപത്യബന്ധം കൂടാതെ നിന്നാല്‍ തന്‍റെ ദശാഫലം അതിനൊത്തവിധം പുഷ്ടിപ്രദമായി (ശുഭകരമായി) അനുഭവിപ്പിക്കും.

ലഗ്നാദിത്യചന്ദ്രന്മാരെ അടിസ്ഥാനമാക്കിവേണം ദശാഫലം പറയുവാനെന്ന് സൂചിപ്പിച്ചതിന് കാരണമുണ്ട്. ലഗ്നം ദശാഫലഭോക്താവും ആദിത്യന്‍ ദശാഫലങ്ങളുടെ പാചയിതാവും ചന്ദ്രന്‍ ദശാഫലങ്ങളുടെ പോഷയിതാവുമാണ്. ആ ഈ മൂന്ന് ഗ്രഹങ്ങള്‍ക്കും ദാശാനാഥനും ദശാഫലങ്ങളെ പ്രവര്‍ത്തിപ്പിക്കുന്ന അപഹാരനാഥന്മാര്‍ക്കും തമ്മിലുള്ള ബന്ധവും ബന്ധവൈകല്യങ്ങളും നന്നായി ഗ്രഹിച്ചിരിക്കുന്നതും ദശാഫലവിതരണത്തെ ഫലവത്താക്കും.

ദശാപാകനാഥഗ്രഹം ലഗ്നത്തില്‍ നില്‍ക്കുമ്പോഴും ബന്ധുഗ്രഹം ശുഭഗ്രഹം ഇവരുടെ ദ്രേക്കാണാദിഷഡ്വര്‍ഗ്ഗങ്ങളില്‍ നില്‍ക്കുമ്പോഴും പാകനാഥന്‍റെ ബന്ധുലഗ്നത്തില്‍ നില്‍ക്കുമ്പോഴും ആ ഗ്രഹത്തിന്‍റെ വര്‍ഗ്ഗം ലഗ്നത്തില്‍ വരുമ്പോഴും ശുഭഗ്രഹം ലഗ്നത്തില്‍ വരുമ്പോഴും അല്ലെങ്കില്‍ പാകനാഥന്‍ ലഗ്നത്തില്‍ നിന്ന് 3,6,10,11 എന്നീ ഉപചയ സ്ഥാനങ്ങളില്‍ നില്‍ക്കുമ്പോഴും തുടങ്ങുന്ന ദശാകാലവും അപഹാരകാലവും ഏറ്റവും ശുഭപ്രദമാവും. ഇതിനു വിപരീതമായാല്‍ അശുഭഫലപ്രദമാവും. ദശയുടെയും അപഹാരത്തിന്‍റെയും ശുഭാശുഭാനുഭവകാലം ചന്ദ്രനെക്കൊണ്ട് അറിയണം. ചന്ദ്രന്‍ ദശാപാകനാഥന്‍റെ ബന്ധുക്ഷേത്രത്തിലോ ഉച്ചത്തിലോ ഉപചയസ്ഥാനങ്ങളിലോ 5, 7, 9 ഭാവങ്ങളിലോ ചാരവശാല്‍ വരുന്ന കാലം ശുഭഫലം ചെയ്യും. ഇതിനെതിരായ രാശികളില്‍ ചന്ദ്രന്‍ വരുന്ന കാലം ദശാനാഥന്‍ ഉച്ചസ്ഥനായിരുന്നാല്‍പോലും ശുഭഫലം ചെയ്യുന്നതല്ല.

ഉച്ചബലം, സ്ഥാനബലം, കാലബലം, അയനബലം, ദിഗ്ബലം, ചേഷ്ടാബലം, നൈസര്‍ഗ്ഗികബലം മുതലായവയുള്ള ഗ്രഹത്തിന്‍റെ അഭീഷ്ടസ്ഥാനസ്ഥിതിയോടുകൂടിയ ദശാഫലം ഏറ്റവും ശുഭപ്രദമായി അനുഭവിക്കും. സ്വക്ഷേത്രം, മൂലക്ഷേത്രം എന്നിവയില്‍ നില്‍ക്കുന്ന ഗ്രഹത്തിന്‍റെ ദശാഫലം ശുഭമധ്യമമായി അനുഭവിക്കും. ഉച്ചസ്ഥിതിയിലേയ്ക്ക് പ്രവേശിക്കാന്‍ പോകുന്ന ഗ്രഹത്തിന്‍റെ ദശയും മധ്യമഫലം ചെയ്യും. ബന്ധുക്ഷേത്രം, അതിബന്ധുക്ഷേത്രം എന്നിവയില്‍ നില്‍ക്കുന്ന ഗ്രഹത്തിന്‍റെ ദശാഫലം സാമാന്യം ശുഭഫലം ചെയ്യും. ഇവിടെ ഒരു കാര്യംകൂടി ഓര്‍ക്കേണ്ടതുണ്ട്. ദശാനാഥന്‍, അപഹാരനാഥന്‍ എന്നിവര്‍ പഞ്ചമഹാപുരുഷയോഗകര്‍ത്താക്കളായോ മറ്റേതെങ്കിലും യോഗകര്‍ത്താക്കളയോ നില്‍ക്കുന്നവരാണെങ്കില്‍ ആ യോഗഫലംകൂടി ഈ ദശാകാലത്ത് അനുഭവിക്കുന്നതായിരിക്കും. ഈ പറഞ്ഞ കാര്യങ്ങളെല്ലാം നന്നായി ഗ്രഹിച്ച് അതിനു പാകപ്പെടുത്തി ഓരോ ജാതകത്തിലെയും ദശാഫലങ്ങള്‍ വിവരിക്കണം.


വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.