ഖസ്ഥേർക്കേƒവനിജേ രസാതലഗതേ
യാനപ്രപാതാദ്വധോ
യന്ത്രോൽപീഡനജഃ കുജേƒസ്തമയഗേ
സൌരേന്ദ്വിനാഭ്യുദ്ഗമേ
വിണ്‍മദ്ധ്യേ രുധിരാർക്കിശീതകിരണൈര്‍-
ജ്ജുകാജസൌരർക്ഷഗൈ-
ര്യാതൈർവ്വാ ഗളിതേന്ദുസൂര്യരുധിരൈർ-
വ്യോമാസ്തബന്ധ്വാഹ്വയാൻ.
സാരം :-
- ലഗ്നാൽ പത്താം ഭാവത്തിൽ സൂര്യനും നാലാം ഭാവത്തിൽ ചൊവ്വയും നില്ക്കുന്ന സമയത്ത് ജനിച്ചവൻ ആന, കുതിര, വണ്ടി, മഞ്ചൽ, ഡോലി ഇത്യാദികളായ പലവിധ വാഹനങ്ങളിൽ വെച്ച് ഏതെങ്കിലും ഒന്നിൽ നിന്ന് വീണിട്ടാണ് മരിയ്ക്കുക. ഈ യോഗത്തെ ഈ അദ്ധ്യായത്തിലെ രണ്ടാം ശ്ലോകംകൊണ്ട് മുമ്പ് പറഞ്ഞിട്ടുള്ളതാണ്. എങ്കിലും മറ്റൊരു ഫലത്തോടുകൂടി രണ്ടാമതും ആ യോഗത്തെ തന്നെ ആവർത്തിച്ചതുകൊണ്ട്, യോഗകർത്താക്കന്മാർ നില്ക്കുന്ന രാശിഭേദം ഇവരെക്കുറിച്ചു മറ്റു ഗ്രഹങ്ങളുടെ യോഗേക്ഷണാദികൾ ഇവകൊണ്ടൊക്കെ ചിലപ്പോൾ യോഗഫലങ്ങൾക്കു മാറ്റം സംഭവിയ്ക്കുമെന്നും മറ്റും ഗ്രഹിയ്ക്കേണ്ടതുമാണ്.
- ലഗ്നത്തിൽ സൂര്യനും ചന്ദ്രനും ശനിയും നില്ക്കുക, ഏഴാം ഭാവത്തിൽ ചൊവ്വയും നില്ക്കുക, ഈ യോഗസമയത്തു ജനിച്ചവൻ പലവിധയന്ത്രങ്ങളിൽ ഏതെങ്കിലും ഒന്നിന്റെ ഇടയിൽപ്പെട്ടു ചതഞ്ഞു മരിയ്ക്കുന്നതാണ്.
- തുലാം രാശിയിൽ ചൊവ്വയും മേടം രാശിയിൽ ശനിയും മകരം രാശിയിലോ കുംഭം രാശിയിലോ ചന്ദ്രനും നില്ക്കുന്ന സമയത്താണ് ജനിച്ചതെങ്കിൽ അയാൾ അമേദ്ധ്യേ - മല - ത്തിന്റെ മദ്ധ്യത്തിൽ കിടന്നു മരിയ്ക്കുന്നതാണ്.
- ലഗ്നാൽ പത്താം ഭാവത്തിൽ ബലഹീനനായ ചന്ദ്രനും ഏഴാം ഭാവത്തിൽ സൂര്യനും നാലാം ഭാവത്തിൽ ചൊവ്വയും നില്ക്കുന്ന സമയത്ത് ജനിച്ചവനും, മുകളിലെ യോഗത്തിനു പറഞ്ഞതുപോലെ അമേദ്ധ്യത്തിന്റെ മദ്ധ്യത്തിൽ കിടന്നു മരിയ്ക്കുന്നതാണ്.