താഴെയും മുകളിലും പതിനാറുവീതം കുടമുല്ലമൊട്ടിന്റെ മുഴുപ്പിൽ ഏറ്റക്കുറച്ചിലില്ലാതെ പരന്ന പല്ലുകളോടുകൂടിയ പുരുഷൻ ബലവാനും സംതൃപ്തനുമാകുന്നു.
ഇത്തരം പല്ലുകളുടെ ഇട ചുവന്ന മാംസംകൊണ്ടാവൃതമാണെങ്കിലവൻ ധനികനും തേൻ നിറമുള്ള മാംസമാണെങ്കിൽ സ്ത്രീജിതനുമാകുന്നു.
ഈ മാതിരി പല്ലുകളുടെ ഇട അല്പം അകന്നിരിക്കുന്ന പുരുഷൻ ധർമ്മനിരതനും സ്ഫുടമായി സംസാരിക്കുന്നവനുമാകുന്നു.
മുൻവശത്തെ രണ്ടുപല്ലുകൾ മാത്രം അകന്നിരുന്നാൽ അവൻ സുഖിമാനും അധികാരസമ്പന്നനും സൗശീലമുള്ളവനുമായിരിക്കും.
മുൻവശം താഴെയും മുകളിലും ഈരണ്ടു പല്ലുകളകന്നിരിയ്ക്കുന്നവൻ ഗവണ്‍മെന്റു ഉദ്യോഗമുള്ളവനും അധികാരദുർമ്മോഹിയുമാകുന്നു.
അണപ്പല്ലുകളൊഴികെ ബാക്കി പല്ലുകളകന്നും രണ്ടുവരിയിലും പതിനാലുവീതം പല്ലുകളുള്ള പുരുഷൻ അഹങ്കാരിയും ദുർബ്ബലനുമാകുന്നു.
വീതികൂടിയതും ഇളം ചുവപ്പുനിറമുള്ളതുമായ പല്ലുകൾ കാമചാരിയുടെ ലക്ഷണമാണ്. ഇതു കറുത്തിരുന്നാലവൻ കള്ളനും അധികപ്രസംഗിയുമാകുന്നു.
നീളം കുറഞ്ഞതും ഇരുണ്ടതുമായ പല്ലുള്ളവൻ ധനികനാകുന്നു.
മുൻവശം മുകളിൽ രണ്ടു തേറ്റപ്പല്ലുണ്ടെങ്കിലാ പുരുഷൻ ദുഷ്ടനും ധനികനും ധർമ്മവിലോപനുമാകുന്നു.
രണ്ടുവരിയിലും മുൻവശത്തെ നന്നാലു പല്ലുകൾ വെളിയിൽ നീണ്ടിരുന്നാലവൻ അവിവേകിയാകുന്നു.
കോന്തംപല്ലുകളോ ഇടംപല്ലുകളോ ഉള്ള പുരുഷൻ ഗർവ്വിഷ്ഠനും ധനികനുമായിരിക്കും.