രന്ധ്രാസ്പദാംഗഹിബുകൈർല്ലകുടാഹതാംഗഃ
പ്രക്ഷീണചന്ദ്രരുധിരാർക്കിദിനേശയുക്തൈഃ
തൈരേവ കർമ്മനവമോദയപുത്രസംസ്ഥൈർ-
ധൂമാഗ്നിബന്ധനശരീരനികുട്ടനാന്തഃ
സാരം :-
- ലഗ്നാൽ എട്ടാം ഭാവത്തിൽ ക്ഷീണചന്ദ്രനും പത്താം ഭാവത്തിൽ കുജനും ലഗ്നത്തിൽ ശനിയും നാലാം ഭാവത്തിൽ സൂര്യനും നില്ക്കുന്ന സമയത്താണ് ജനിച്ചതെങ്കിൽ കുറുവടി ചമ്മട്ടി കൊരടാവ് ഇത്യാദി പ്രഹരണസാധനങ്ങളേക്കൊണ്ട് തല്ലുകൊണ്ട് മരിയ്ക്കുന്നതാണ്.
- ക്ഷീണചന്ദ്രൻ ലഗ്നാൽ പാത്താം ഭാവത്തിലും ചൊവ്വ ഒമ്പതാം ഭാവത്തിലും ശനി ലഗ്നത്തിലും സൂര്യൻ അഞ്ചാം ഭാവത്തിലും നില്ക്കുന്ന സമയത്താണ് ജനനമെങ്കിൽ. അയാൾ പുകയോ അഗ്നിയോ നിമിത്തമായിട്ടോ ബന്ധനം ഹേതുവായിട്ടോ വടി മുതലായതുകളെക്കൊണ്ടു തല്ലുകൊണ്ടിട്ടോ ആണ് മരിയ്ക്കുക.
മേൽപറഞ്ഞ നാലുഗ്രഹങ്ങളിൽ അധികബലവാൻ ചന്ദ്രനായാൽ (ചന്ദ്രനു ബലമൊഴിച്ചു മറ്റു ബലങ്ങളൊക്കെ ഉണ്ടായാൽ) പുകയും, കുജനായാൽ അഗ്നിയും, ശനിയായാൽ ബന്ധവും, ബലാധികൻ സൂര്യനായാൽ തല്ലുകൊള്ളുകയാണ് മരണകാരണമായിത്തീരുക എന്നും ഒരു അഭിപ്രായമുണ്ട്.