സൂര്യാല്‍ സപ്തമധര്‍മ്മധീഷ്വശുഭദൗ പാപൗ പിതുര്‍ബന്ധദൗ
കാര്യാദ്ദ്വാവ്രണതശ്ച ബന്ധനമിനപ്രാബല്യദൗര്‍ബല്യതഃ
സൂര്യസ്യര്‍ക്ഷവശാച്ച ദൂരസവിധാദ്യുഹ്യം നവാംശൈരപി
സ്യാദ്യോഗോയമിദം സ്വകാരകവശാദ്യോജ്യം സുതാദിഷ്വപി
സാരം :-
സൂര്യന്‍റെ ഏഴിലും ഒന്‍പതിലും അഞ്ചിലും കൂടി രണ്ടു പാപഗ്രഹങ്ങള്‍ വരികയും ആ പാപഗ്രഹങ്ങള്‍ നില്‍ക്കുന്ന രാശി പാപക്ഷേത്രവുമായി വരികയും ചെയ്‌താല്‍ പ്രഷ്ടാവിന് ജയില്‍വാസം (ബന്ധനദോഷം) പറയണം. ഇവിടെ ആദിത്യന് ബലമുണ്ടെങ്കില്‍ ഏതോ കാര്യം നിമിത്തമാണെന്നും ആദിത്യന് ബലമില്ലെങ്കില്‍ കടം നിമിത്തമാണെന്നും പറയണം.
സൂര്യന്‍ ചരരാശിയിലാണെങ്കില്‍ ജയില്‍വാസം ദൂരദേശത്താണെന്നും സ്ഥിരരാശിയിലാണെങ്കില്‍ അടുത്ത പ്രദേശത്താണെന്നും ഉഭയരാശിയിലാണെങ്കില്‍ അധികം ദൂരവും അടുപ്പവുമില്ലാത്ത പ്രദേശത്തുവച്ചാണെന്നും പറയണം. ഈ യോഗം നവാംശങ്ങളെക്കൊണ്ടും വിചാരിക്കാവുന്നതാണ്.
സൂര്യന്‍ നില്‍ക്കുന്ന രാശിയിടെ 5,7,9, എന്നീ ഭാവങ്ങളില്‍ പാപക്ഷേത്രങ്ങളാകുകയും അവിടെ രണ്ടു പാപഗ്രഹങ്ങളുടെ അംശകം വരികയും ചെയ്താലും പിതാവിന് ബന്ധനം (ജയില്‍വാസം) പറയാവുന്നതാണ്. പുത്രകാരകനായ വ്യാഴത്തിന് ഈ യോഗമുണ്ടെങ്കില്‍ പുത്രന് ജയില്‍വാസം ഉണ്ടാകുമെന്നും മാതുലകാരകനായ ബുധന് ഈ യോഗമുണ്ടായാല്‍ അമ്മാവന് ജയില്‍വാസമുണ്ടാകുമെന്നും മറ്റും നല്ലപോലെ ചിന്തിച്ചു പറഞ്ഞുകൊള്ളണം.