വിപ്രാദിതശ്ശുക്രഗുരു കുജാര്‍ക്കൗ
ശശീ ബുധശ്ചേത്യസിതോന്ത്യജാനാം
ചന്ദാര്‍ക്കജീവാ ജ്ഞസുതൗ കുജാര്‍ക്കീ
യഥാക്രമം സത്ത്വരജസ്തമാംസി
സാരം :-
ശുക്രനും വ്യാഴവും ബ്രാഹ്മണജാതിയുടേയും, ചൊവ്വയും ആദിത്യനും ക്ഷത്രീയരുടേയും, ചന്ദ്രന്‍ വൈശ്യരുടേയും, ബുധന്‍ ശൂദ്രരുടേയും, ശനി സങ്കരജാതികളുടേയും അധിപന്മാരാകുന്നു. അവയില്‍ തന്നെ ഉത്തമബ്രാഹ്മണരുടെ അധിപന്‍ വ്യാഴവും, അധമന്മാരുടെ അധിപന്‍ ശുക്രനും, എടപ്രഭുക്കന്മാര്‍ സാമന്തന്മാര്‍ ഇവരുടെ അധിപന്‍ ചൊവ്വയും ശുദ്ധക്ഷത്രിയന്മാര്‍ മഹാരാജാവ് ചക്രവര്‍ത്തി എന്നിവരുടെ ആധിപത്യം ആദിത്യനുമാകുന്നു. ബുധന് വൈശ്യന്മാരുടേയും ശനിയ്ക്ക് ശൂദ്രന്‍ അനുലോമപ്രതിലോമജാതികള്‍ ഇവരുടേയും ആധിപത്യമാണുള്ളതെന്നു ഒരു പക്ഷാന്തരമുണ്ട്.
വൈശ്യൗ ബുധചന്ദ്രമസൗ ശനൈശ്ചരഃ ശൂദ്രസങ്കരകൃത്
എന്ന് പ്രമാണമുണ്ട്.
ജാതകത്തിലെ ഒമ്പതാംഭാവാധിപനെക്കൊണ്ടും അവിടെ നില്‍ക്കുന്ന ഗ്രഹത്തിനെക്കൊണ്ടും അവിടേയ്ക്ക് നോക്കുന്ന ഗ്രഹത്തിനെക്കൊണ്ടും ഗുരുനാഥന്‍റെ ജാതിയേയും, ഇപ്രകാരംതന്നെ ഏഴാംഭാവംകൊണ്ട് ഭാര്യയുടേയും ജാതിയെപ്പറയേണ്ടതാണ്. പ്രശ്നത്തിലാണെങ്കില്‍ ചോരവിഷയമാകുമ്പോള്‍ ആറാം ഭാവാധിപനെക്കൊണ്ട് തസ്ക്കരന്‍റെയും ഭോജനപ്രശ്നത്തിങ്കല്‍ അഞ്ചാം ഭാവാധിപനെക്കൊണ്ട് ഭോജന ദാതാവിന്‍റെയും, ഒമ്പതാം ഭാവാധിപന്‍ അവിടെ നില്‍ക്കുന്നഗ്രഹം അവിടേയ്ക്ക് നോക്കുന്നഗ്രഹം ഇവരെക്കൊണ്ട് ഒരുമിച്ചിരുന്നു ഭക്ഷിച്ചവരുടേയും ജാതിയെ വിചാരിക്കണം. ജാതിയെ വിചാരിക്കേണ്ടിവരുന്നേടത്തൊക്കെയും മേല്‍പറഞ്ഞ പ്രകാരത്തിലാണ് വേണ്ടതെന്നും താല്പര്യം.
ആദിത്യന്‍, ചന്ദ്രന്‍, വ്യാഴം, എന്നീ ഗ്രഹങ്ങള്‍ സത്വഗുണത്തിന്‍റെയും ബുധന്‍, ശുക്രന്‍ എന്നീ ഗ്രഹങ്ങള്‍ രജോഗുണത്തിന്‍റെയും കുജന്‍, ശനി എന്നീ ഗ്രഹങ്ങള്‍ തമോഗുണത്തിന്‍റെയും അധിപന്മാരാകുന്നു.
ജാതകപ്രശ്നാദികളില്‍ ലഗ്നാധിപനേക്കൊണ്ട് ജാതന്‍, പൃച്ഛകന്‍ എന്നിവരുടേയും പഞ്ചമാധിപനെക്കൊണ്ട് പുത്രന്മാരുടേയും സപ്തമാധിപനെക്കൊണ്ട് ഭാര്യയുടേയും സാത്വികാദിഗുണപ്രകൃതിയെ പറയാവുന്നതാണ്. ഇങ്ങിനെ ശേഷം ഭാവാധിപന്മാരെക്കൊണ്ട് മറ്റുള്ളവരുടെ ഗുണങ്ങളേയും പറയാവുന്നതാണ്.