ശശിലഗ്നസമായുക്തൈഃ ഫലം ത്രിംശാംശകൈരിദം
ബലാബലവികല്പേന തയോരുക്തം വിചിന്തയേൽ.
സാരം :-
മുകളിൽ മൂന്നു ശ്ലോകംകൊണ്ടു പറഞ്ഞ ത്രിംശാംശകഫലത്തെ ജനനസമയത്തെ ലഗ്നചന്ദ്രന്മാരിൽ ബലം അധികമുള്ളതുകൊണ്ടാണ് പറയേണ്ടത്. മാത്രമല്ല, ത്രിംശാംശകാധിപൻ ബലപൂർണ്ണനാണെങ്കിൽ മാത്രമേ ഫലം പൂർണ്ണമായും അനുഭവയോഗ്യമാകയുള്ളൂവെന്നും ത്രിംശാംശകാധിപനു ബലം തീരെ ഇല്ലെങ്കിൽ അത്യല്പം മാത്രമേ അനുഭവിയ്ക്കയുള്ളൂവെന്നും മറ്റും "ബലാബലവികല്പേന" എന്നതുകൊണ്ടു സൂചിപ്പിച്ചിട്ടുണ്ടെന്നും അറിയണം.
ജനനസമയത്തെ ലഗ്നചന്ദ്രന്മാരുടെ സ്ഫുടത്തെ ഒരുമിച്ചു കൂട്ടിയാലുണ്ടാവുന്ന ത്രിംശാംശകംകൊണ്ടാണു ഈ ത്രിംശാംശകഫലം പറയേണ്ടതെന്നു "ശശിലഗ്നസമായുക്തൈഃ" എന്നതുകൊണ്ട് സൂചിപ്പിച്ചിട്ടുണ്ടെന്നും ഒരു അഭിപ്രായം കൂടിയുണ്ട്.