മദനവശഗതേ മൃദുശ്ച ചാന്ദ്രേ
ത്രിദശഗുരോർഗ്ഗുണവാൻ ജിതേന്ദ്രിയശ്ച
അതിമൃദുരതികർമ്മകൃച്ച സൌരേ
ഭവതി ഗൃഹേസ്തമയസ്ഥിതേംശകേ വാ.
സാരം :-
ഏഴാംഭാവം ചന്ദ്രക്ഷേത്രമാവുകയോ ഏഴാം ഭാവത്തിൽ ചന്ദ്രനവാംശകം വരികയോ ചെയ്‌താൽ ഭർത്താവ് അതികാമിയും ദേഹത്തിനും വാക്കിനും മനസ്സിനും മാർദ്ദവമുള്ളവനുമായിരിയ്ക്കും.
ഏഴാംഭാവം വ്യാഴക്ഷേത്രമാവുകയോ ഏഴാം ഭാവത്തിൽ വ്യാഴത്തിന്റെ നവാംശകം വരികയോ ചെയ്‌താൽ ഭർത്താവ് സൌന്ദര്യം സൌശീല്യം വിദ്യ അറിവ് സത്യം ദയ ഇത്യാദി ഗുണങ്ങളുള്ളവനും, ജിതേന്ദ്രിയനുമായിരിയ്ക്കും.
ഏഴാംഭാവം സൂര്യക്ഷേത്രമാവുകയോ ഏഴാം ഭാവത്തിൽ സൂര്യന്റെ നവാംശകം ഉണ്ടാവുകയോ ചെയ്‌താൽ അവളുടെ ഭർത്താവ് അതികഠിനമായ ദേഹത്തോടും ക്രൂരസ്വഭാവത്തോടും കൂടിയവനും അനവധി പണി എടുക്കുന്നവനുമായിരിയ്ക്കുന്നതാണ്.
ഏഴാം ഭാവത്തിൽ ബലമുള്ള ഗ്രഹങ്ങളൊന്നും ഇല്ലെങ്കിൽ മേൽപ്പറഞ്ഞ ഫലങ്ങളെ ചിന്തിയ്ക്കേണ്ടതുള്ളൂ. ഗ്രഹങ്ങളുണ്ടെങ്കിൽ അവരെക്കൊണ്ടാണ് ഫലം പറയേണ്ടത്. ഏഴാം ഭാവത്തിൽ ബലവാന്മാരായ ഗ്രഹങ്ങളൊന്നും ഇല്ലാതെ വരിക, ഏഴാംഭാവത്തിനു ബലവും ഏഴാം ഭാവത്തിൽ ഏതെങ്കിലും ഗ്രഹങ്ങളുടെ അംശകവുമുണ്ടാവുക, ഇങ്ങനെ വന്നാൽ ആ ഏഴാംഭാവരാശിയ്ക്കും അവിടെയുള്ള നവാംശകത്തിനു (ഇവരണ്ടിനും) പറഞ്ഞ ഫലങ്ങളൊക്കയും പറയേണ്ടതുമാണ്.