ചതുര്‍ത്ഥനാഥസ്യ തു ദൈവതം യ-
ത്തസ്യാനുരൂപം ഖലുധര്‍മ്മദൈവം
തല്‍പ്രീതയേ യല്‍ ക്രിയതേ സ്വ പൂര്‍വൈഃ
പൂജാദികം തത്തു വിധേയമത്ര.
സാരം :-
നാലാം ഭാവാധിപനെക്കൊണ്ട് "അര്‍ക്കശ്ശംഭുരുഗാംഹൃത" എന്നാദിയായ പദ്യമനുസരിച്ച് ഏതൊരു ദേവനെയാണോ ചിന്തിക്കേണ്ടത്, ആ ദൈവമാണ് ധര്‍മ്മ ദൈവമെന്ന് പറയണം. തസ്യാനുരൂപം എന്നുള്ള ഭാവം കൊണ്ട് നാലാംഭാവാധിപന്‍ ആദിത്യനാണെങ്കില്‍ ശൈവവര്‍ഗ്ഗത്തില്‍പ്പെട്ടതാണ് ധര്‍മ്മദൈവമെന്നും വ്യാഴമാണെങ്കില്‍ വൈഷ്ണവര്‍ഗ്ഗത്തില്‍പ്പെട്ടതാണെന്നും മറ്റും വിചാരിച്ചുകൊള്ളണം.ആ ധര്‍മ്മദൈവപ്രീതിക്കായി തങ്ങളുടെ പൂര്‍വ്വന്മാര്‍ മുതലായവര്‍ ഏതെല്ലാം കര്‍മ്മങ്ങളാണോ അനുഷ്ഠിച്ചുവന്നത് അപ്രകാരം ഇനിയും അനുഷ്ഠിച്ചുകൊള്ളണമെന്ന് പറയണം.