പ്രാപ്തോ മൃത്യുമസൌ ഭുജംഗദശനാദ്യുക്തേക്ഷിതേ രാഹുണാ
നദ്യാദൌ പതനേന തോയഭവനേ മാന്ദൌ സപാപാന്വിതേ
സംബന്ധേ ഗുളികസ്യ ചൈവമസതാം പ്രേതാസ്തു ദുര്‍മൃത്യവോ
വിജ്ഞേയാ ഗുളികാംശരാശിവശതോ വാച്യാ ച പുംസ്ത്രീഭിദാ
സാരം :-
ഗുളികന്‍ ബാധാരാശിയിലോ അനിഷ്ടഭാവങ്ങളിലോ രാഹുവിന്‍റെ യോഗദൃഷ്ടികളോടുകൂടി നിന്നാല്‍ പ്രേതം പാമ്പ് കടിച്ചു മരിച്ചതാണെന്ന് പറയണം.
ഗുളികന്‍ പാപനോടുകൂടി അനിഷ്ടരാശിയിലോ ബാധയിലോ നില്‍ക്കുകയും അത് ജലരാശിയായിരിക്കുകയും ചെയ്‌താല്‍ നദി പുഴ മുതലായ ജലാശയത്തില്‍ വീണ് മരിച്ചതാണെന്ന് പറയണം. ഇപ്രകാരം ഗുളികന് പാപഗ്രഹങ്ങളുടെ യോഗദൃഷ്ടികളുണ്ടായാല്‍ സാമാന്യേന പ്രേതങ്ങള്‍ ദുര്‍മൃതിപ്പെട്ടവയാണെന്നും പറയണം. ഗുളികന്‍റെ സ്ഥിതിയും അംശകവും ഓജരാശിയിലാണെങ്കില്‍ പുരുഷ പ്രേതമാണെന്നും യുഗ്മരാശിയിലാണെങ്കില്‍ സ്ത്രീപ്രേതമാണെന്നും പറയണം. അംശകസ്ഥിതികള്‍ ഓജയുഗ്മങ്ങളിലായി വന്നാല്‍ ബലമനുസരിച്ചു സ്ത്രീപുരുഷ വിഭാഗം ചെയ്തുകൊള്ളണം. ബലം മിക്കവാറും സമാനമാണെങ്കില്‍ സ്ത്രീ പ്രേതത്തേയും പുരുഷപ്രേതത്തെയും പറയണം.