യുഗ്മേഷുലഗ്നശശിനോഃ പ്രകൃതിസ്ഥിതാ സ്ത്രീ
സച്ഛീലഭൂഷണയുതാ ശുഭദൃഷ്ടയോശ്ച
ഓജസ്ഥയോശ്ച പുരുഷാകൃതിശീലയുക്താ
പാപാ ച പാപയുതവീക്ഷിതയോർഗ്ഗുണോനാ.
സാരം :-
ഉദയലഗ്നം ഏതെങ്കിലുമൊരു യുഗ്മരാശിയാവുക, ചന്ദ്രൻ ഒരു യുഗ്മരാശിയിൽ നില്ക്കുകയും ചെയ്ക; സ്ത്രീജാതകവശാൽ ഈ ലക്ഷണമുണ്ടായാൽ സ്ത്രീകൾക്കനുരൂപമായ ദേഹപ്രകൃതി മൃദുഭാഷിത്വാദി മറ്റവസ്ഥകൾ ഇത്യാദികളൊക്കെ അവൾക്കുണ്ടായിരിയ്ക്കുന്നതാണ്.
മേൽപറഞ്ഞവിധം ചന്ദ്രലഗ്നങ്ങൾ യുഗ്മരാശിയിൽ വരിക ഇവ രണ്ടിനും ശുഭഗ്രഹങ്ങളുടെ യോഗമോ ദൃഷ്ടിയോ ഉണ്ടാവുകയും ചെയ്ക ഈ ലക്ഷണമുണ്ടായാൽ, മുൻപറഞ്ഞ ഗുണങ്ങൾക്കും പുറമേ അവൾ സൽസ്വഭാവത്താൽ അലംകൃതയുമായിരിയ്ക്കുന്നതാണ്. അഥവാ മുൻപറഞ്ഞ ഗുണങ്ങൾക്കു പുറമേ സൽസ്വഭാവത്തോടും പലവിധ ആഭരണങ്ങളോടും കൂടി ഇരിയ്ക്കുന്നതാണ്.
ചന്ദ്രനും ലഗ്നവും ഓജരാശിസ്ഥിതങ്ങളായാൽ അവളുടെ ദേഹപ്രകൃതിയും സ്വഭാവാദിമറ്റവസ്ഥകളും പുരുഷന്മാരുടേതുപോലെ ആയിരിയ്ക്കുന്നതാണ്.
ചന്ദ്രലഗ്നങ്ങൾ ഓജരാശിയിൽ തന്നെ വരിക, ഇവ രണ്ടിനും പാപഗ്രഹങ്ങളുടെ യോഗമോ ദൃഷ്ടിയോ ഉണ്ടാവുകയും ചെയ്ക; സ്ത്രീജാതകവശാൽ ഈ ലക്ഷണമുണ്ടായാൽ ദേഹപ്രകൃതിയും സ്വഭാവാദിമറ്റവസ്ഥകളും പുരുഷന്മാരുടേതുപോലെ ആകുന്നതിനും പുറമേ അവൾ ശീലഗുണം ഒട്ടും തന്നെ ഇല്ലാത്തവളും പാപകർമ്മങ്ങളെ ആചരിക്കുന്നവളുമായിത്തീരുന്നതാണ്.
ലഗ്നചന്ദ്രന്മാരുടെ ഓജയുഗ്മത്വാദിസ്ഥിതി അവയെക്കുറിച്ചു ശുഭഗ്രഹങ്ങളുടേയോ പാപഗ്രഹങ്ങളുടേയോ ദൃഷ്ടിയോഗാദികൾ ഇവയെക്കൊണ്ടൊക്കെ സ്ത്രീകളുടെ മറ്റു അവസ്ഥകളേയും ചിന്തിച്ചു പറയുകയും ചെയ്യാം.