അര്‍ക്കശ്ശംഭുരുദാഹൃതോƒഖില ഗൃഹേഷ്വര്‍ക്കോ യദി ദ്വന്ദ്വഭേ
ദ്രേക്കാണേ പ്രഥമേ ഗുഹോƒത്ര കഥിതോ വിഘ്നേശ്വരോ മദ്ധ്യമേ
ദുര്‍ഗ്ഗാ ശീതകരോ ബലീ സവിബലഃ കാളീ സ ഏവാബല-
ശ്ചാമുണ്ഡീപ്രമുഖാസ്തമോ ഗുണജ്ജുഷോ ഭൗമാലയസ്ഥോ യദി
സാരം :-
ആദിത്യന്‍ ഏതു രാശിയില്‍ നിന്നാലും ശിവനെയാണ് വിചാരിക്കേണ്ടത്. ശിവന്‍ ശൈവകാരകനാണ്.
മിഥുനം, കന്നി, ധനു, മീനം ഈ ഉഭയരാശികളില്‍ ആദ്യത്തെ ദ്രേക്കാണത്തില്‍ ആദിത്യന്‍ നിന്നാല്‍ സുബ്രഹ്മണ്യനെയാണ് വിചാരിക്കേണ്ടത്.
മിഥുനം, കന്നി, ധനു, മീനം എന്നീ ഉഭയരാശികളില്‍ രണ്ടാമത്തെ ദ്രേക്കാണത്തിലാണ് ആദിത്യന്‍റെ സ്ഥിതിയെങ്കില്‍ ഗണപതിയെ വിചാരിക്കണം. മറ്റുള്ളടത്തെ സ്ഥിതികൊണ്ടെല്ലാം ശിവനെതന്നെ ചിന്തിച്ചുകൊള്‍ക.
ബലവാനായ ചന്ദ്രനെക്കൊണ്ട് ദുര്‍ഗ്ഗാഭഗവതിയെ ചിന്തിക്കണം.
ബലഹീനനായ ചന്ദ്രനെക്കൊണ്ട് ഭദ്രകാളിയെയാണ് പറയേണ്ടത്.
ചന്ദ്രന്‍ ബലഹീനനായി മേടത്തിലോ വൃശ്ചികത്തിലോ നിന്നാല്‍ തമോഗുണമയികളായ ചാമുണ്ഡി മുതലായ ദേവീവിഭാഗങ്ങളെ വിചാരിച്ചുകൊള്ളണം.
******************
കുമാരോ ഭൈരവാദിര്‍വ്വാ സ്വാശ്രിതര്‍ക്ഷവശാല്‍ കുജഃ
ചാമുണ്ഡീഭദ്രകാള്യാദ്യാഃസ്സദ്യുഗ്മസമാശ്രിതഃ
സാരം :-
ചൊവ്വാ ശുഭഗ്രഹങ്ങളുടെ രാശികളായ ഓജരാശിയില്‍ നിന്നാല്‍ സുബ്രഹ്മണ്യനെയും അശുഭഗ്രഹങ്ങളുടെ രാശികളായ ഓജരാശിയില്‍ നിന്നാല്‍ ഭൈരവന്‍, ഘണ്ടാകര്‍ണ്ണന്‍ മുതലായവരെയും വിചാരിക്കണം.
ചൊവ്വ യുഗ്മരാശിയില്‍ നിന്നാല്‍ ചാമുണ്ഡി ഭദ്രകാളി രക്തേശ്വരി മുതലായവരെ ചിന്തിക്കണം. ഇവിടെ ചൊവ്വാക്ഷേത്രത്തിലോ ശുഭഗ്രഹങ്ങളുടെ ക്ഷേത്രത്തിലോ യുഗ്മരാശിസ്ഥിതി വന്നാല്‍ ഭദ്രകാളിയേയും പാപഗ്രഹക്ഷേത്രങ്ങളില്‍ യുഗ്മരാശിസ്ഥിതി വന്നാല്‍ ചാമുണ്ഡിയേയും പാപഗ്രഹക്ഷേത്രങ്ങളില്‍ തന്നെ ശത്രുഗ്രഹക്ഷേത്രം തന്നെ യുഗ്മരാശിയായിവരിക മുതലായ ബന്ധം വന്നാല്‍ രക്തേശ്വരിയേയും മറ്റും വിചാരിക്കണം.
