ബുധസൂര്യസുതൗ നപുംസകാഖ്യൗ
ശശിശുക്രൗ യുവതീ നരാസ്തു ശേഷാഃ
ശിഖിഭൂഖപയോമരുദ്ഗണാനാം
വശിനോ ഭൂമിസുതാദയഃ ക്രമേണ.
സാരം :-
ബുധനും ശനിയും നപുംസകങ്ങളുടേയും, ചന്ദ്രശുക്രന്മാര്‍ സ്ത്രീകളുടേയും, സൂര്യന്‍, കുജന്‍, വ്യാഴം ഇവര്‍ പുരുഷന്മാരുടേയും കാരകന്മാരാകുന്നു. ഇവരില്‍ തന്നെ ബുധന് സ്ത്രീനപുംസകങ്ങളുടേയും ശനിയ്ക്ക് പുംനപുംസകങ്ങളുടേയും, ചന്ദ്രന്‍ വിബലനാണെങ്കില്‍ മാതാവിന്‍റെയും, ബലവാനാണെങ്കില്‍ പുത്രിയുടേയും, ശുക്രന്‍ ഭാര്യയുടേയും, ആദിത്യന് പിതാവിന്‍റെയും, ചൊവ്വയ്ക്ക് സഹോദരന്‍മാരുടേയും, വ്യാഴത്തിന് പുരുഷസന്താനങ്ങളുടേയും ആധിപത്യമാണുള്ളതെന്ന ഒരു വിഭാഗവും കൂടിയുണ്ട്. സ്ത്രീപുരുഷവിഭാഗങ്ങളൊക്കയും ഈ പറഞ്ഞ ആധിപത്യം കൊണ്ടാണ് വിചാരിക്കേണ്ടത്.
ശിഖിഗണങ്ങളുടെ അധിപന്‍ ചൊവ്വയും,
ഭൂഗണങ്ങളുടെ അധിപന്‍ ബുധനും,
ആകാശഗണങ്ങളുടെ അധിപന്‍ വ്യാഴവും,
പയോഗണങ്ങളുടെ അധിപന്‍ ശുക്രനും,
വായുഗണങ്ങളുടെ അധിപന്‍ ശനിയുമാകുന്നു.
അഗ്നി, നേത്രം, രൂപം, പാദങ്ങള്‍, വ്യാനന്‍ എന്ന വായ, മനോമയകോശം, വിശപ്പ്, ദാഹം, മൊഹാലസ്യം, ഉറക്കം, തേജസ്സ് ഇതൊക്കെയും ശിഖിഗണങ്ങളാകുന്നു.
ഭൂമി, ഗന്ധം, ഘ്രാണേന്ദ്രിയം, ഉപസ്ഥം, പ്രാണവായു, അന്നമയകോശം, മാംസം, അസ്ഥി, ഞെരമ്പുകള്‍, രോമങ്ങള്‍ എന്നിയവയെല്ലാം ഭൂഗണങ്ങളില്‍ പെട്ടവയാകുന്നു.
ആകാശഗണങ്ങള്‍ എന്നുവെച്ചാല്‍ ആകാശം, ശബ്ദം, ശ്രോത്രേന്ദ്രിയം, സമാനന്‍, ആനന്ദമയകോശം, രാഗം, ദ്വേഷം, മോഹം, ഭയം, ജര എന്നിവയെല്ലാമാണ്.
ജലം, രസം, രസനേന്ദ്രിയം, വായു, അപാനന്‍, പ്രാണമയകോശം, വിയര്‍പ്പ്, രക്തം, മൂത്രം, ശുക്ലം, ഉമിനീര്‍ എന്നിവയെല്ലാം പയോഗണങ്ങളാകുന്നു.
വായു, സ്പര്‍ശനേന്ദ്രിയം, ത്വക്ക്, കയ്യുകള്‍, ഉദാനന്‍, ജ്ഞാനമയകോശം, ശരീരചലനം എന്നിവയൊക്കെയും വായുഗണങ്ങളുമാകുന്നു.
ഇതിനുപുറമേ സൂര്യന് അഗ്നിയുടേയും, ചന്ദ്രന് ജലത്തിന്‍റെയും ആധിപത്യമുണ്ടെന്ന് അറിയുക. രാശികള്‍ക്ക് അതാതിന്‍റെ അധിപനുള്ള ഭൂതമാണുള്ളതെന്നും ധരിയ്ക്കണം.
ക്ഷിത്യംബുപവനപാവകവിയന്തി ഭൂതാനി പഞ്ച കഥിതാനി
ബുധഭൃഗുശനിഭൌമാനാം ജീവസ്യൈഷാം ഗ്രഹാണാം ച.
ഗ്രഹങ്ങള്‍ക്ക് ഭൂതാധിപത്യം പറഞ്ഞതുകൊണ്ടുതന്നെ അവരുടെ ശുഷ്കദ്രവാദി സ്വഭാവങ്ങളും സൂചിപ്പിച്ചിട്ടുണ്ട്.
സൂര്യന്‍, കുജന്‍, ശനി എന്നീ ഗ്രഹങ്ങള്‍ ശുഷ്കഗ്രഹങ്ങളും,
ചന്ദ്രന്‍, ശുക്രന്‍ എന്നീ ഗ്രഹങ്ങള്‍ ജല ഗ്രഹങ്ങളും,
ബുധന്‍, വ്യാഴം എന്നീ ഗ്രഹങ്ങള്‍ ജലരാശിയില്‍ നില്‍ക്കുകയോ ജലഗ്രഹത്തോട് കൂടുകയോ ചെയ്‌താല്‍ ജലമയന്മാരും, സ്ഥലരാശികളുടേയും ശുഷ്കഗ്രഹങ്ങളുടേയും സമ്പര്‍ക്കമുണ്ടായാല്‍ ശുഷ്കസംഗ്രഹങ്ങളുമാകുന്നതാണ്.
ശുഷ്കാ രവികുജസൌരാ
ഭൃഗുചന്ദ്രമസൌ ജലാത്മകൌ ജ്ഞേയൌ
ആശ്രയഗൌ ഗുരുസൌമ്യൌ
എന്ന് പ്രമാണമുണ്ട്.