ക്ഷിതിജ സിതജ്ഞ ചന്ദ്രരവി സൗമ്യസിതാവനിജാഃ
സുരഗുരുസൗരിമന്ദഗുരവശ്ച ഗൃഹാംശകപാഃ
അജമൃഗതൌലിചന്ദ്രഭവനാദി നവാംശവിധിര്‍-
ഭവനസമാംശകാധിപതയഃ സ്വഗൃഹാത് ക്രമശഃ
സാരം :-
മേടം വൃശ്ചികം ഈ രാശികളുടേയും അതുകളില്‍ വരുന്ന നവാംശകം ദ്വാദശാംശകം ഇതുകളുടേയും അധിപന്‍ കുജനും, ഇടവം തുലാം ഇതുകളുടേയും അതുകളിലെ നവാംശകദ്വാദശാംശകങ്ങളുടേയും അധിപന്‍ ശുക്രനും, മിഥുനം കന്നി ഇതുകളുടെ അധിപന്‍ ബുധനും കര്‍ക്കിടകത്തിന്‍റെ അധിപന്‍ ചന്ദ്രനും, ചിങ്ങത്തിന്‍റെ ആദിത്യനും, ധനു മീനം ഇതുകളുടെ വ്യാഴവും, മകരം കുംഭം ഈ രാശികളുടേയും അതുകളില്‍ വരുന്ന നവാംശകം ദ്വാദശാംശകം ഇതുകളുടേയും അധിപന്‍ ശനിയുമാകുന്നു. ഓരോ രാശിയേയും ഒമ്പത് ഭാഗമാക്കി ഭാഗിച്ചാല്‍ അതില്‍ ഒരംശത്തെ ( 3 തിയ്യതിയും 20 ഇലിയുമായ "നരാംഗ" ത്തെ) യാണ് "നവാംശകം" എന്ന് പറയുന്നത്. മേടം, ചിങ്ങം, ധനു ഈ മൂന്നു രാശികളുടേയും ആദ്യത്തെ നവാംശകം മേടത്തിലും, രണ്ടാമത്തെ ഇടവത്തിലും, ഇങ്ങനെ ക്രമത്തില്‍ ഒടുവിലത്തേതായ ഒമ്പതാമത്തെ നവാംശകം ധനുവിലുമാകുന്നു. ഇടവം, കന്നി, മകരം ഈ മൂന്നിന്‍റെയും ആദ്യത്തെ നവാംശകം മകരത്തിലും, രണ്ടാമത്തേത് കുംഭത്തിലും, ഇങ്ങനെ ക്രമേണ ഒടുവിലത്തെ നവാംശകം കന്നിയിലും ആകുന്നു. മിഥുനം, തുലാം, കുംഭം ഇതുകളിലെ ആദ്യത്തെ നവാംശകം തുലാത്തിലും, ക്രമേണ ഒടുവിലത്തേത് മിഥുനത്തിലും ആകുന്നു. കര്‍ക്കിടകം, വൃശ്ചികം, മീനം ഇതുകളിലെ ആദ്യത്തെ നവാംശകം കര്‍ക്കിടകത്തിലും, ഒടുവിലത്തെ നവാംശകം മീനത്തിലുമാകുന്നു.
ഓരോ രാശിയേയും പന്ത്രണ്ടു ഭാഗമാക്കിയതില്‍ ഒരംശത്തെയാണ് "ദ്വാദശാംശകം" എന്ന് പറയുന്നത്. ഈ ദ്വാദശാംശകം അതാതു രാശിയില്‍ നിന്ന് തുടങ്ങി അതാതിന്‍റെ പന്ത്രണ്ടാം ഭാവത്തില്‍ അവസാനിക്കുകയും ചെയ്യും. മേടത്തില്‍ ഒന്നാമത്തെ ദ്വാദശാംശകം മേടത്തിലും, രണ്ടാമത്തേത് ഇടവത്തിലും, ഇടവത്തില്‍ നിന്ന് തുടക്കവും മേടത്തില്‍ അവസാനവുമാകുന്നു. "ഗൃഹാംശകപാഃ" എന്നതുകൊണ്ട് രാശ്യാംകങ്ങളില്‍വെച്ച് ഏതിനാണോ ബലം കൂടുക അതുകൊണ്ടാണ് ഫലം ചിന്തിപ്പിക്കേണ്ടതെന്നും അറിയണം - "ബലയോഗാല്‍" "ഫലമംശകര്‍ക്ഷയോ" - എന്ന് പ്രമാണമുണ്ട്. രാശി അതിന്റെ അധിപന്‍ ഇതുകളില്‍വെച്ച് പ്രാധാന്യം ഏറുക അധിപനാണെന്നും, നവാംശകം ആദ്യം പറഞ്ഞതുകൊണ്ട് ഹോരാ ദ്രേക്കാണാദിവര്‍ഗ്ഗങ്ങളില്‍ നവാംശകത്തിനാണ് പ്രാധാന്യമെന്നും വരുന്നുണ്ട്.