***************
ശ്രീരാമാദ്യവതാര വിഷ്ണുരിതരക്ഷേത്രേഷു ചന്ദ്രാത്മജോ
വ്യന്ത്യത്ര്യംശഗാഃ സ്ഥിരേ തു ഭവനേ യദ്യേഷ ഗോപാലകഃ
ത്ര്യംശേƒന്ത്യേƒത്ര സ വിഷ്ണുരേവ ഹി പുനര്‍ജ്ജീവോ മഹാവിഷ്ണുര-
പ്യുക്തോƒയം ഹ്യഖിലേശ്വരോƒത്ര തു ഭിദാ
ജ്ഞേയാ ഗ്രഹര്‍ക്ഷാന്വയാല്‍.
സാരം :-
ബുധന്‍ ചരരാശികളിലും ഉഭയരാശികളിലും നില്‍ക്കുകയാണെങ്കില്‍ ശ്രീരാമന്‍. ശ്രീകൃഷ്ണന്‍ മുതലായ വിഷ്ണ്വംശങ്ങളായ അവതാരമൂര്‍ത്തികളെയാണ് പറയേണ്ടത്.
ബുധന്‍ സ്ഥിരരാശിയില്‍ ഒന്നാമത്തേതും രണ്ടാമത്തേതും ദ്രേക്കാണത്തില്‍ നിന്നാല്‍ കൃഷ്ണസ്വാമിയെ പറയണം.
ബുധന്‍ സ്ഥിരരാശിയില്‍ ഒടുവിലത്തെ ദ്രേക്കാണത്തില്‍ നിന്നാല്‍ വിഷ്ണുവിനെ തന്നെ പറയണം.
വ്യാഴം എവിടെ നിന്നാലും സാക്ഷാല്‍ മഹാവിഷ്ണുവിനെയാണല്ലോ വിചാരിക്കേണ്ടത്. എങ്കിലും വ്യാഴത്തിനു സര്‍വ്വേശ്വര കാരകത്വം ഉള്ളതുകൊണ്ട് താന്‍ നില്‍ക്കുകയും അംശകിക്കുകയും ചെയ്യുന്ന രാശിഭേദം അനുസരിച്ച് തന്‍റെ ദേവകര്‍ത്തൃത്വത്തിനും ഭേദം ഉണ്ടാകും. എങ്ങിനെയെന്നാല്‍ വ്യാഴം ചിങ്ങത്തില്‍ നില്‍ക്കുക, അവിടെ നോക്കുക, ആദിത്യനോട് ചേരുക, ആദിത്യന്‍റെ ദൃഷ്ടിവരിക. ഷഡ്വര്‍ഗ്ഗങ്ങളില്‍ ആദിത്യന്‍റെ വര്‍ഗ്ഗാധിക്യം വരിക. ഇവയുണ്ടായാല്‍ ആ വ്യാഴത്തെക്കൊണ്ട് ശിവനെ പറയണം.
ഇതുപോലെ ചന്ദ്രന്‍ മുതലായവരുടെ ബന്ധംകൊണ്ട് ഭഗവതി മുതലായവരെയും പറഞ്ഞുകൊള്ളണം.
**************
അന്നപൂര്‍ണ്ണേശ്വരീ ലക്ഷ്മീര്‍യക്ഷി വാ ഭൃഗുനന്ദനഃ
മന്ദശ്ശാസ്ത്രാദികം ദൈവം രാഹുസ്സര്‍പ്പഗണഃസ്മൃതഃ
സാരം :-
ശുക്രന് ഉച്ചം സ്വക്ഷേത്രം മുതലായ ശുഭാവസ്ഥയുണ്ടെങ്കില്‍ അതിന്‍റെ താരതമ്യമനുസരിച്ച് അന്നപൂര്‍ണ്ണേശ്വരിയേയും ലക്ഷ്മിയേയും പറയണം.
ശുക്രന് പാപഗ്രഹക്ഷേത്രസ്ഥിതി മുതലായ ദോഷബന്ധമുണ്ടെങ്കില്‍ യക്ഷിയെപ്പറയണം. ഇവിടെ ശുഭഗ്രഹങ്ങളുടെയും പാപഗ്രഹങ്ങളുടെയും ദൃഷ്ടിയോഗകേന്ദ്രാദികളെക്കൂടി വിചാരിച്ചുകൊള്ളണം.
ശനിയെക്കൊണ്ട് ശാസ്താവ് കിരാത മൂര്‍ത്തി മുതലായ ദേവന്മാരെ വിചാരിക്കണം.
രാഹുവിനെക്കൊണ്ട് സര്‍പ്പദൈവത്തെയാണ് ചിന്തിക്കേണ്ടത്.