ലഗ്നാദിഭാവങ്ങളുടെ തന്നെ സംജ്ഞാന്തരങ്ങളെയാണ് ഇനി പറയുന്നത്

കല്യസ്വവിക്രമഗൃഹപ്രതിഭാക്ഷതാനി
ചിത്തോത്ഥരന്ധ്രഗുരുമാനഭവവ്യയാനി
ലഗ്നാച്ചതുര്‍ത്ഥനിധനേ ചതുരശ്രസംജ്ഞേ
ദ്യൂനഞ്ച സപ്തമഗൃഹം ദശമര്‍ക്ഷമാജ്ഞാഃ

സാരം :-

ലഗ്നഭാവം കൊണ്ട് രോഗമില്ലായ്മ (അതിന്‍റെ അനുഭോക്താവായ ആത്മാവിനെ എന്ന് താല്പര്യം) ദേഹസൗഷ്ഠവം ഇതുകളേയും, രണ്ടാം ഭാവംകൊണ്ട് തനിയ്ക്ക് ഉപജീവനത്തിന്നുള്ള ധനം പൂര്‍വ്വാര്‍ജ്ജിതധനം ഇതുകളേയും, മൂന്നാം ഭാവം കൊണ്ട് പരാക്രമത്തേയും, നാലാം ഭാവം കൊണ്ട്  തനിയ്ക്ക് താമസിക്കേണ്ട ഗൃഹത്തേയും, അഞ്ചാം ഭാവം കൊണ്ട് ബുദ്ധിയുടെ ഉന്മേഷത്തേയും, ആറാം ഭാവം കൊണ്ട് വ്രണത്തേയും, ഏഴാം ഭാവം കൊണ്ട് കാമവികാരത്തേയും, എട്ടാം ഭാവം കൊണ്ട് ആപത്തിനേയും, ഒമ്പതാം ഭാവം കൊണ്ട് പിതാവ്, ഗുരുനാഥന്‍ എന്നിവരേയും, പത്താം ഭാവം കൊണ്ട് അഭിമാനത്തേയും, പതിനൊന്നാം ഭാവം കൊണ്ട് ലാഭത്തേയും (വരുമാനത്തേയും) പന്ത്രണ്ടാം ഭാവം കൊണ്ട് ധനനാശത്തേയുമാണ് വിചാരിക്കേണ്ടത്.

ഇതിനുപുറമേ ജാതകം പ്രശ്നം മുതലായ വിഷയങ്ങളില്‍ എന്തൊക്കെയാണോ വിചാരിക്കേണ്ടിവരുന്നത് അത് മുഴുവനും ലഗ്നാദി ദ്വാദശഭാവങ്ങളെകൊണ്ടുതന്നെ വിചാരിക്കണം. അധിപന്‍റെയോ അധിപബന്ധുക്കളുടേയോ ഗുരുബുധശുക്രന്മാരുടേയോ യോഗദൃഷ്ടി ഷഡ്വര്‍ഗ്ഗാദിബന്ധങ്ങളും, അധിപന് ബലവും ഏതേതുഭാവങ്ങള്‍ക്കാണോ ഉള്ളത് ആ ഭാവങ്ങള്‍ക്ക് അഭിവൃദ്ധിയും, ഭാവത്തിനും ഭാവാധിപനും ബലഹീനതയും, അധിപശത്രുക്കളുടേയോ പാപന്മാരുടേയോ ഷഷ്ഠാഷ്ടമദ്വാദശാധിപന്മാരുടേയോ (6, 8, 12 എന്നീ ഭാവങ്ങളുടെ അധിപന്മാരുടേയോ ) ദൃഷ്ടി മുതലായ ബന്ധവുമുള്ള ഭാവങ്ങള്‍ക്ക് നാശവും പറയണം. 

ഏത് ഭാവമാണോ വിചാരിക്കുന്നത് ആ ഭാവത്തിനും ഭാവാധിപനും, ആ ഭാവഫലത്തിന്‍റെ കാരകനും  ബലമുണ്ടെങ്കില്‍ ആ ഭാവഫലം ഉണ്ടാകുമെന്നും, അവര്‍ ഇഷ്ടസ്ഥന്മാരായാല്‍ ഫലങ്ങളെ അനുഭവിയ്ക്കുമെന്നും വിചാരിയ്ക്കണം. ഈ പറഞ്ഞതുകൊണ്ട് ബലം നിമിത്തം ഫലം ഉണ്ടാവുകയും, ഇഷ്ടസ്ഥിതികൊണ്ട് അനുഭവിയ്ക്കയുമാണെന്ന് സ്പഷ്ടമായല്ലോ. ഇങ്ങനെ യുക്തിക്കനുസരണമായി എല്ലാ ഭാവങ്ങളേയും വിചാരിക്കേണ്ടതുമാണ്. 

ഷഷ്ഠാഷ്ടമദ്വാദശാധിപന്മാര്‍ക്ക് ബലമുണ്ടായാല്‍ ഫലം വിപരീതവുമാണ്. ഷഷ്ഠാധിപന് (ആറാം ഭാവാധിപന്) ബലമോ ഷഷ്ഠത്തിലേയ്ക്ക് (ആറാം ഭാവത്തിലേയ്ക്ക്) ശുഭയോഗദൃഷ്ടികളോഉണ്ടായാല്‍ ശത്രുജയം, ശത്രുനാശം മുതലായതുകളും രോഗമില്ലായ്മയും, അഷ്ടമത്തിലേയ്ക്ക് (എട്ടാം ഭാവത്തിലേയ്ക്ക്) ശുഭയോഗദൃഷ്ട്യാദികളും അധിപന് ബലവുമുണ്ടായാല്‍ ദീര്‍ഘായുസ്സ്, ആപല്‍ക്ഷയം ഇത്യാദികളും, വ്യയസ്ഥാനത്തിന് (പന്ത്രണ്ടാം ഭാവത്തിന്)  മേല്‍പറഞ്ഞവയുണ്ടെങ്കില്‍ നല്ല കാര്യങ്ങളില്‍ വ്യയം ചെയ്യുവാന്‍ ഇടവരികയും, പാപം നശിയ്ക്കയും മറ്റും ചെയ്യുമെന്ന് വിചാരിക്കണം.

