ക്രൂരഃ സൌമ്യഃ പുരുഷവനിതേ, തേ ചരാഗദ്വിദേഹാഃ,
പ്രാഗാദീശാഃ ക്രിയവൃഷനൃയുക്കര്‍ക്കടാഃ സത്രികോണാഃ
മാര്‍ത്താണ്ഡേന്ദ്വോരയുജി, സമഭേ ചന്ദ്രഭാന്വോശ്ച ഹോരേ
ദ്രേക്കാണാഃ സ്യുഃ സ്വഭവനസുതത്രിതൃകോണാധിപാനാം.
സാരം :-
മേടം, മിഥുനം മുതലായ ഓജരാശികളൊക്കെയും ക്രൂരസ്വഭാവങ്ങളും, പുരുഷരാശികളുമാകുന്നു.
ഇടവം, കര്‍ക്കിടകം തുടങ്ങിയ യുഗ്മരാശികള്‍ മുഴുവനും സൌമ്യസ്വഭാവങ്ങളും സ്ത്രീരാശികളുമാണ്.
ഓജരാശികളെക്കൊണ്ട് വിചാരിക്കുന്നവ സകലവും ക്രൂരസ്വഭാവമായിരിക്കും. യുഗ്മരാശികൊണ്ട് വിചാരിക്കുന്നവ സൌമ്യസ്വഭാവവുമായിരിക്കും. പ്രശ്നാദികളില്‍ ചിന്തിക്കുന്നത് വല്ല സത്വത്തേയാണെങ്കില്‍ അതും, പദാര്‍ത്ഥത്തെയാണെങ്കില്‍ അതും അതിക്രൂരമായിരിക്കും. ജാതകത്തില്‍ ഉദയലഗ്നം ചന്ദ്രന്‍ നില്‍ക്കുന്ന രാശി ഇതുകള്‍ ഓജങ്ങളായാല്‍ ആ ശിശു വളരെ ക്രൂരനായിരിക്കും. യുഗ്മരാശികള്‍ക്ക് ഫലം വിപരീതവുമായിരിക്കും. "ക്രൂരഃ സ്യുഃ ക്രൂരഭഞ്ചേല്‍" എന്ന് പ്രമാണവുമുണ്ട്. അപ്രകാരം തന്നെ ഓജരാശികളെക്കൊണ്ട് വിചാരിക്കുന്ന മനുഷ്യാദി സത്വങ്ങളൊക്കെയും പുരുഷനല്ലെങ്കില്‍കൂടി പുരുഷപ്രകൃതിയും, യുഗ്മംകൊണ്ട് വിചാരിക്കുന്നത് മുഴുവനും സ്ത്രീപ്രകൃതിയും ചപല്യാദികളായ സ്ത്രീപ്രകൃതികളോട്കൂടിയുമിരിയ്ക്കുന്നതാണ്. ഗര്‍ഭപ്രശ്നം ചോരപ്രശ്നം ചിന്താപ്രശ്നം മുതലായവയില്‍ ഓജരാശികളെക്കൊണ്ട് പുരുഷനേയും, യുഗ്മരാശികളെക്കൊണ്ട് സ്ത്രീയേയും ആണ് വിചാരിക്കേണ്ടത്.
മേടം, കര്‍ക്കിടകം, തുലാം, മകരം എന്നീ രാശികള്‍ ചരരാശികളും, ഇടവം, ചിങ്ങം, വൃശ്ചികം, കുംഭം എന്നീ രാശികള്‍ സ്ഥിരരാശികളും, മിഥുനം, കന്നി, ധനു, മീനങ്ങള്‍ ഉഭയരാശികളും (ചരത്തിന്‍റെയും സ്ഥിരത്തിന്‍റെയും സ്വഭാവമുള്ളതും) ആകുന്നു. യാത്രാദി ചരകാര്യങ്ങളില്‍ ചരരാശി നല്ലതാണ്. സ്ഥിരരാശികളക്കൊണ്ട് ചരത്തിന് പറഞ്ഞതിന്‍റെ വിപരീതവും, ഉഭയരാശികളെക്കൊണ്ട് ഫലം മിശ്രവുമായി വിചാരിക്കണം. ഉഭയരാശികള്‍ക്ക് ചരത്തോട് അടുത്ത പകുതിഭാഗം ചരപ്രകൃതിയായും, സ്ഥിരത്തോടടുത്ത പകുതിഭാഗം സ്ഥിരപ്രകൃതിയായുമാണ് വിചാരിക്കേണ്ടതെന്നു ഒരു പക്ഷമുണ്ട്. രോഗപ്രശ്നത്തിങ്കല്‍ ലഗ്നാരൂഢങ്ങള്‍ ചരങ്ങളായാല്‍ രോഗം മാറുമെന്നും, സ്ഥിരങ്ങളായാല്‍ വളരെത്താമസിച്ചു പണിപ്പെട്ടേ മാറുകയുള്ളൂവെന്നും മറ്റും യുക്തിയ്ക്കനുസരിച്ച് പറയാവുന്നതാണ്.
