ശൂന്യേ കാപുരുഷോƒബലേസ്തഭവനേ
സൌമ്യഗ്രഹാവീക്ഷിതേ
ക്ലീബോസ്തേ ബുധമന്ദയോശ്ചരഗൃഹേ
നിത്യം പ്രവാസാന്വിതഃ
ഉൽസൃഷ്ടാ തരണൌ കുജേ തു വിധവാ
ബാല്യേസ്തരാശിസ്ഥിതേ
കന്യൈവാശുഭവീക്ഷിതേƒർക്കതനയേ
ദ്യൂനേ ജരാം ഗച്ഛതി.
ഏഴാം ഭാവത്തിൽ ഒരു ഗ്രഹവുമില്ലാതേയും, ഏഴാം ഭാവത്തിനു ബലവും ശുഭദൃഷ്ടിയുമില്ലാതേയും വന്നാൽ അവളുടെ ഭർത്താവ് ഒരു നിന്ദിതപുരുഷനാകുമെന്നു പറയണം. ഏഴാം ഭാവത്തിൽ ഗ്രഹങ്ങളൊന്നും ഇല്ലെങ്കിലും ഏഴാംഭാവത്തിനു ബലമോ ശുഭഗ്രഹദൃഷ്ടിയോ ഉണ്ടായാൽ ഈ യോഗഫലത്തിനു ശക്തി കുറയുമെന്നും അറിയേണ്ടതാണ്.
ഏഴാം ഭാവത്തിൽ ബുധനോ ശനിയോ നിന്നാൽ അവളുടെ ഭർത്താവ് പുരുഷാകൃതിയുക്തനും പുംസ്ത്വ - ബീജബല - വിഹീനനുമായിരിയ്ക്കുന്നതാണ്.
ഏഴാം ഭാവം ചരരാശിയാണെങ്കിൽ ഭർത്താവ് സദാ വിദേശവാസിയും സഞ്ചാരിയുമാവും. ഏഴാം ഭാവം ഉഭയരാശിയായാൽ ഭർത്താവ് ഒന്നിച്ചും വളരെ അകലെയുമല്ലാതെ വസിയ്ക്കുന്നവനും ഏഴാം ഭാവം സ്ഥിരരാശിയാണെങ്കിൽ ഭർത്താവ് ഒരുമിച്ചുതന്നെ താമസിയ്ക്കുന്നവനുമായിരിയ്ക്കുമെന്നും അറിയണം.
ഏഴാം ഭാവത്തിൽ പാപഗ്രഹദൃഷ്ടിയോടുകൂടിയ സൂര്യൻ നിന്നാൽ ഭർത്താവ് ഉപേക്ഷിയ്ക്കുന്നതാണ്.
ഏഴാം ഭാവത്തിൽ പാപഗ്രഹദൃഷ്ടിയോടുകൂടിയ ചൊവ്വ (കുജൻ) നിന്നാൽ ബാല്യ - വിവാഹം കഴിഞ്ഞ ഉടനെ - കാലത്തുതന്നെ വിധവയായിത്തീരും.
പാപഗ്രഹദൃഷ്ടിയോടുകൂടിയ ശനി ഏഴാം ഭാവത്തിൽ നിന്നാൽ അവൾ കന്യകയായിട്ടുതന്നെ ജരാനരകളേയും വാർദ്ധക്യവും പ്രാപിയ്ക്കുന്നതാകുന്നു.
ഇതിലെ " അശുഭവീക്ഷിതേ " എന്ന പദം " തരണൌ " "കുജേ " എന്നീ രണ്ടു ദിക്കിലേയ്ക്കും അന്വയിയ്ക്കാതേയാണ് അധികം ആളുകളും വ്യാഖ്യാനിച്ചു കാണുന്നത്. അപ്രകാരമായാൽ കുറച്ച് പൂർവ്വാപരവിരോധം നേരിടുമോ എന്നു ശങ്കിയ്ക്കുന്നു. എന്തെന്നാൽ അടുത്ത ശ്ലോകത്തിൽ " ആഗ്നേയൈർവ്വിധവാസ്തരാശി സഹിതൈ " എന്നുള്ളേടത്തു ഏഴാംഭാവത്തിൽ മൂന്നിൽ കുറയാതെ ആഗ്നേയഗ്രഹങ്ങൾ നിന്നാലാണ് വൈധവ്യമനുഭവിയ്ക്കുക എന്നും പ്രകൃതശ്ലോകത്തിൽ ചൊവ്വ (കുജൻ) മാത്രം ഏഴാം ഭാവത്തിൽ നിന്നാൽ വൈധവ്യമനുഭവിയ്ക്കുമെന്നും ആണ് പറഞ്ഞിട്ടുള്ളത്. ചൊവ്വ ആഗ്നേയഗ്രഹമാണ്. അപ്പോൾ പ്രകൃതശ്ലോകത്തിൽ കുജൻ - ഒരു ആഗ്നേയൻ - മാത്രം ഏഴാം ഭാവത്തിൽ നിന്നാൽ ഭർത്തൃമരണമെന്നും അടുത്ത ശ്ലോകത്തിൽ മൂന്ന് ആഗ്നേയഗ്രഹങ്ങൾ ഏഴാം ഭാവത്തിൽ നിന്നാൽ ഭർത്തൃമരണമെന്നും ആണല്ലോ വന്നുകൂടിയത്; ഇതാണ് പൂർവ്വാപരവിരോധം എന്നു മുകളിൽ കാണിച്ചതിന്റെ താല്പര്യം. ഈ വിരോധം നിമിത്തമാണ് ഇവിടെ " അശുഭവീക്ഷിതേ " എന്ന പദം " കുജേ " എന്നേടത്തേയ്ക്കും മറ്റും അന്വയിച്ചിട്ടുള്ളതെന്നും അറിയണം.