ഉഗ്രഗ്രഹൈസ്സിത ചതുരശ്രസംസ്ഥിതൈര്‍-
മ്മദ്ധ്യസ്ഥിതേ ഭൃഗുതനയേഥവോഗ്രയോഃ
സൌമ്യഗ്രഹൈരസഹിതസന്നിരീക്ഷിതേ
ജായാവധോ ദഹനനിപാതപാശജഃ
- ശുക്രൻ ജനനസമയത്തു നിൽക്കുന്ന രാശിയുടെ നാല്, എട്ട് എന്നീ രണ്ടു ഭാവങ്ങളിലും പാപഗ്രഹങ്ങൾ നില്ക്കുക. ശുക്രനു ശുഭഗ്രഹങ്ങളുടെ യോഗമോ ദൃഷ്ടിയോ ഇല്ലാതെ ഇരിയ്ക്കുകയും ചെയ്ക.
- ശുക്രൻ പാപഗ്രഹങ്ങളുടെ മദ്ധ്യത്തിൽ നിൽക്കുക. * ശുക്രനു ശുഭഗ്രഹങ്ങളുടെ യോഗമോ ദൃഷ്ടിയോ ഇല്ലാതേയുമിരിയ്ക്കുക, പുരുഷജാതകത്തിൽ മേൽപറഞ്ഞ രണ്ടുയോഗങ്ങളിൽ ഒന്നുണ്ടായാൽ അയാളുടെ ഭാര്യ അഗ്നിനിമിത്തമായോ അല്ലെങ്കിൽ പ്രസവം കാരണമായോ അതുമല്ലെങ്കിൽ കയർകെട്ടി തൂങ്ങിയോ മരിയ്ക്കുന്നതാകുന്നു.മേൽപറഞ്ഞ രണ്ടു യോഗങ്ങളിൽ ഒന്നുള്ളപ്പോൾ ശുക്രന്റെ അഷ്ടമഭാവത്തിലേയ്ക്കു ചൊവ്വയുടെ യോഗദൃഷ്ട്യാദി ബന്ധമുണ്ടായാൽ അഗ്നിനിമിത്തമായിട്ടും അവിടെ - ശുക്രാഷ്ടമത്തിലേയ്ക്കു - സൂര്യബന്ധമുണ്ടായാൽ പ്രസവം കാരണമായും ശുക്രാഷ്ടമത്തിലേയ്ക്കു ശനിയുടെ ബന്ധമാണുള്ളതെങ്കിൽ കയർ കെട്ടി തൂങ്ങിയുമാണ് ഭാര്യാമരണമുണ്ടാവുക എന്നും മറ്റും യുക്തിയുക്തമായി ചിന്തിച്ചു പറയുകയും ചെയ്യാം.
ഭാവചിന്തയിൽ ഭാവം ഭാവാധിപൻ കാരകൻ ഇവ മൂന്നിൽ കാരകനു അധികം പ്രാധാന്യമുണ്ടെന്നാണ് ശുക്രനെക്കൊണ്ടു ഇവിടെ ഭാര്യാമരണം കാണിച്ചതുകൊണ്ടു ഗ്രന്ഥകർത്താവു സൂചിപ്പിച്ചിട്ടുള്ളത്. മാത്രമല്ല, എല്ലാടവും പ്രത്യേകം പ്രത്യേകം പറഞ്ഞിട്ടില്ലെങ്കിലും അശുഭഫലപ്രദങ്ങളായ സകല യോഗങ്ങളിലും യോഗകർത്താക്കന്മർക്കു ശുഭഗ്രഹങ്ങളുടെ യോഗദൃഷ്ട്യാദികൾ അപവാദഭൂതങ്ങളാണെന്നുകൂടി ആചാര്യൻ ഇവിടെ കാണിച്ചിട്ടുണ്ടെന്നും അറിക.
-------------------------------------------------------------------------
*
*
- ശുക്രൻ നിൽക്കുന്ന രാശിയിൽതന്നെ ശുക്രന്റെ ഇരുപുറവും പാപഗ്രഹങ്ങൾ നില്ക്കുക അല്ലെങ്കിൽ
- ശുക്രൻ നില്ക്കുന്ന രാശിയുടെ ഇരുപുറവുമുള്ള രാശികളിൽ പാപഗ്രഹങ്ങൾ നില്ക്കുക, പാപമദ്ധ്യസ്ഥിതി (പാപഗ്രഹമദ്ധ്യസ്ഥിതി) ഇങ്ങനെ രണ്ടു പ്രകാരത്തിലേ സംഭവിയ്ക്കുകയുള്ളൂ.