മേടം, ചിങ്ങം, ധനു എന്നീ രാശികള്‍ കിഴക്ക് ദിക്കിലും, ഇടവം, കന്നി, മകരം എന്നീ രാശികള്‍ തെക്ക് ദിക്കിലും, മിഥുനം, തുലാം, കുംഭം എന്നീ രാശികള്‍ പടിഞ്ഞാറും, കര്‍ക്കിടകം, വൃശ്ചികം, മീനം രാശികള്‍ വടക്കും സ്ഥിതി ചെയ്യുന്നവയാണ്.
കിഴക്ക് ദിക്കിനെ മൂന്നു ഭാഗമാക്കിയാല്‍ വടക്ക് ഭാഗത്ത് മേടവും നടുവില്‍ ചിങ്ങവും തെക്ക് ഭാഗത്ത് ധനുവുമായി വിചാരിക്കണമെന്നും പക്ഷാന്തരമുണ്ട്. തെക്ക് മുതലായ ദിക്കുകള്‍ക്കും പക്ഷാന്തരത്തെ ഇപ്രകാരം കണ്ടുകൊള്‍ക. രാശികളെക്കൊണ്ട് മാത്രം ദിക്കുകളെ വിചാരിക്കുന്ന എല്ലാ സന്ദര്‍ഭത്തിലും ഇതുകൊണ്ടാണ് വേണ്ടത്.
ഒരു രാശിയെ രണ്ടു ഭാഗമാക്കിയതില്‍ ഒന്നിനെ (15 തിയ്യതികളെ) ആണ് "ഹോര" എന്ന് പറയുന്നത്.
ഓജരാശികളില്‍ ആദ്യഹോരയുടെ അധിപതി സൂര്യനും, രണ്ടാം ഹോരയുടെ അധിപതി ചന്ദ്രനുമാകുന്നു.
യുഗ്മരാശിയില്‍ ആദ്യത്തെ ഹോരയുടെ അധിപതി ചന്ദ്രനും രണ്ടാമത്തെ ഹോരയുടെ അധിപതി സൂര്യനുമാകുന്നു.
സൂര്യഹോരകള്‍ക്ക് ക്രൂരസ്വഭാവങ്ങളും, ചന്ദ്രഹോരകള്‍ക്ക് സൌമ്യസ്വഭാവങ്ങളുമാകുന്നു.
പാപന്മാര്‍ ഓജരാശിയിലെ സൂര്യഹോരയില്‍ നിന്നാല്‍ അവര്‍ അതിക്രൂരന്മാരും, ശുഭന്മാര്‍ യുഗ്മരാശിയില്‍ ചന്ദ്രഹോരയില്‍ നിന്നാല്‍ അവര്‍ അതിസൌമ്യന്മാരുമായിരിക്കും.
ഒരു രാശിയെ മൂന്നുഭാഗമാക്കിയത്തില്‍ അതിന്നു ഒരംശത്തെ (10 തിയ്യതികളെയാണ്) "ദ്രേക്കാണം" എന്ന് പറയുന്നത്. ഏതു രാശിയിലും ആദ്യത്തെ ദ്രേക്കാണാധിപന്‍ ആ രാശ്യധിപനും, രണ്ടാം ദ്രേക്കാണാധിപന്‍ അതിന്‍റെ അഞ്ചാംരാശ്യധിപനും, മൂന്നാം ദ്രേക്കാണാധിപന്‍ ഒന്‍പതാംരാശ്യധിപനുമാകുന്നു.
ജാതകത്തില്‍ അഷ്ടമദ്രേക്കാണാധിപനെക്കൊണ്ട് മൃതികാരണഭൂതരോഗാദികളേയും (ദ്വാവിംശതിമസ്തു കാരണം ദ്രേക്കാണോ നിധനസ്യ സുരിഭിഃ" എന്ന് പ്രകൃതഗ്രന്ഥത്തില്‍ തന്നെ പറയുന്നുണ്ട്) പറയാവുന്നതാണ്.
ചോരപ്രശ്നാദികളില്‍ ലഗ്നത്തിലെ ദ്രേക്കാണംകൊണ്ട് കള്ളന്‍റെ ദേഹപ്രകൃതി മുതലായതുകളേയും വിചാരിക്കാവുന്നതാണ്. ഓരോ ദ്രേക്കാണത്തിനും വേറെ വേറെ സ്വരൂപം പ്രകൃതഗ്രന്ഥത്തില്‍ തന്നെ പറയുന്നുണ്ട്.