വ്യയസുതധനധർമ്മഗൈരസൌമ്യൈ-
ഭവനസമാനനിബന്ധനം വികല്പ്യം
ഭുജഗനിഗളപാശഭൃദ്ദൃഗാണൈർ-
ബ്ബലവദസൌമ്യനിരീക്ഷിതൈശ്ചതദ്വൽ.
1). ലഗ്നാൽ രണ്ട് അഞ്ച് ഒമ്പത് പന്ത്രണ്ട് എന്നീ നാലുഭാവങ്ങളിലും ബലഹീനന്മാരായ പാപഗ്രഹങ്ങൾ നില്ക്കുകയും ഇവർക്കു ശുഭഗ്രഹങ്ങളുടെ യോഗദൃഷ്ട്യാദികളില്ലാതേയുമിരിയ്ക്കുക; അല്ലെങ്കിൽ 2). ലഗ്നഭാവത്തിനു നല്ല ബലമുണ്ടാവുക ലഗ്നദ്രേക്കാണം സർപ്പദാരിയോ, നിഗള - ചങ്ങല - ധാരിയോ പാശധാരിയോ ആയിരിയ്ക്കുകയും * ഇതിലേയ്ക്കു ബലവാന്മാരായ പാപഗ്രഹങ്ങളുടെ ദൃഷ്ടി ഉണ്ടാവുകയും ചെയ്ക; ജാതകത്തിൽ മേൽകാണിച്ച രണ്ടു യോഗങ്ങളിൽ ഒന്നുണ്ടായാൽ ബന്ധനം അനുഭവിക്കേണ്ടിവരുന്നതാണ്. മേഷാദിരാശികളുടെ സ്വരൂപത്തെ ഒന്നാമദ്ധ്യായത്തിലെ അഞ്ചാം ശ്ലോകം കൊണ്ടു പറഞ്ഞിട്ടുണ്ടല്ലോ. അവയിൽ ലഗ്നരാശിസത്വത്തെ ഏതു പ്രകാരമാണോ ബന്ധിയ്ക്കുമാറുള്ളത്, അതേവിധമുള്ള ബന്ധനമാണ് അനുഭവിയ്ക്കേണ്ടിവരിക എന്നും പറയണം. ഇതിനെ ഒന്നുകൂടി വ്യക്തമാക്കാം. മേടം ഇടവം ധനുവിന്റെ അന്ത്യദ്രേക്കാണം മകരത്തിന്റെ ആദ്യദ്രേക്കാണം ഇവയിലൊന്നാണ് ലഗ്നമെങ്കിൽ പശു മുതലായ നാല്ക്കാലികളെ കെട്ടുന്നതുപോലെ കയറുകൊണ്ടും മിഥുനം കന്നി തുലാം കുംഭം ധനുവിന്റെ ആദ്യത്തെ രണ്ടു ദ്രേക്കാണങ്ങൾ ഇവയിലൊന്നാണു ലഗ്നമെങ്കിൽ ചങ്ങല ആമം ഇത്യാദികളെക്കൊണ്ടും കർക്കടകം ചിങ്ങം മീനം മകരത്തിന്റെ രണ്ടും മൂന്നും ദ്രേക്കാണങ്ങൾ ഇവയിലൊന്നാണു ലഗ്നമെങ്കിൽ കോട്ട, ജയിൽ ഇത്യാദി ദുർഗ്ഗങ്ങളിലും വൃശ്ചികമാണു ലഗ്നമെങ്കിൽ നിലവറ മുതലായി ഭൂമിയുടെ ഉൾഭാഗത്തും ആണ് ബന്ധിയ്ക്കപ്പെടുക എന്നു സാരം.
ലഗ്നം അതിന്റെ നവാംശകം ഇവയിൽ ബലം അധികമുള്ള ചരരാശിയാണെങ്കിൽ തന്റെ ദിക്കിൽ നിന്നു വളരെ അകലെയും, ഉഭയരാശിയിലാണെങ്കിൽ മാർഗ്ഗമദ്ധ്യത്തിങ്കലും, സ്ഥിരരാശിയാണെങ്കിൽ സ്വദേശത്തുമാണ് ബന്ധിയ്ക്കപ്പെടുക എന്നും വിചാരിയ്ക്കാം. മുൻപറഞ്ഞ രണ്ടു യോഗങ്ങളിൽ ഒന്നാമത്തേതിൽ രണ്ടാംഭാവം മുതലായ നാലു സ്ഥാനങ്ങളിൽ നില്ക്കുന്ന പാപഗ്രഹങ്ങളിൽ അധികവിബലൻ രണ്ടിൽ നില്ക്കുന്നവനാണെങ്കിൽ രാജദൂഷണവും, അഞ്ചിൽ നില്ക്കുന്നവനാണ് അധികവിബലനെങ്കിൽ പുത്രനും, ഒമ്പതിൽ നില്ക്കുന്ന പാപഗ്രഹമാണെങ്കിൽ അച്ഛൻ ഗുരു മുതലായവരും, ലഗ്നാൽ പന്ത്രണ്ടിൽ നില്ക്കുന്ന പാപഗ്രഹമാണ് അധികവിബലനെങ്കിൽ കടം, വേശ്യാസ്ത്രീ, ഇവയിലൊന്നും ആണ് ബന്ധനത്തിനു കാരണമെന്നു പറയുകയും ചെയ്യാം.
ലഗ്നാൽ 3 - 5 - 7 - 9 ഇത്യാദി ഭാവങ്ങളെ ലഗ്നസ്ഥാനത്തു കല്പിച്ചു സഹോദരൻ പുത്രൻ ഭാര്യ പിതാവ് ഇത്യാദി സ്വബന്ധുക്കൾക്കും മേൽപ്പറഞ്ഞപ്രകാരം ബന്ധനത്തെ പറയാവുന്നതുമാണ്.
------------------------------------------------
* ദ്രേക്കാണങ്ങളുടെ ആകൃതിയേയും അവയുടെ സർപ്പധാരിത്വാദി വിശേഷങ്ങളേയും പ്രകൃതഗ്രന്ഥത്തിലെ ഇരുപത്തിയഞ്ചാം അദ്ധ്യായംകൊണ്ടു പറയുന്നുണ്ട്.