സൂര്യാദീനാം ഗ്രഹാണാം വ്യയഭവനഗതഃ പാപഖേടോ യദി സ്യാല്‍
സ്വോക്താനാം ദേവതാനാം വപുഷി വികലതാ,ഡുമണ്ഡുഭസ്പര്‍ശനാദ്യം
സംയോഗ മാന്ദിരാഹ്വോരഥ രവിജയുതോ ജീര്‍ണ്ണതാചാശുചിര്‍വാ
യോഗേ ഭൗമസ്യ രക്ഷാവിഹതിരഭിഹിതാ രക്ഷകസ്വാന്തഭേദാല്‍
സാരം :-
സൂര്യാദികളായ ഏതൊരു ഗ്രഹത്തെകൊണ്ടാണോ ദേവകോപം പറയപ്പെട്ടത് ആ ഗ്രഹത്തിന്‍റെ പന്ത്രണ്ടാം ഭാവത്തില്‍ പാപഗ്രഹം നിന്നാല്‍ ബിംബത്തിന് അംഗഭംഗം സംഭവിക്കുക നിമിത്തമാണ് ദേവന്‍ കോപിച്ചിരിക്കുന്നതെന്ന് പറയണം.
ദേവകോപകാരകനായ ഗ്രഹത്തിന് ഗുളികയോഗമോ രാഹുയോഗമോ ഉണ്ടായാല്‍ ബിംബത്തില്‍ തവള, ചേര പാമ്പ് മുതലായവ ചുറ്റുക നിമിത്തം ദേവന്‍ കോപിച്ചിരിക്കുന്നു എന്ന് പറയണം.
ദേവകോപകാരകനായ ഗ്രഹത്തിനോട് ശനിയുടെ യോഗമുണ്ടെങ്കില്‍ ക്ഷേത്രത്തിനോ ബിംബത്തിണോ പഴക്കം മുതലായ കേടുകള്‍ നിമിത്തമോ അല്ലെങ്കില്‍ അവിടെ അശുദ്ധി സംഭവിക്കയാലോ ദേവന്‍ കോപിച്ചിരിക്കുന്നു എന്ന് പറയണം.
ദേവകോപകാരകനായ ഗ്രഹത്തോട് ചൊവ്വയുടെ യോഗമുണ്ടായാല്‍ രക്ഷിക്കേണ്ടവരായ ജനങ്ങളുടെ അന്യോന്യമുള്ള മത്സരാദികള്‍ നിമിത്തം ദേവന്‍റെ സംരക്ഷണാദികള്‍ മുടങ്ങിയിരിക്കുന്നു എന്നും അതുകൊണ്ട് ദേവകോപം സംഭവിച്ചിരിക്കുന്നു എന്നും പറയണം.
ഒന്ന് രണ്ടു കാരണങ്ങള്‍ സന്ദേഹസൂചകങ്ങളായി കാണുന്നേടത്ത് ഭാവഗോചരങ്ങളെ ആസ്പദമാക്കി കാരണങ്ങളെ പറഞ്ഞുകൊള്ളണം.