ആര്‍ഷഭാരത തത്ത്വജ്ഞാനത്തിന്‍റെ സൗന്ദര്യവും ആര്‍ജ്ജവവും പരിശുദ്ധിയും ഒത്തിണങ്ങുന്ന ഗ്രന്ഥങ്ങളാണ് ഉപനിഷത്തുകള്‍. ഇവ ബ്രഹ്മാവിന്‍റെ ജ്ഞാനകാണ്ഡം തന്നെയെന്ന് ഒറ്റവാക്കില്‍ പറയാവുന്നതാണ്.
ഉപ, നി എന്നീ രണ്ട് ഉപസര്‍ഗ്ഗങ്ങള്‍ "സദ്" എന്ന ധാതുവിനോട് ചേര്‍ന്നിട്ടാണ് ഉപനിഷത്ത് എന്ന പദം ഉണ്ടാകുന്നത്. 'ഉപ' എന്നാല്‍ അടുത്തത് എന്നര്‍ത്ഥം. 'നി' എന്നതിന് ഗാഢ മെന്നും 'സദ്' എന്നതിന് ഇരിക്കുക എന്നും അര്‍ത്ഥമാകുമ്പോള്‍ ഉപനിഷത്ത് എന്നതിനര്‍ത്ഥം ശ്രദ്ധയോടെ അടുത്തിരുന്ന് പഠിക്കല്‍ എന്നാകും. ശ്രദ്ധോടെ ഗുരുവിന്‍റെ അടുത്തിരുന്ന് പഠിക്കുകയാകയാല്‍ ഗുരുവില്‍ നിന്നും ലഭിക്കുന്ന സ്വകാര്യവിദ്യയ്ക്കും (ഗൂഢവിദ്യയ്ക്കും) ഉപനിഷത്ത് എന്ന അര്‍ത്ഥം പ്രയോഗയോഗ്യമായിത്തീര്‍ന്നു. പല ഉപനിഷത്തുകളിലും ഇതേക്കുറിച്ച് പരാമര്‍ശമുണ്ട്. കോനോപനിഷത്ത് ഇതിനൊരു തെളിവാണ്. അതില്‍ ശിഷ്യന്‍ ഗുരോ ഉപനിഷത്ത് പറഞ്ഞുതന്നാലും എന്ന് അപേക്ഷിക്കുമ്പോള്‍ ഗുരു ഗൂഢമായി ഉപദേശം കൊടുക്കുന്നു. അതിനുശേഷം ഉപനിഷത്ത് പറയപ്പെട്ടുവെന്ന് പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട്.
കാലക്രമേണ ശങ്കരാചാര്യര്‍ തുടങ്ങിയ മഹാരഥന്മാര്‍ 'ഉപനി, സദ് എന്നീ ശബ്ദങ്ങളുടെ സര്‍വ്വസാധാരണമായ അര്‍ത്ഥത്തെ ഉന്മൂലനം ചെയ്യുകയും പകരം ബ്രഹ്മജ്ഞാനാത്മകമായ ഒരു അര്‍ത്ഥം കണ്ടുപിടിക്കുവാന്‍ ശ്രമം നടത്തുകയും ചെയ്തു. ഇതിന്‍റെ ഫലമായി ഉപനിഷത്തുകള്‍ക്ക് പല നിര്‍വ്വചനങ്ങളുണ്ടായി. അവിദ്യയുടെ വിനാശം വരുത്തുന്ന വിദ്യയെന്നും, മുമുക്ഷുക്കളുടെ ബ്രഹ്മത്തിലേയ്ക്ക് ഗമിപ്പിക്കുന്ന വിദ്യയെന്നും, സംസാരദുഃഖത്തെ ക്ഷയിപ്പിക്കുന്ന വിദ്യയെന്നും ഉപനിഷത്ത് അര്‍ത്ഥങ്ങള്‍ ഉണ്ടായി. ഇവയ്ക്കെല്ലാം പുറമെ ഏറ്റവും സമീപത്ത് സ്ഥിതിചെയ്യുന്നത് എന്നൊരു അര്‍ത്ഥംകൂടി ഉപനിഷത്തിനുണ്ട്.