വംശച്ഛേത്താ ഖമദസുഖഗൈശ്ചന്ദ്രദൈത്യേഡ്യപാപൈഃ
ശില്പീ ത്ര്യംശേ ശശിസുതയുതേ കേന്ദ്രസംസ്ഥാർക്കിദൃഷ്ടേ
ദാസ്യാം ജാതോ ദിതിസുതഗുരൌ രിഃഫഗേ സൌരഭാഗേ
നീചോർക്കേന്ദ്വോർമ്മദനഗതയോർദൃഷ്‌ടയോഃ സൂര്യജേന.
സാരം :-
ലഗ്നാൽ പത്താംഭാവത്തിൽ ചന്ദ്രനും ഏഴാം ഭാവത്തിൽ ശുക്രനും നാലാം ഭാവത്തിൽ പാപഗ്രഹങ്ങളും നിൽക്കുക. ഈ യോഗലക്ഷണമുള്ളപ്പോഴാണ് ജനിച്ചതെങ്കിൽ അയാളുടെ വംശം അവിടെ നിന്നു മുകളിലേയ്ക്കു വർദ്ധിയ്ക്കുന്നതല്ല. ഔരസപുത്രൻ ഉണ്ടാകയില്ലെന്നു മാത്രമല്ല ദത്തൻ കൃത്രിമൻ ക്രീതൻ ഇത്യാദികളായ ഒരു വിധത്തിലുള്ള പുത്രന്മാർ ഉണ്ടാകാതെ വംശനാശം വരുന്നതാണെന്നു താല്പര്യം.
ലഗ്നദ്രേക്കാണത്തിൽ നിൽക്കുന്ന ബുധനെ ലഗ്നകേന്ദ്രത്തിൽ നില്ക്കുന്ന ശനി നോക്കുക. കുറച്ചുകൂടി വ്യക്തമാക്കാം. ലഗ്നം ഇടവം രാശിയിൽ മദ്ധ്യദ്രേക്കാണമാണെന്നും ഇടവം രാശിയിൽ രണ്ടാം ദ്രേക്കാണത്തിൽ ബുധൻ നില്ക്കുന്നുണ്ടെന്നു വിചാരിയ്ക്കുക. എന്നാൽ ചിങ്ങത്തിന്റെയോ വൃശ്ചികത്തിന്റെയോ മദ്ധ്യദ്രേക്കാണത്തിൽ ശനി നിന്നുകൊണ്ടു ബുധനെ നോക്കണമെന്നു താലപര്യം. അതിനാണ് "ത്ര്യംശേ" എന്നിവിടെ പറഞ്ഞിട്ടുള്ളത്. ഈ യോഗസമയത്തു ജനിച്ചവൻ തനിയ്ക്കുണ്ടായിരുന്ന സർവ്വസ്വവും നശിയ്ക്കുകയാൽ കൌശലപ്പണികളെകൊണ്ടും മറ്റും ഉപജീവനം കഴിയ്ക്കേണ്ടിവരുന്നതാണ്.
ലഗ്നാൽ പന്ത്രണ്ടാംഭാവത്തിൽ ശനിയുടെ ദ്രേക്കാണത്തിൽ ശുക്രൻ നിന്നാൽ അയാൾ ദാസീപുത്രനാണെന്നു പറയണം. അയാളുടെ മാതാവ് അജീവനാന്തം ദാസ്യപ്രവൃത്തി ചെയ്തു ഉപജീവനം കഴിയ്ക്കേണ്ടി വരുന്നവളാണെന്നു സാരം.
ലഗ്നാൽ ഏഴാം ഭാവത്തിൽ സൂര്യചന്ദ്രന്മാർ നില്ക്കുക അവരെ ശനി നോക്കുകയും ചെയ്ക. ഈ യോഗസമയത്തു ജനിച്ചവൻ എപ്പോഴും അനുചിതകർമ്മത്തെ അനുഷ്ഠിയ്ക്കുന്നവനായിരിയ്ക്കുകയും ചെയ്യും.