അന്തശ്ശശിന്യശുഭയോർമ്മദഗേ പതംഗേ
ശ്വാസക്ഷയപ്ലിഹകവിദ്രധി ഗുൽമഭാജഃ
ശോഷീ പരസ്പരഗൃഹാംശകയോ രവീന്ദ്വോഃ
ക്ഷേത്രേƒഥവാ യുഗപദേകഗയോഃ കൃശോ വാ.
സാരം :-
ലഗ്നാൽ ഏഴാം ഭാവത്തിൽ സൂര്യൻ നിൽക്കുക ചന്ദ്രൻ (ചന്ദ്രന്റെ സ്ഥിതി ഏതു ഭാവത്തിലായാലും വേണ്ടതില്ല) പാപമദ്ധ്യസ്ഥനുമാവുക; ഈ യോഗലക്ഷണമുള്ളപ്പോൾ ജനിച്ചവന് തമകാദി ശ്വാസരോഗങ്ങൾ രാജയക്ഷ്മാവ് പ്ലീഹ വിദ്രധി ഗുന്മൻ എന്നിവയിൽ ഏതെങ്കിലും ഒന്നോ അധികമോ രോഗങ്ങൾ അനുഭവിയ്ക്കേണ്ടി വരുന്നതാണ്. ഇന്നിന്ന രോഗങ്ങളൊക്കെയാണ് അനുഭവിയ്ക്കേണ്ടിവരിക എന്നും മറ്റും ചന്ദ്രന്റെ രാശ്യംശകയോഗേക്ഷണാദികളെക്കൊണ്ടു തീർച്ചയാക്കുകയും വേണം. ചന്ദ്രന്റെ സ്ഥിതി ശനിക്ഷേത്രത്തിലാണെങ്കിൽ ശ്വാസരോഗവും, വ്യാഴക്ഷേത്രത്തിലാണെങ്കിൽ ക്ഷയവും, ബുധക്ഷേത്രത്തിലാണെങ്കിൽ പ്ലീഹയും, ചൊവ്വയുടെ ക്ഷേത്രത്തിലാണെങ്കിൽ വിദ്രധിയും, ശുക്രക്ഷേത്രത്തിലാണെങ്കിൽ ഗുന്മനുമാണ് ഉണ്ടാവുക എന്നും ചിലർ പറഞ്ഞുകാണുന്നുണ്ട്.
ഒന്നുകിൽ കർക്കടകം രാശിയിൽ സൂര്യനും ചിങ്ങം രാശിയിൽ ചന്ദ്രനും നില്ക്കുക, അല്ലെങ്കിൽ സൂര്യൻ കർക്കടകക്കാലംശകത്തിലും ചന്ദ്രൻ ചിങ്ങക്കാലംശകത്തിലും നില്ക്കുക; മുകളിൽ രണ്ടുവിധം പറഞ്ഞതിൽ ഒരു ലക്ഷണമുള്ളപ്പോൾ ജനിച്ചവനു ശോഷം എന്ന രോഗമുണ്ടാവും. രസാദിധാതുക്ഷയം നിമിത്തം ഉണ്ടാകുന്ന ശരീരകാർശ്യത്തിനാണ് ശോഷം എന്നിവിടെ പറഞ്ഞതെന്നും അറിയുക.
സൂര്യചന്ദ്രന്മാർ ഒരുമിച്ചു ഒന്നുകിൽ കർക്കടകം രാശിയിൽ അല്ലെങ്കിൽ ചിങ്ങം രാശിയിൽ നിൽക്കുക; ഈ യോഗസമയത്തു ജനിച്ചാൽ അയാളുടെ ശരീരം ഉയരവും വണ്ണവും നന്നേ കുറഞ്ഞു കൃശമായിരിയ്ക്കുന്നതാകുന്നു.