കാലസ്വരൂപിയായ പുരുഷന്‍റെ ശിരസ്സ് മുതലായ അവയവങ്ങളാക്കിക്കല്പിച്ചിട്ടുള്ള മേഷാദിരാശികളുടെ ഘടനാസ്വരൂപം, സംസ്ഥാനഭേദം, സംജ്ഞാന്തരങ്ങള്‍ ഇത്യാദികളെ അടുത്ത ശ്ലോകം കൊണ്ട് പറയുന്നു. :-
കാലാംഗാനി വരാംഗമാനനമുരോ ഹൃത്ക്രോഡവാസോƒഭൃതോ
വസ്തിര്‍വ്വ്യഞ്ജനമൂരുജാനുയുഗളേ ജംഘേ തതോƒംഘ്രിദ്വയം
മേഷാശ്വിപ്രഥമാ നവര്‍ക്ഷചരണാശ്ചക്രസ്ഥിതാ രാശയോ,
രാശിക്ഷേത്രഗൃഹര്‍ക്ഷഭാനി ഭവനം ചൈകാര്‍ത്ഥസബ്രത്യയേ.
സാരം :-
മേടം രാശിയും അശ്വതി നക്ഷത്രവും തുടക്കമായും, ഓരോ രാശിയും ഒമ്പതീത നക്ഷത്രപാദങ്ങളോടുകൂടിയതായും, ജ്യോതിശ്ചക്രത്തിന്മേല്‍ ഇരിക്കുന്നവയുമായ മേഷാദി പന്ത്രണ്ടു രാശികള്‍ കാലസ്വരൂപിയായ പുരുഷന്‍റെ ശിരസ്സ് മുതലായ പന്ത്രണ്ടു അവയവങ്ങളാകുന്നു. മേടം ചെവിക്കുറ്റിയ്ക്കുമേലെ ഭാഗമായ ശിരസ്സും, എടവം മുഖവും, മിഥുനം കഴുത്തുമുതല്‍ മാറ് കഴിയുന്നതുവരേയുള്ള പ്രദേശവും, കര്‍ക്കിടകം ഹൃദയവും, ചിങ്ങം വയറും, കന്നി വസ്ത്രം ഉടുക്കുന്ന അരക്കെട്ടും, തുലാം വസ്തിപ്രദേശവും, വൃശ്ചികം വ്യഞ്ജനപ്രദേശവും (പുരുഷ - സ്ത്രീഭേദത്തെ അറിയിക്കുന്ന അവയവം), ധനു രണ്ടു തുടകളും, മകരം മുട്ടുകളും, കുംഭം കണങ്കാലുകളും , മീനം കാലപുരുഷന്റെ രണ്ടു കാലുകളുമാകുന്നു. രാശി, ക്ഷേത്രം, ഗൃഹം, ഋക്ഷം, ഭം, ഭവനം ഈ ആറു പേരുകള്‍ക്കും "രാശി" എന്ന് അര്‍ത്ഥവുമാകുന്നു.
ജനനകാലത്തിങ്കല്‍ ഏതേതു രാശികളിലാണോ ശുഭന്മാരുടേയോ അധിപന്‍റെയോ യോഗദൃഷ്ടികളുണ്ടാകുന്നത് അങ്ങനെയുള്ള രാശികള്‍ക്ക് പറഞ്ഞിട്ടുള്ള അവയവങ്ങള്‍ക്ക് പുഷ്ടിയും, പാപന്മാരുടെ യോഗദൃഷ്ടിയ്ക്കുള്ള രാശ്യാവയവങ്ങള്‍ക്ക് ബലക്കുറവും രോഗം മുതലായവ അനിഷ്ടങ്ങളും ഉണ്ടാവുമെന്ന് പറയണം.
കാലരസ്യാവയവാത് പുരുഷാണാം കല്പയേത് പ്രസവകാലേ
സദസത്ഗ്രഹസംയോഗാത് പുഷ്ടിം ചോപദ്രവാംശ്ചേതി.
എന്ന് പ്രമാണമുണ്ട്. ഒരു ഉദാഹരണവും കാണിയ്ക്കാം: ലഗ്നാല്‍ ആറില്‍ ഒരു പാപന്‍ നിന്നാല്‍ ആ പാപന്‍ നില്‍ക്കുന്ന രാശിയുടെ അവയവത്തില്‍ (ധനുരാശിയാണ് ലഗ്നമെന്നു വിചാരിക്കുക. എന്നാല്‍ ഇടവത്തില്‍ നില്‍ക്കുന്ന പാപനെകൊണ്ട് മുഖത്ത്) വ്രണമുണ്ടാകുമെന്ന് പറയാവുന്നതാണ്. "വ്രണകൃദശുഭഃ ഷഷ്ഠേ ലഗ്നാത് തനൗ ഭസമാശ്രിതേ" എന്ന് പറയുന്നതുമുണ്ട്.
നഷ്ടജാതകപ്രശ്നത്തില്‍ പൃച്ഛകന്‍ ഏതു രാശ്യാവയവമാണൊ പൃച്ഛകാലത്തിങ്കല്‍ സ്പര്‍ശിക്കുന്നത് ആ രാശിയാണ് ജനിച്ച കൂറെന്ന് പറയാവുന്നതാണ്.
"ഭം പ്രോച്യതേƒംഗാലഭനാദിഭിര്‍വ്വാ" എന്നും പ്രമാണമുണ്ട്.
(അംഗാലഭനം = അംഗസ്പര്‍ശം)