ഗോജാശ്വികര്‍ക്കിമിഥുനാഃ സമൃഗാനിശാഖ്യാഃ
പൃഷ്ഠോദയാ വിമിഥുനാഃ കഥിതാസ്തയേവ
ശീര്‍ഷോദയാ ദിനബലാശ്ച ഭവന്തി ശേഷാ
ലഗ്നം സമേത്യുഭയതഃ പൃഥുരോമയുഗ്മം
സാരം :-
മേടം, ഇടവം, മിഥുനം, കര്‍ക്കിടകം, ധനു, മകരം ഈ ആറും രാത്രിയില്‍ ബലാധിക്യമുള്ള രാശികളും, ശേഷം ആറും പകല്‍ ബലം അധികമുള്ള രാശികളുമാകുന്നു.
മിഥുനം ഒഴിച്ച് ബാക്കി അഞ്ചു രാത്രിരാശികളും പൃഷ്ഠം ആദ്യമായി ഉദിയ്ക്കുന്നവയും, മീനം ഒഴിച്ച് മറ്റു അഞ്ചു പകല്‍ രാശികളും മിഥുനവും ശിരസ്സ് ആദ്യമായി ഉദിയ്ക്കുന്നവയും മീനം രാശി പൃഷ്ഠവും ശിരസ്സും ഒരേ സമയത്ത് ഉദിയ്ക്കുന്നതുമാകുന്നു. "നിശാഖ്യാഃ" എന്ന് പറഞ്ഞതുകൊണ്ട് നിശാപതിയായ (രാത്രിയുടെ അധിപതിയായ) ചന്ദ്രന് നിശാരാശികളുടേയും "ദിനബലാഃ" എന്നതുകൊണ്ട് ദിനാധിപനായ സൂര്യന് ദിനരാശികളുടേയും ആധിപത്യമുണ്ടെന്നറിയാവുന്നതാണ്.
സിംഹഃ കന്യാ തുലാളീ ച കുംഭാന്ത്യൌ സൂര്യരാശയഃ
അന്യേ തു രാശയശ്ചാന്ദ്രാ ദ്യുനിശാരാശയശ്ച തേ.
എന്ന് പ്രമാണമുണ്ട്. "പൃഷ്ഠോദയാഃ" എന്നും "ശീര്‍ഷോദയാഃ" എന്നുമുള്ള പദങ്ങളെക്കൊണ്ട് പൃഷ്ഠോദയരാശികള്‍ അശുഭങ്ങളും ശീര്‍ഷോദയരാശികള്‍ ശുഭങ്ങളുമാണെന്നും സൂചിപ്പിക്കുന്നുണ്ട്. ജാതകത്തിലെ ലഗ്നം ശീര്‍ഷോദയമാണെങ്കില്‍ ദീര്‍ഘായുസ്സ് മുതലായ ഗുണങ്ങളുണ്ടാകുമെന്നു, കാര്യസാദ്ധ്യപ്രശ്നാദികളില്‍ കാര്യം സാധിയ്ക്കുമെന്നും പറയണം. പൃഷ്ഠോദയത്തിനു ഫലം വിപരീതവുമാണ്. എന്നാല്‍ പ്രസവവിഷയമാണെങ്കില്‍ പ്രശ്നത്തിങ്കല്‍ പൃഷ്ഠോദയമാണെങ്കില്‍ അനായാസേന വേഗത്തില്‍ പ്രസവിക്കുമെന്നും, ശീര്‍ഷോദയമാണെങ്കില്‍ താമസിച്ചു വിഷമിച്ചേ പ്രസവിക്കു എന്നും പറയണം.
പൃഷ്ഠോദയേഷു സിദ്ധ്യത്യശുഭം, ശീര്‍ഷോദയേഷു വിപരീതം
എന്നും വചനം കണ്ടിട്ടുണ്ട്. മേല്‍പറഞ്ഞ പദങ്ങള്‍കൊണ്ടുതന്നെ പൃഷ്ഠോദയരാശികളില്‍ നില്‍ക്കുന്ന ഗ്രഹങ്ങള്‍ അവയുടെ ദശാപഹാരാദി കാലങ്ങളുടെ അവസാനഘട്ടത്തിലാണ് ഫലം ചെയ്യുക എന്നും, ശീര്‍ഷോദയസ്ഥന്മാരായ ഗ്രഹങ്ങളുടെ ഫലപ്രദാനകാലം ഇതിന് വിപരീതമാണെന്നും പറയാവുന്നതാണ്.
പൃഷ്ഠോദയകോദയര്‍ക്ഷഗാസ്ത്വന്ത്യാന്തഃ പ്രഥമേഷു പാകദാഃ
എന്ന് പ്രകൃതഗ്രന്ഥത്തില്‍ പറയുന്നതുമുണ്ട്.