രക്തഃ ശ്വേതഃ ശുകതനുനിഭഃ പാടലോ ധൂമ്രപാണ്ഡു-
ശ്ചിത്രഃ കൃഷ്ണഃ കനകസദൃശഃ പിംഗലഃ കര്‍ബുരശ്ച
ബഭ്രുഃ സ്വച്ഛഃ പ്രഥമഭവനാദ്യേഷു വര്‍ണ്ണാഃ പ്ലവത്വം
സ്വേശാശാഖ്യം ദിനകരയുതാത് ഭാത് ദ്വിതീയഞ്ച വേസിഃ
സാര :-
മേടം രാശിയുടെ നിറം ചുവപ്പും, ഇടവം രാശിയുടെ നിറം വെളുപ്പും, മിഥുനം രാശിയുടെ നിറം കിളിയെപ്പോലെ പച്ചയും, കര്‍ക്കിടകം രാശിയുടെ നിറം പാതിരിപ്പൂവുപോലെയും, ചിങ്ങം രാശിയുടെ നിറം മങ്ങിയ വെളുപ്പും, കന്നി രാശിയുടെ നിറം നാനാവര്‍ണ്ണവും, തുലാം രാശിയുടെ നിറം കറുപ്പും, വൃശ്ചികം രാശിയുടെ നിറം സ്വര്‍ണ്ണവര്‍ണ്ണവും, ധനു രാശിയുടെ നിറം പിംഗളവര്‍ണ്ണവും, മകരം രാശിയുടെ നിറം മാങ്ങിയ വെളുപ്പും, കുംഭം രാശിയുടെ നിറം കീരിയുടെ വര്‍ണ്ണവും, മീനം രാശിയുടെ നിറം സ്വച്ഛവുമാകുന്നു.
ജാതകം പ്രശ്നം മുതലായ ദിക്കിലൊക്കെയും ഗ്രഹമുണ്ടെങ്കില്‍ അതിനെക്കൊണ്ടും, ഇല്ലെങ്കില്‍ രാശിയെക്കൊണ്ടുമാണ് വര്‍ണ്ണത്തെ പറയേണ്ടത്. രാശികള്‍ അതാതു രാശ്യധിപന്‍റെ ദിക്കിലേക്ക് ചെരിഞ്ഞിട്ടാണിരിക്കുന്നത്. സൂര്യന്‍ കിഴക്കിന്‍റെ അധിപനാകയാല്‍ ചിങ്ങം രാശി കിഴക്കോട്ട് ചെരിഞ്ഞിരിക്കുമെന്നും, ചൊവ്വ തെക്ക് ദിക്കിന്‍റെ അധിപനാകയാല്‍ മേടവും വൃശ്ചികവും തെക്കോട്ട് ചെരിഞ്ഞിരിക്കുമെന്നും താല്പര്യം. ഇതുപോലെ മറ്റു രാശികളുടെ ചെരിവിനേയും കണ്ടുകൊള്‍ക. ഭൂമിയുടെ നിമ്നോന്നതാദ്യവസ്ഥകളെ ഇതുകൊണ്ടാണ് വിചാരിക്കേണ്ടത്. രാശ്യധിപന് ബലമുണ്ടെങ്കില്‍ മാത്രമേ ഈ വിധിയെ ചിന്തിയ്ക്കേണ്ടതുള്ളുവെന്നും, ബലമില്ലെങ്കില്‍, മറ്റുഗ്രഹങ്ങളുടെ യോഗമോ ദൃഷ്ടിയോ ഉണ്ടെങ്കില്‍ അവരില്‍ ബലവാന്‍റെ ദിക്കിലേയ്ക്കാണ് ചെരിഞ്ഞിരിക്കുകയെന്നും, രാശ്യധിപന് ബലമോ മറ്റു ഗ്രഹങ്ങളുടെ യോഗദൃഷ്ടികളോ ഇല്ലെങ്കില്‍, ആ രാശികൊണ്ട് വിചാരിക്കുന്ന ദിക്ക് ചെരിവില്ലാതെ സമനിരപ്പിലായിരിയ്ക്കുമെന്നും അറിയേണ്ടതാണ്.
സൂര്യന്‍ നില്‍ക്കുന്ന രാശിയുടെ രണ്ടാം ഭാവത്തിന് "വേസി" എന്ന സംജ്ഞയുണ്ട്. ചകാരം കൊണ്ട് സൂര്യന്‍റെ പന്ത്രണ്ടാം ഭാവത്തിന് "വേസി" എന്ന സംജ്ഞയുണ്ടെന്ന് കൂടി സൂചിപ്പിയ്ക്കുന്നുണ്ട്.