കോണോദയേ ഭൃഗുതനയേƒസ്ത ചക്രസന്ധൌ
വന്ധ്യാപതിര്യദി ന സുതർക്ഷമിഷ്ടയുക്തം
പാപഗ്രഹൈർവ്യയമദലഗ്നരാശിസംസ്ഥൈഃ
ക്ഷീണേ ശശിന്യസുതകളത്രജന്മ ധീസ്ഥേ.
സാരം :-
ഇടവം കന്നി മകരം ഈ മൂന്നു രാശികളിൽ ഒന്നു ഉദയലഗ്നമായി ആ ലഗ്നത്തിൽ ശനിയും ഏഴാം ഭാവത്തിൽ ശുക്രനും നിൽക്കുകയും ലഗ്നാൽ അഞ്ചാം ഭാവത്തിനു ബലവും ആ ഭാവത്തിലേയ്ക്കു തദധിപന്റേയോ മറ്റേതെങ്കിലും ശുഭഗ്രഹങ്ങളുടേയോ ദൃഷ്ടിയോഗാദികളുമില്ലാതേയുമിരിയ്ക്കുക, ഈ യോഗമുള്ളപ്പോഴാണ് ജനനമെങ്കിൽ അയാളുടെ ഭാര്യ പ്രസവിയ്ക്കുക തന്നെ ഇല്ല.
ലഗ്നാൽ അഞ്ചാം ഭാവത്തിൽ ക്ഷീണചന്ദ്രനും പന്ത്രണ്ടാം ഭാവം ഏഴാം ഭാവം ഉദയലഗ്നം ഈ മൂന്നു ഭാവങ്ങളിലും പാപഗ്രഹങ്ങളുമുണ്ടായിരിയ്ക്കുക; ഈ യോഗലക്ഷണമുള്ളപ്പോൾ ജനിച്ചവന്നു ഭാര്യതന്നെ ഉണ്ടാകയില്ല അഥവാ മനുഷ്യപ്രയത്നശക്തികൊണ്ടു ഭാര്യ ഉണ്ടായാൽതന്നെ പുത്രനുണ്ടാകയില്ലെന്നു തീർച്ചയുമാണ്.