നീണ്ടു നിവർന്ന വിരലുകളും താമരപ്പൂവിന്റെ നിറവുമുള്ള കൈപ്പത്തിയോടുകൂടിയവൾ ഉത്തമിയും സുഭഗയും സുശീലയും ധനികയുമാകുന്നു.
കയ്യിൽ ആറുവിരലുള്ള സ്ത്രീ ഭാഗ്യവതിയാണെങ്കിലും വ്യഭിചാരദോഷം നിമിത്തം വ്യാകുലചിത്തയായിത്തീരും.
ആറാമത്തെ വിരൽ തള്ളവിരലിനോടു ചേർന്നതാണെങ്കിൽ അവൾ ദരിദ്രയും സന്താനഭാഗ്യമുള്ളവളുമാകുന്നു.
ആറാമത്തെ വിരൽ ചെറുവിരലിനോടു ചേർന്നതാണെങ്കിൽ അവൾ ഭർത്തൃമതിയും ധനികയുമായിരിക്കും.
നടുക്കു കുഴിയാതെ മാംസളമായ കൈപ്പത്തികളുള്ളവൾ വ്യഭിചാരിണിയാകുന്നു.
തേനിന്റെ നിറമുള്ള കൈപ്പത്തിയോടു കൂടിയവൾ അധികാരമുള്ള ഉദ്യോഗത്തിലിരിക്കുമെങ്കിലും സന്താനദുഃഖമനുഭവിക്കും.
നീളംകുറഞ്ഞ തള്ളവിരലുള്ളവൾ ദരിദ്രയും അഹങ്കാരിണിയുമാകുന്നു.
ശരിയായ തള്ളവിരലും നീളം കുറഞ്ഞ മറ്റുവിരലുകളുമുള്ളവൾ വ്യഭിചാരിണിയും ധനികയുമാകുന്നു.
തിങ്ങി മാംസളമായ വിരലുകളോടു കൂടിയ കൈപ്പത്തികളുള്ളവൾ ധനം വാരിക്കൂട്ടുമെങ്കിലും ദരിദ്രയായി ജീവിതമവസാനിപ്പിക്കും.
അടിവശം അകന്ന വിരലുകളാലങ്കിതമായ കൈപ്പത്തികളുള്ളവൾ ധനികയല്ലെങ്കിലും സുഖമായി ജീവിക്കുന്നവളും ദാനധർമ്മങ്ങൾ ചെയ്യുന്നവളുമാകുന്നു.
മുക്കോണാകൃതിയിൽ കൈപ്പത്തിയുള്ള സ്ത്രീ അഹങ്കാരിണിയും ആരേയും വകവയ്ക്കാത്തവളുമാകുന്നു.
ചതുരക്കൈയുള്ളവൾ ധനികയും വ്യഭിചാരിണിയുമാകുന്നു.
തുമ്പുകൂർത്ത വിരലുകളോടുകൂടിയ കൈപ്പത്തിയുള്ള സ്ത്രീ കലാകോവിദയും സുഖമനുഭവിക്കുന്നവളുമായിരിക്കും.
തള്ളവിരലൊഴികെ ബാക്കി നാലു വിരലുകളും ഒരേ നീളത്തിൽ നില്ക്കുന്ന കൈപ്പത്തിയുള്ളവൾ നിത്യദരിദ്രയും അനവധി സന്താനങ്ങളുടെ മാതാവുമായിരിക്കും.
ചൂണ്ടുവിരലും നടുവിരലും മാത്രം ഒരേ നീളമായിരുന്നാൽ അവൾ രാഷ്ട്രീയപ്രവർത്തകയാകുന്നു.