രണ്ടാം ഭാവത്തിൽ, മൂന്നാം ഭാവത്തിൽ ചൊവ്വ നിൽക്കുമ്പോൾ ജനിക്കുന്നവൻ

വികൃതദശനവക്ത്രോ വീതവിദ്യോƒടനോƒസ്വോ
വചസികുജനസേവീ താർക്കികോ ധാതുവാദീ
ശഠമതിരതിശൂരഃ കീർത്തിസൗഖ്യാർത്ഥഭോഗീ
ഗുണനിധിരതിതേജാ ഭ്രാതരി ഭ്രാതൃഹീനഃ

സാരം :-

രണ്ടാം ഭാവത്തിൽ ചൊവ്വ നിൽക്കുമ്പോൾ ജനിക്കുന്നവൻ മുഖവും പല്ലുകളും വികൃതമായിരിക്കുന്നവനും. വിദ്യ കുറഞ്ഞിരിക്കുന്നവനും സഞ്ചാരിയാകയും ധനഹീനനാകയും ദുർജ്ജനങ്ങളെ സേവിക്കുന്നവനാകയും തർക്കശാസ്ത്രജ്ഞനാകയും അല്ലാത്തപക്ഷം വെറുതെ തർക്കിക്കുന്ന സ്വഭാവമുള്ളവനാകയും രസവാദത്തെ ചെയ്യുന്നവനാകയും ചെയ്യും.

മൂന്നാം ഭാവത്തിൽ ചൊവ്വ നിൽക്കുമ്പോൾ ജനിക്കുന്നവൻ ശഠപ്രകൃതിയായും ഏറ്റവും പരാക്രമിയായും യശസ്സും സുഖവും സമ്പത്തും അനുഭവിക്കുന്നവനും അനേകഗുണങ്ങൾ ഉള്ളവനും അനുജന്മാരില്ലാത്തവനും ദീർഘായുസ്സാകയും ചെയ്യും.

ലഗ്നത്തിൽ ചൊവ്വ (കുജൻ) നിൽക്കുമ്പോൾ ജനിക്കുന്നവൻ

ക്ഷതതന്മരതി ക്രൂരോല്പായുർഘന സാഹസീതി
ലഗ്നെ കുജഭാവഫലം.

സാരം :-

ലഗ്നത്തിൽ ചൊവ്വ (കുജൻ) നിൽക്കുമ്പോൾ ജനിക്കുന്നവൻ ഏറ്റവും കോപവും ക്രൗര്യവും ഉള്ളവനായും അല്പായുസ്സായും രോഗാദികളിൽ ദുഃഖിതനായും  ശരീരത്തിൽ മുറിവോ വ്രണമോ സംഭവിക്കുകയും  ഒരേടത്തും സ്ഥിരതയില്ലാത്തവനായും കുത്സിതശരീരവും ഉഗ്രത്വവും ഉള്ളവനായും സാഹസിയായും ഭവിക്കും.

അശുഭായോഗത്തിൽ ജനിക്കുന്നവൻ

അശുഭായോഗേ ജാതോ
മായാവീ വാക്ശഠോƒതിസന്താപീ
ക്ഷീണായുരല്പബുദ്ധി-
ശ്ചലസ്വഭാവോƒതിവികലാംഗഃ

സാരം :-

അശുഭായോഗത്തിൽ ജനിക്കുന്നവൻ കപടവും ജാലവിദ്യയും ഉള്ളവനായും ശഠവാക്കായും ഏറ്റവും സന്താപമുള്ളവനായും അല്പായുസ്സായും ബുദ്ധിഹീനനായും അസ്ഥിരപ്രകൃതിയായും അംഗവൈകല്യമുള്ളവനായും ഭവിക്കും.

*******************************

കുജാദികളായ അഞ്ചുഗ്രഹങ്ങളിലാരെങ്കിലും ലഗ്നാൽ പന്ത്രണ്ടാം ഭാവത്തിൽ നിന്നാൽ അശുഭായോഗമാകുന്നു.

പന്ത്രണ്ടാം ഭാവത്തിൽ ചന്ദ്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ

നയനരുഗലസോƒന്ത്യേനിർദ്ധനവ്യംഗനിന്ദ്യഃ
പതിതവികലഭഗ്നാ ദുഃഖിതോന്ത്യഃ പ്രവാസീ
ക്ഷതതനുരതിചണ്ഡോല്പായുരാർത്തോƒടനഃ സ്യാ-
ദ്വപുഷി കുതനുരുഗ്രസ്സാഹസീ ലോഹിതാംഗേ.

സാരം :-

പന്ത്രണ്ടാം ഭാവത്തിൽ ചന്ദ്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ കണ്ണിനു രോഗാദ്യുപദ്രവമുള്ളവനായും മടിയനായും ധനഹീനനായും അംഗവൈകല്യമുള്ളവനായും നിന്ദ്യനായും കുലഭ്രഷ്ടനായും സകല കാര്യങ്ങളിലും വൈകല്യവും തോൽവിയും സംഭവിക്കുന്നവനായും ദുഃഖിതനായും നീചനായും അന്യദേശവാസിയായും ഭവിക്കും.