ഏതൊരു ഗ്രഹത്തെക്കൊണ്ടാണോ ഭാവങ്ങളുടെ പുഷ്ടി, നാശം മുതലായ ഫലങ്ങളെ വിചാരിക്കുന്നത് അതിന്‍റെ ദശാപഹാരച്ഛിദ്രചാരാദികാലങ്ങളിലും, ആ ഗ്രഹത്തിന്‍റെ നക്ഷത്രം, ആഴ്ച, ഋതു, മൌഡ്യാരംഭാവസാനാദികാലങ്ങള്‍ ഈ അവസരത്തിലുമാണ് അതാതു ഭാവഫലമുണ്ടാവുന്നതും. ഷഷ്ഠാഷ്ടമദ്വാദശാധിപന്മാര്‍ നില്‍ക്കുന്നതും നോക്കുന്നതുമായ ഭാവങ്ങളൊക്കെയും നശിയ്ക്കുമെന്നും, ലഗ്നം, 9, 11 എന്നീ ഇഷ്ടഭാവങ്ങളുടെ അധിപന്മാര്‍ നില്‍ക്കുകയോ നോക്കുകയോ ചെയ്യുന്ന ഭാവങ്ങള്‍ അനുഭവിയ്ക്കയും ചെയ്യുമെന്നും അറിയേണ്ടതാണ്.

ലഗ്നത്തില്‍ നിന്ന് നാലും എട്ടും ഭാവങ്ങള്‍ക്ക് " ചതുരശ്രം" എന്നും, ഏഴാം ഭാവത്തിനു " ദ്യൂനം" എന്നും, പത്താം ഭാവത്തിന് "ആജ്ഞ" എന്നും പേരുണ്ട്. ഇവിടെ ആജ്ഞാശബ്ദംകൊണ്ട് കല്പനാശക്തിയേയും സര്‍വ്വലോക ബഹുമാന്യതയേയും, പത്താം ഭാവം കൊണ്ടാണ് വിചാരിക്കേണ്ടതെന്ന് സൂചിപ്പിയ്കുന്നതുമുണ്ട്.

*************************************************************
ഇതിനു പുറമേ ഭാവങ്ങള്‍ ബാഹ്യങ്ങളെന്നും ആഭ്യന്തരങ്ങളെന്നും രണ്ടു വിധത്തിലുണ്ട്. ബാഹ്യങ്ങളെന്നാല്‍ തനിയ്ക്ക് ബാഹ്യമായി ബന്ധപ്പെട്ടവയും, ആഭ്യന്തരങ്ങളെന്നാല്‍ ആന്തരമായി ബന്ധപ്പെട്ടവയുമാകുന്നു. ഇതിനെ ഒന്നുകൂടി വ്യക്തമാക്കാം. "തനു" എന്നുവെച്ചാല്‍ ദേഹമാണെന്നും, അതിന്‍റെ ഉല്പത്തി കേവലം ബാഹ്യമായ മാതാപിതാക്കന്മാരുടെ രക്തശുക്ലങ്ങളെക്കൊണ്ടാണെന്നും സ്പഷ്ടമാണല്ലോ. " കല്യസ്വ" മെന്നുവെച്ചാല്‍ നീരോഗാദ്യവസ്ഥകൊണ്ടുള്ള സ്വസ്ഥതയാണെന്നും ഇതു ആഭ്യന്തരമാണെന്നും ആ സുഖാദികളുടെ അനുഭോക്താവ് ജീവാത്മാവാണെന്നും പ്രസിദ്ധമാണ്. അങ്ങിനെതന്നെ " കുടുംബം" എന്നുവെച്ചാല്‍ ഭാര്യ മുതലായ ബാഹ്യന്മാരായ ഭരണീയജനങ്ങളും "സ്വം" എന്നാല്‍ തന്‍റെ ശരീര സന്ധാരണത്തിനുള്ള ധനവുമാണെന്നും വിചാരിച്ചാലറിയാം. ശേഷം ഭാവങ്ങളേയും ഇപ്രകാരം ഊഹിയ്ക്കേണ്ടതാണ്. ഈ കാരണം കൊണ്ടാണ് പതിനഞ്ചാം ശ്ലോകംകൊണ്ട് പറഞ്ഞ തന്വാദിഭാവങ്ങള്‍ ബാഹ്യങ്ങളാണെന്നും, പതിനാറാം ശ്ലോകംകൊണ്ട് പറഞ്ഞ കല്യാദിഭാവങ്ങള്‍ ആഭ്യന്തരങ്ങളെന്നും പറഞ്ഞത്.

ബാഹ്യാഭ്യന്തരാഭേദാദ് ദ്വിവിധാ ഭാവാഃ സമീരിതാ ഹ്യേതേ
ബാഹ്യാഃ ഖലു തന്വാദ്യാ ജ്ഞേയാഃ പുനരാന്തരാസ്തു കല്യാദ്യാഃ.

എന്ന് പ്രമാണവും കണ്ടിട്ടുണ്ട്. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.