വിദ്യാദ്ദൃശ്യാര്‍ദ്ധമാസ്ഥാനമദൃശ്യം വിജനസ്ഥലം
ലഗ്നാധിപഃ സ്ഥിതോ യത്ര തദ്വാസീ പൃച്ഛകോ ഭവേല്‍
സാരം :-
ദൃശ്യാര്‍ദ്ധത്തിലുള്‍പ്പെട്ട ആറു രാശി ആസ്ഥാനസ്ഥലമാണെന്നും അദൃശാര്‍ദ്ധമായ ആറു രാശി രഹസ്യപ്രദേശമാണെന്നും അറിയണം. ലാഗ്നാധിപന്‍റെ സ്ഥിതി ദൃശ്യാര്‍ദ്ധത്തിലാണെങ്കില്‍ പ്രഷ്ടാവിന്‍റെ സ്ഥിതി ജനസമൃദ്ധമായ പ്രദേശത്താണെന്നും അദൃശ്യാര്‍ദ്ധത്തിലാണെങ്കില്‍ രഹസ്യപ്രദേശങ്ങളിലാണെന്നും ഗ്രഹിക്കണം. ഇതിനെ അടുത്ത പദ്യം കൊണ്ട് സ്പഷ്ടമാകുന്നു.
***********
ഏവം ധനാദിഭാവാനാം സ്പഷ്ടതാഞ്ച നിഗൂഢതാം
വിദ്യാദീശൈഃ പ്രകാശത്വമപി സൂര്യേന്ദുയോഗതാഃ
സാരം :-
മേല്‍പറഞ്ഞവണ്ണം ധനാദികളായ ഭാവങ്ങളുടെ പരസ്യമായ ബോധത്തേയും രഹസ്യമായ നിലയേയും അറിയണം. ധനാധിപന്‍ ദൃശ്യാര്‍ദ്ധത്തിലാണെങ്കില്‍ അയാളുടെ ധനസ്ഥിതി എല്ലാവര്‍ക്കും അറിയത്തക്ക നിലയിലാണെന്നും അദൃശ്യാര്‍ദ്ധത്തിലാണെങ്കില്‍ അയാളുടെ ധനസ്ഥിതി ആര്‍ക്കും ഗ്രാഹ്യമല്ലാത്തവിധം രഹസ്യത്തിലാണെന്നും അറിയണം. ധനാദികളുടെ പ്രസരിപ്പ് അറിയേണ്ടത് ഭാവാധിപനോട് ആദിത്യചന്ദ്രന്മാരുടെ യോഗദൃഷ്ടി മുതലായവയെ കൊണ്ടാണ്.