ലഗ്നാൽ പുത്രകളത്രഭേ ശുഭപതി-
പ്രാപ്തേഥവാലോകിതേ
ചന്ദ്രാദ്വാ യദി സംപദസ്തി ഹി തയോർ-
ജ്ഞേയോന്യഥാƒസംഭവഃ
പാർത്ഥോനോദയഗേ രവൌ രവിസുതോ
മീനസ്ഥിതോ ദാരഹാ
പുത്രസ്ഥാനഗതശ്ച പുത്രമരണം
പുത്രോവനേര്യച്ഛതി.
സാരം :-
ലഗ്നം ചന്ദ്രൻ ഇവയിൽ ബലം അധികമുള്ളതിങ്കൽനിന്നാണ് ദേഹധനാദിസകല ഭാവങ്ങളേയും ചിന്തിയ്ക്കേണ്ടത് എന്നു ആദ്യം തന്നെ അറിയേണ്ടതാണ്.
ഉദയലഗ്നം ചന്ദ്രൻ ഇവയിൽ ബലം അധികമുള്ളത്തിന്റെ അഞ്ചാം ഭാവാധിപന് ആ ഭാവാധിപന്റേയോ അല്ലെങ്കിൽ ശുഭഗ്രഹത്തിന്റെയോ യോഗമോ ദൃഷ്ടിയോ ഉണ്ടെങ്കിൽ അയാൾക്കു പുത്രസമ്പത്തുണ്ടാവും. ഈ ലക്ഷണങ്ങളിൽ ഒന്നും തന്നെ ഇല്ലെങ്കിൽ പുത്രസമ്പത്തുണ്ടാകയില്ലെന്നും പറയണം. അതു പ്രകാരം തന്നെ ഏഴാം ഭാവത്തിനു ആ ഭാവാധിപന്റെയോ ശുഭഗ്രഹത്തിന്റെയോ യോഗമോ ദൃഷ്ടിയോ ജാതകത്തിൽ ഉണ്ടെങ്കിൽ അയാൾക്കു ഭാര്യാസമ്പത്തുണ്ടാവും. ഈ ലക്ഷണങ്ങളൊന്നും ഇല്ലെങ്കിൽ ഭാര്യാസമ്പത്ത് ഉണ്ടാകയുമില്ല. മേൽപറഞ്ഞ ന്യായത്തെ അനുസരിച്ച് മറ്റു ഭാവങ്ങളുടെ സംഭവാസംഭവത്വാദി സകല ഗുണദോഷങ്ങളേയും ചിന്ത്യ്ക്കുകയും ചെയ്യും.
ഇനി ഭാര്യാപുത്രന്മാരുടെ നാശലക്ഷണത്തേയാണ് പറയുന്നത്.
കന്നിലഗ്നത്തിൽ സൂര്യനും മീനം രാശിയിൽ ശനിയും നിന്നാൽ ഭാര്യ മരിയ്ക്കും. പതിനാറാം അദ്ധ്യായത്തിലെ മുപ്പത്തിരണ്ടാം ശ്ലോകത്തിൽ വ്യാഴക്ഷേത്രത്തിൽ നിൽക്കുന്ന ശനിയ്ക്കു സൽപുത്രജായാധനഃ എന്ന സാമാന്യഫലം പറഞ്ഞിട്ടുണ്ടെങ്കിലും ഏഴാം ഭാവത്തിൽ നിൽക്കുന്ന ശനിയ്ക്കുള്ള വിശേഷമാണ് ഈ പറഞ്ഞതെന്നും ഭാര്യാമരണവിഷയത്തിൽ മറ്റു ഗ്രഹങ്ങളേക്കാൾ ശനി അധികം ദോഷപ്രദനാണെന്നും ആചാര്യൻ സൂചിപ്പിച്ചിട്ടുണ്ടെന്നും അറിയുകയും വേണം.
കന്നിലഗ്നത്തിന്റെ അഞ്ചാം ഭാവത്തിൽ - മകരം രാശിയിൽ - ചൊവ്വ നിന്നാൽ പുത്രമരണം നിമിത്തമായി ദുഃഖം അനുഭവിയ്ക്കേണ്ടിവരുന്നതാണ്. പതിനാറാം അദ്ധ്യായത്തിലെ ഇരുപതാം ശ്ലോകത്തിൽ മകരം രാശിയിൽ നിൽക്കുന്ന ചൊവ്വയ്ക്ക് വളരെ പുത്രന്മാർ ഉണ്ടാവുമെന്നു പറഞ്ഞിട്ടുണ്ടെങ്കിലും അഞ്ചാം ഭാവത്തിൽ ചൊവ്വ നിന്നാലത്തെ വിശേഷമാണ് ഇവിടെ പറഞ്ഞിട്ടുള്ളതെന്നും പുത്രമരണവിഷയത്തിൽ ചൊവ്വ മറ്റു ഗ്രഹങ്ങളേക്കാൾ കൂടുതൽ ദോഷപ്രദനാണെന്നും ഇവിടെ സൂചിപ്പിച്ചിട്ടുണ്ടെന്നും അറിയേണ്ടതുണ്ട്.