പത്താം ഭാവത്തിൽ, പതിനൊന്നാം ഭാവത്തിൽ ചന്ദ്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ

കൃഷിഗുണധനധാന്യസ്ത്രീവിലാസാംബരാല-
ങ്കരണസുഖബലൗദാര്യാജ്വലഃ പ്രാജ്യകീർത്തിഃ
നഭസിസസുതസമ്പദ്ഭൃത്യവിദ്യായുരോജോ-
ഗുണബലമതിരായേ ഭൂരിദാതാ ച ശൂരഃ.

സാരം :-

പത്താം ഭാവത്തിൽ ചന്ദ്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ കൃഷിഗുണവും തന്നിമിത്തം ധനധാന്യാഭിവൃദ്ധിയും സ്ത്രീകളുടെ ശൃംഗാരാദി രസഭാവങ്ങളിൽ നിന്നുള്ള സുഖവും വിശേഷവസ്ത്രങ്ങളുടെ അലങ്കാരങ്ങളും പല പ്രകാരേണ സുഖവും ബലവും ഔദാര്യവും നിമിത്തം ഉൽകൃഷ്ടനായും ഏറ്റവും യശഃസ്വിയായും ഭവിക്കും.

പതിനൊന്നാം ഭാവത്തിൽ ചന്ദ്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ വളരെ പുത്രന്മാരും സമ്പത്തും ഭൃത്യന്മാരും വിദ്യയും ആയുസ്സും ഓജസ്സും അനേകഗുണങ്ങളും പ്രബലതയും ബുദ്ധിശക്തിയും ദാനശീലവും ഉള്ളവനായും ഏറ്റവും ശൂരനായും ഭവിക്കും.

എട്ടാം ഭാവത്തിൽ, ഒമ്പതാം ഭാവത്തിൽ ചന്ദ്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ

 കലഹരതിരവിദ്യാത്യാഗധീ രോഗഭാഗീ
രുചിരതനുരനായുർല്ലക്ഷ്മവാനഷ്ടമസ്ഥേ
തപസി തനയധർമ്മത്യാഗവാംസ്താതഭക്ത-
സ്സസുഖധനസുഹൃൽ സ്ത്രീകാമുകോ യാമിനീശേ.

സാരം :-

എട്ടാം ഭാവത്തിൽ ചന്ദ്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ കലഹപ്രിയനായും വിദ്യയും ഔദാര്യവും ഇല്ലാത്തവനായും രോഗപീഡിതനായും സുന്ദരശരീരനായും ആയുർദൈർഗ്ഘ്യമില്ലാത്തവനായും ശരീരത്തിൽ വ്രണകിണാദികളായ ചിഹ്നങ്ങളുള്ളവനായും ഭവിക്കും.

ഒമ്പതാം ഭാവത്തിൽ ചന്ദ്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ പുത്രന്മാരും പുണ്യവും ധർമ്മവും സദാചാരവും ഔദാര്യവും ഉള്ളവനായും പിത്രാദിഗുരുജനങ്ങളിൽ ഭക്തിയും സുഖവും ധനവും ബന്ധുക്കളും ഉള്ളവനായും സ്ത്രീകൾക്ക് കാമത്തെ ജനിപ്പിക്കുന്നവനായും ഭവിക്കും.

ആറാം ഭാവത്തിൽ, ഏഴാം ഭാവത്തിൽ ചന്ദ്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ

ഖലമതിരുദരാന്തശ്ശോഫരോഗീ ച നിന്ദ്യഃ
ക്ഷരജൂഷി പരിഭൂതശ്ചാലസോƒനായതായുഃ
വിഭവസുഭഗസുഭ്രൂ സംഗമർത്ഥോപഭോഗീ
യുവതിജനജിതേƒസ്തേ കാമുകഃ സ്യാദ്ദയാലുഃ

സാരം :-

ആറാം ഭാവത്തിൽ ചന്ദ്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ ക്രൂരബുദ്ധിയായും വയറ്റിൽ നീരും വേദനയും മറ്റു രോഗങ്ങളും ഉള്ളവനായും നിന്ദ്യനായും എല്ലായിടത്തും തോൽവി പറ്റുന്നവനായും മടിയനായും ആയുർബ്ബലമില്ലാത്തവനായും ഭവിക്കും.

ഏഴാം ഭാവത്തിൽ ചന്ദ്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ സമ്പത്തും സൗഭാഗ്യവും സൗന്ദര്യവും ഉള്ളവനായും കളത്രസുഖവും കാമോപഭോഗവും ധനവും ഉള്ളവനായും സ്ത്രീജിതനായും കാമാധിക്യവും ദയാശീലവും ഉള്ളവനായും ഭവിക്കും.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.