കന്യൈവ ദുഷ്ടാ വ്രജതീഹ ദാസ്യം
സാധ്വീ സമായാ കുചരിത്രയുക്താ
ഭൂമ്യാത്മജർക്ഷേ ക്രമശോംശകേഷു
വക്രാർക്കിജീവേന്ദുജഭാർഗ്ഗവാണാം.
സാരം :-
ലഗ്നമോ ചന്ദ്രനോ (ലഗ്നചന്ദ്രന്മാരിൽ ബലം അധികമുള്ളതുകൊണ്ടാണ് ഈ ത്രിംശാംശകഫലം പറയേണ്ടതെന്നു ഈ അദ്ധ്യായത്തിലെ ആറാം ശ്ലോകംകൊണ്ടു പറയുന്നതുമുണ്ട്) കുജക്ഷേത്രത്തിൽ കുജന്റെ ത്രിംശാംശകത്തിൽ നിന്നാൽ അവൾ കന്യകയായി ഇരിയ്ക്കുമ്പോൾ തന്നെ വ്യഭിചാരിണിയും, അവ - ലഗ്നചന്ദ്രന്മാരിൽ - കുജക്ഷേത്രത്തിൽ ശനിത്രിംശാംശകത്തിൽ നിന്നാൽ കന്യകയായി ഇരിക്കുമ്പോൾ തന്നെ ദാസിയായിത്തീരുന്നവളും, കുജക്ഷേത്രത്തിൽ വ്യാഴത്രിംശാംശകത്തിൽ നിന്നാൽ പതിവ്രതയും, കുജക്ഷേത്രത്തിൽ ബുധത്രിംശാംശകത്തിൽ നിന്നാൽ കപടത്തോടുകൂടിയവളും, കുജക്ഷേത്രത്തിൽ ശുക്രത്രിംശാംശകത്തിൽ നിന്നാൽ കുത്സിതമായ ചാരിത്ര - പാതിവ്രത്യ - ത്തോടുകൂടിയവളും ആകുന്നതാണ്.