യദ്യൽ ഫലം നരഭവേ ക്ഷമമംഗനാനാം
തത്തദ്വദേൽ പയിഷു വാ സകലം വിധേയം
താസാന്തു ഭർത്തൃമരണം നിധനേ വപുസ്തു
ലഗ്നേന്ദുഗം സുഭഗതാസ്തമയേ പതിശ്ച.
സാരം :-
ഇതിനു മുമ്പ് പുരുഷന്മാരെ ഉദ്ദേശിച്ചു പറഞ്ഞ ഫലങ്ങളിൽ സ്ത്രീകൾക്കു അനുഭവയോഗ്യങ്ങളായ ഫലങ്ങളെ ഒക്കെ സ്ത്രീജാതകവശാൽ അവർ - സ്ത്രീകൾക്കു പറയാവുന്നതാണ്. സ്ത്രീജാതകവശാൽ ആ ഫലങ്ങളിൽ സ്ത്രീകൾക്കനുഭവയോഗ്യങ്ങളല്ലാത്തവയെ ഒക്കെ അവരവരുടെ ഭർത്താക്കന്മാരിലാണു പറയേണ്ടത്. ഇതിനെ ഒന്നുകൂടി സ്പഷ്ടമാക്കാം. സ്ത്രീജാതകപ്രകാരം നോക്കുമ്പോൾ വൃഷണനാശത്തിനു യോഗമുണ്ടെന്നു വിചാരിയ്ക്കുക; ഈ ഫലം സ്ത്രീകൾക്കനുഭവയോഗ്യമല്ലാത്തതിനാൽ ഇതു അവളുടെ ഭർത്താവ് അനുഭവിയ്ക്കേണ്ടിവരുമെന്നാണ് പറയേണ്ടത്. ഇതുപോലെ മറ്റു ഫലങ്ങളിലും കണ്ടുകൊൾക. അഥവാ സ്ത്രീജാതകപ്രകാരമുള്ള സകല ശുഭാശുഭഫലങ്ങളും അവരവരുടെ ഭർത്താക്കന്മാരിൽ അനുഭവയോഗ്യമായി പറയുകയും ചെയ്യാം.
ഇനി സ്ത്രീജാതകവശാൽ മാത്രം ചിന്തിയ്ക്കാവുന്ന വിശേഷ ഫലങ്ങളേയാണ് പറയുന്നത്. സ്ത്രീകൾക്കു ഭർത്തൃമരണത്തെ - ഭർത്താവിന്റെ ആയുസ്സിന്റെ ഗുണദോഷത്തെ - ചിന്തിയ്ക്കേണ്ടത് എട്ടാം ഭാവം കൊണ്ടും, ദേഹത്തിന്റെ സൌന്ദര്യാദി ഗുണദോഷങ്ങളെ ചിന്തിയ്ക്കേണ്ടതു ലഗ്നഭാവം ചന്ദ്രാധിഷ്ഠിതരാശി ഇതുകളെക്കൊണ്ടും, സൌഭാഗ്യത്തേയും - അന്യന്മാർക്കു ഇഷ്ടയാവുക എന്ന അവസ്ഥയേയും - ഭർത്താവിനെ ദേഹസ്വരൂപാദി ഗുണദോഷങ്ങളേയും ചിന്തിയ്ക്കേണ്ടതും ഏഴാം ഭാവംകൊണ്ടുമാകുന്നു.