ഏറ്റവും പഴക്കമുള്ള സാഹിത്യകൃതികളാണ് വേദങ്ങള്‍. താത്ത്വികമായ സൗന്ദര്യവും പ്രബുദ്ധതയും കൊണ്ടും ഭാഷയുടെയും കര്‍ക്കശമായ വൃത്തബദ്ധതയുടെയും ചാതുര്യം കൊണ്ടും വേദസാഹിത്യം വേറിട്ട് നില്‍ക്കുന്നു. "ശ്രേഷ്ഠമായ അറിവ് അഥവാ അറിവിന്‍റെ സ്രോതസ്സ്" എന്നാണ് വേദമെന്ന ശബ്ദത്തിന്‍റെ അര്‍ത്ഥം. ബ്രഹ്മസ്വരൂപവും അനാദിയുമായ വേദത്ത പില്‍ക്കാലത്ത് കൃഷ്ണദ്വൈപായന മഹര്‍ഷി (വ്യാസ മഹര്‍ഷി) ഋക്ക്, സാമം, യജുസ്സ്, അഥര്‍വ്വം എന്നിങ്ങനെ നാലായി പകുത്തു എന്ന് പൊതുവേ വിശ്വസിക്കപ്പെടുന്നു. എന്നിരുന്നാലും വേദസാഹിത്യം വ്യക്തമായ മൂന്ന് ഘട്ടങ്ങളിലൂടെ കടന്നുപോയിരുന്നു. "വേദസംഹിതകളും ബ്രാഹ്മണങ്ങളും ഉപനിഷത്തുകളും" വേദസാഹിത്യത്തിലെ മൂന്നു ഘട്ടങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്.
വേദസാഹിത്യത്തിന്‍റെ ഉല്പത്തികാലത്തുതന്നെ ഗാനാത്മക കവിത വന്‍വികാസം നേടിയിരുന്നു. പിന്നീട് സംഹിതകളുടെയും ബ്രാഹ്മണങ്ങളുടെയും കാലഘട്ടത്തിലാണ് ഗദ്യശൈലിയിലുള്ള സാഹിത്യരൂപം വികസിച്ചുതുടങ്ങിയത്. വേദസംഹിതകളില്‍ ഋക്കുകള്‍ അഥവാ മന്ത്രങ്ങളാണ് മുഖ്യമായുള്ളത്. മന്ത്രത്തിന്‍റെ വ്യാഖ്യാനവും യാഗകര്‍മ്മങ്ങള്‍ക്കുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങളുമടങ്ങിയവയാണ് ബ്രാഹ്മണങ്ങള്‍. വേദസാഹിത്യത്തിന്‍റെ മറ്റൊരു വികസിത രൂപമാണ് ആരണ്യകങ്ങള്‍. കാടിന്‍റെ നിഷ്കപടമായ ഏകാന്തതയില്‍, ഭക്തിയുടെ പാരമ്യതയില്‍ യജ്ഞങ്ങള്‍ക്കതീതനായ ഗുരു, ശിഷ്യനുപദേശിച്ചുകൊടുത്ത ധ്യാനരഹസ്യങ്ങളാണവ. ഉപനിഷത്തുകളാണ് വേദസാഹിത്യത്തിന്‍റെ അവസാനഘട്ടത്തെ കുറിക്കുന്ന സൃഷ്ടികള്‍. പ്രപഞ്ചവസ്തുക്കളുടെ പ്രകൃതത്തെ ഈശ്വരീയവും താത്ത്വികവുമായി വ്യാഖ്യാനിക്കുകയാണ്. ഉപനിഷത്തുകളില്‍ വേദകാലത്തിന്‍റെ അവസാനത്തെ സൂചിപ്പിക്കുന്നതുകൊണ്ട് അവയെ വേദാന്തമെന്നും പറയുന്നു. ബ്രാഹ്മണങ്ങളും സംഹിതകളും പ്രധാനമായും ബലികര്‍മ്മങ്ങളെയും (യജ്ഞങ്ങളെയും) അനുഷ്ഠാനങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്നതിനാല്‍ അവയെ കര്‍മ്മകാണ്ഡമെന്നും ധ്യാനമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനാല്‍ ആരണ്യകങ്ങളെ ഉപാസനാകാണ്ഡമെന്നും പരമമായ അറിവ് പ്രദാനം ചെയ്കയാല്‍ ഉപനിഷത്തുകളെ ജ്ഞാനകാണ്ഡമെന്നും വിശേഷിപ്പിക്കുന്നു.