ഹോരേത്യഹോരാത്രവികല്പമേകേ
വാഞ്ഛന്തി പൂര്‍വ്വാപരവര്‍ണ്ണലോപാത്
കര്‍മ്മാര്‍ജ്ജിതം പൂര്‍വ്വഭവേ സദാദി
യത്തസ്യ പംക്തിം സമഭിവ്യനക്തി.
സാരം :-
അതിപ്രാചീനരായ ചില ആചാര്യന്മാര്‍ ആഹോരാത്രത്തില്‍ ഏകദേശാംശത്തെ (ജനനം, പ്രശ്നം മുതലായവയുടെ ലഗ്നത്തെ എന്ന് സാരം). "അഹോരാത്രം" എന്ന പദത്തിന്റെ ആദ്യത്തേയും ഒടുവിലത്തേയും അക്ഷരങ്ങളെ ത്യജിച്ചിട്ടാണ് "ഹോരാ" എന്ന് വ്യവഹരിക്കുന്നത്. ലഗ്നത്തിനു "ഹോരാ എന്ന് സംജ്ഞയുണ്ടെന്ന് സാരം. "ഹോരേതി ലഗ്നം" എന്ന് പറയുന്നതുമുണ്ട്. ശരീരം വാക്ക് മനസ്സ് എന്നീ ത്രിവിധകരണങ്ങളെകൊണ്ടും ചെയ്ത കര്‍മ്മത്തിനു "സത്ത്" എന്നും, രണ്ടുകൊണ്ടു ചെയ്തതിനു "സദസത്ത്" എന്നും ഒന്നുകൊണ്ട് മാത്രം ചെയ്തതിനു "അസത്ത്" എന്നുമാണ് പറയുക. മേല്‍ പറഞ്ഞ ഹോരാ എന്ന ജനനസമയം മുജ്ജന്മങ്ങളില്‍ ഇങ്ങനെ മൂന്ന് പ്രകാരത്തിലും ചെയ്തിട്ടുള്ള കര്‍മ്മങ്ങളുടെ അനുഭവത്തേയാണ് കാണിയ്ക്കുന്നത്. അതായത് പൂര്‍വ്വജന്മങ്ങളില്‍ ചെയ്തിട്ടുള്ള സുകൃതദുഷ്കൃതാത്മകങ്ങളായും; ദൃഢം, ദൃഢാദൃഢം, അദൃഢം എന്നീ മൂന്ന് പ്രകാരത്തിലുള്ളവയായും ഇരിയ്ക്കുന്ന സകല കര്‍മ്മങ്ങളുടേയും ഈ ജന്മത്തിലുണ്ടാകുന്ന അനുഭവങ്ങളെയാണ് ജ്യോതിശാസ്ത്രം സ്പഷ്ടമായി കാണിച്ചുതരിക എന്ന് താല്പര്യം.
യദുപചിതമന്യജന്മനി ശുഭാശുഭം തസ്യ കര്‍മ്മണഃ പക്തിം
വ്യഞ്ജയതി ശാസ്ത്രമേതത് തമസി ദ്രവ്യാണി ദീപ ഇവ.
എന്ന് പ്രമാണമുണ്ട്.