സുന്ദരവും ലക്ഷണയുക്തവുമായ കവിളിന് പൂങ്കവിളെന്നാണ് പറയുക. കാഴ്ചയ്ക്കു പൂങ്കുലപോലെ ചന്തമുള്ളതായിരിക്കുമിത്. അധികം പരപ്പില്ലാതെയും അധികം വീർക്കാതെയും ചിരിയ്ക്കുമ്പോൾ ചുഴികളുണ്ടാകാതെയും മാംസളമായിരിക്കുന്നതു പൂങ്കവിളാകുന്നു.
ഈ പൂങ്കവിളുള്ള സ്ത്രീ ധനികയും വിദ്യാഭ്യാസസമ്പന്നയും പരിജനങ്ങളോടും ഭർത്താവിനോടും മറ്റു സകലസ്ത്രീ - പുരുഷന്മാരോടും വാത്സല്യമുള്ളവളും അല്പഭക്ഷണപ്രിയവും മധുരമായി സംസാരിയ്ക്കുന്നവളുമാകുന്നു.
പൂങ്കവിളിൽ ചിരിക്കുമ്പോൾ ചുഴികളുണ്ടായലവൾ വ്യഭിചാരിണിയും അഹങ്കാരിയുമാകുന്നു.
പൂങ്കവിളിൽ ചെവിയോടു ചേർന്ന് രോമാവലികളുണ്ടായിരുന്നാൽ അവൾ വ്യഭിചാരിണിയും അലങ്കാരവസ്തുക്കളിൽ ഭ്രമമുള്ളവളുമായിരിക്കും.
പൂങ്കവിളിൽ നടുക്കായി ചുഴിയുണ്ടായിരുന്നാലും മൃദുവായ രോമാവലികളുണ്ടായിരുന്നാലും അവൾ സ്വഭാവശുദ്ധിയുള്ളവളും സ്വപ്രയത്നംകൊണ്ട് കുടുംബം പുലർത്തുന്നവളും വിദ്യാസമ്പന്നയുമാകുന്നു.
അല്പം വീർത്ത കവിളുള്ളവൾ അഹങ്കാരിണിയും ചപലയും തൊഴിലുകളിൽ സമർത്ഥയുമായിരിക്കും.
അല്പം വീർത്തും ചിരിക്കുമ്പോൾ ചുഴികൾ പ്രത്യക്ഷപ്പെടുന്നതുമായ കവിൾ വ്യഭിചാര ലക്ഷണമാകുന്നു.
പരന്ന കവിൾ ശുഭലക്ഷണവും അവൾ സദാചാരനിരതയും വിദ്യാസമ്പന്നയുമാകുന്നു.
പരന്ന കവിളിൽ നടുക്കു ചുഴിയും രോമാവലിയുമുണ്ടെങ്കിൽ അവൾ വിദ്യാസമ്പന്നയും, അധികാരമുള്ള ഉദ്യോഗം വഹിക്കുന്നവളുമാകുന്നു.
പരന്ന കവിളും ചെവിയുടെ സമീപം രോമാവലിയുമുള്ളവൾ അഹങ്കാരിണിയും കാമചാരിണിയുമായിരിക്കും.
ഒട്ടിയ കവിളുള്ള സ്ത്രീ കുലീനയെങ്കിലും നിത്യദാരിദ്ര്യവും പുത്രദുഃഖമനുഭവിക്കുന്നവളു മാകുന്നു.
മേൽഭാഗം പൊങ്ങിയും കീഴ്ഭാഗം താണുമിരിക്കുന്ന കവിളുണ്ടെങ്കിൽ ആ സ്ത്രീ ജന്മനാ ദരിദ്രതന്നെയാണ്.
മേൽഭാഗം താണും കീഴ്ഭാഗം ഉയർന്നും കവിളുള്ള സ്ത്രീ കാമചാരിണിയും കലാകുതുകിയുമായിരിക്കും.