ക്രൂരേഷ്ടമേ വിധവതാ നിധനേശ്വരോംശേ
യസ്യ സ്ഥിതോ വയസി തസ്യ സമേ പ്രദിഷ്ടാ
സൽസ്വാർത്ഥഗേഷു മരണം സ്വയമേവ തസ്യാഃ
കന്യാളിഗോഹരിഷു ചാല്പസുതത്വമിന്ദൌ.
സാരം :-
സ്ത്രീജാതകത്തിൽ ലഗ്നചന്ദ്രന്മാരിൽ ബലം അധികമുള്ളതിന്റെ എട്ടാം ഭാവത്തിൽ ഒരു പാപഗ്രഹം നിന്നാൽ എട്ടാം ഭാവാധിപന്റെ നവാംശകാധിപന്റെ നൈസർഗ്ഗികകാലത്ത് * അഥവാ എട്ടാം ഭാവാധിപന്റെ നവാംശകനാഥന്റെ ദശാപഹാരാദി കാലങ്ങളിൽ ആ സ്ത്രീ വൈധവ്യം അനുഭവിയ്ക്കുന്നതാണ്. ഇവിടെ "ക്രൂരേ" എന്നു പറഞ്ഞിട്ടുള്ളതിനാൽ ലഗ്നദ്രേക്കാണം മുതൽ ഇരുപത്തിരണ്ടാം ദ്രേക്കാണത്തിൽ പാപഗ്രഹം നില്ക്കണമെന്നു ചിലരും, കുജനു "ക്രൂരദൃക്" എന്നു സംജ്ഞയുണ്ടാകയാൽ എട്ടാം ഭാവത്തിൽ ചൊവ്വ നില്ക്കണമെന്നു ചിലരും വാദിയ്ക്കുന്നു. എന്നാൽ ഈ വാദങ്ങൾക്കൊന്നും അസംഗത്യമില്ലെങ്കിലും യഥാശ്രുതവും ശരിയുമായ അർത്ഥമനുസരിയ്ക്കുന്നതായാൽ ഒരു പാപഗ്രഹം എട്ടാം ഭാവത്തിൽ നിന്നാൽ വൈധവ്യലക്ഷണമാകുന്നതാണെന്നും അറിയണം. ഇവിടെ കുറച്ചുകൂടി ചിന്തിയ്ക്കേണ്ടതുണ്ട്. സ്ത്രീജാതകത്തിൽ തന്റേയും ഭർത്താവിന്റേയും ആയുസ്സിനെ ചിന്തിയ്ക്കേണ്ടത് എട്ടാം ഭാവംകൊണ്ടാണെന്നും ഒന്നാമദ്ധ്യായത്തിലെ പതിനഞ്ചാം ശ്ലോകകങ്ങളെക്കൊണ്ട് യഥാക്രമം പറഞ്ഞിട്ടുണ്ടല്ലോ. ഈ സ്ഥിതിയ്ക്കു എട്ടാം ഭാവത്തിൽ നിൽക്കുന്ന പാപഗ്രഹം വൈധവ്യകാരൻ മാത്രമല്ല, അതു തന്റെ മരണകാരകൻ കൂടിയാണെന്നും വരുന്നുണ്ട്. അപ്പോൾ ഭർത്താവിന്റെ ജാതകവശാൽ ദീർഘായുസ്സനുഭവിയ്ക്കാൻ പൂർണ്ണലക്ഷണമുണ്ടാവുകയും, ഭാര്യുടെ ജാതകത്തിൽ എട്ടാം ഭാവത്തിൽ എട്ടാം ഭാവാധിപനല്ലാത്ത ഒരു പാപഗ്രഹം (എട്ടാം ഭാവാധിപനായ പാപഗ്രഹം എട്ടാം ഭാവത്തിൽ നിന്നാൽ വൈധവ്യത്തെ ചെയ്യുക ഇല്ലെന്നു മാത്രമല്ല, അതു തന്റേയും ഭർത്താവിന്റേയും ആയുസ്സിനു വലിയ ഗുണവാനും കൂടിയാണെന്നു പ്രത്യേകിച്ചു പറയേണ്ടതുമില്ലല്ലോ) നില്ക്കുകയും ചെയ്‌താൽ അവിടെ ഭാര്യാമരണമാണ് സംഭവിയ്ക്കുക എന്നും അറിയണം. വിവാഹവിഷയത്തിൽ സ്ത്രീപുരുഷജാതകങ്ങളിലെ യോഗ്യതകളെ ചിന്തിയ്ക്കുമ്പോൾ ആ രണ്ട് ജാതകങ്ങളിലേയും കേടുകൾക്ക് സാമ്യമുണ്ടാവേണ്ടതിനും പുറമേ അതുകളിലെ ആയുർബ്ബലം കുറഞ്ഞതിനു ആദ്യം നാശം സംഭവിയ്ക്കുന്നതുമാണെന്നും അറിയേണ്ടതുണ്ട്.
ഇനി മേൽപ്പറഞ്ഞ വൈധവ്യയോഗത്തിന്റെ ഒരു പ്രതിബന്ധലക്ഷണമാണ് പറയുന്നത്. സ്ത്രീജാതകത്തിൽ എട്ടാം ഭാവത്തിൽ ഒരു പാപഗ്രഹവും രണ്ടാം ഭാവത്തിൽ ഒരു ശുഭഗ്രഹവും നിന്നാൽ ഭർത്താവ് മരിയ്ക്കുന്നതിനു മുമ്പ് ഭാര്യ മരിയ്ക്കുന്നതാണ്.
സ്ത്രീജാതകത്തിൽ ഇടവം രാശിയിലോ ചിങ്ങം രാശിയിലോ കന്നി രാശിയിലോ വൃശ്ചികം രാശിയിലോ ചന്ദ്രൻ നിന്നാൽ അവൾക്കു പുരുഷസന്താനം തന്നെകുറച്ചുമാത്രമേ ഉണ്ടാവുകയുള്ളൂ. ഇവിടെ " ച " ശബ്ദംകൊണ്ടു ലഗ്നത്തേയും ഗ്രഹിയ്ക്കേണ്ടതാണ്. ഇടവം, ചിങ്ങം കന്നി വൃശ്ചികം ഇവയിൽ ഒരു രാശി ലഗ്നമായാലും അല്പപുത്രത്വം അനുഭവിയ്ക്കുമെന്നും പറയണം.
സ്ത്രീജാതകത്തിൽ പ്രസവം അഞ്ചാം ഭാവംകൊണ്ടും സന്തത്യനുഭവം ഒമ്പതാംഭാവംകൊണ്ടുമാണ് വിചാരിയ്ക്കേണ്ടതെന്നും മറ്റുമുള്ള വിശേഷവിധികളെ ഗ്രന്ഥാന്തരങ്ങളിൽ നിന്നു മനസ്സിലാക്കുകയും വേണം. "സഞ്ചിന്ത്യഃ പ്രസവസ്തു പഞ്ചമഗൃഹാത്ഭാഗ്യേ തനൂജശ്രിയം" എന്ന പ്രമാണവുമുണ്ട്.
-------------------------------------------------------------
* ഗ്രഹങ്ങളുടെ നൈസർഗ്ഗികകാലത്തെ എട്ടാം അദ്ധ്യായത്തിലെ ഒമ്പതാം ശ്ലോകത്തിന്റെ പൂർവ്വാർദ്ധംകൊണ്ടും പറഞ്ഞിട്ടുണ്ട്.