ഹോരാദയസ്തനുകുടുംബ സഹോത്ഥബന്ധു-
പുത്രാരിപത്നിമരണാനി ശുഭാസ്പദായാഃ
രിഃഫാഖ്യമിത്യുപചയാന്യരികര്‍മ്മലാഭ-
ദുശ്ചിത്കസംജ്ഞിതഗൃഹാണി നനിത്യമേകേ.
സാരം :-
ജാതകപ്രശ്നാദികളില്‍ ലഗ്നംകൊണ്ട് ദേഹത്തേയും, രണ്ടാം ഭാവം കൊണ്ട് (ആഹാരാദികളെ കൊടുത്ത് സംരക്ഷിയ്ക്കപ്പെടേണ്ടവരായ) ഭരണീയജനങ്ങളേയും, മൂന്നാം ഭാവംകൊണ്ട് സഹോദരന്മാരേയും നാലാം ഭാവം കൊണ്ട് അമ്മ, അമ്മാവന്‍, മരുമകന്‍ എന്നിവരേയും, അഞ്ചാം ഭാവംകൊണ്ട് സന്താനങ്ങളേയും, ആറാം ഭാവംകൊണ്ട് ശത്രുക്കള്‍ ആഗന്തുരോഗങ്ങള്‍ ഇതുകളേയും, ഏഴാം ഭാവംകൊണ്ട് ഭാര്യയേയും എട്ടാം ഭാവംകൊണ്ട് മരണം, ദ്രവ്യനാശം, പരിഭവം, നൈസര്‍ഗ്ഗികരോഗം, ആപത്ത്, ഇത്യാദികളേയും, ഒമ്പതാം ഭാവംകൊണ്ട് (സര്‍വ്വോല്‍കര്‍ഷപൂര്‍ത്തിയേയും) ധര്‍മ്മാദികളേയും പത്താം ഭാവം കൊണ്ട് ആശ്രയത്തേയും പതിനൊന്നാം ഭാവകൊണ്ട് സര്‍വ്വാഭീഷ്ടസിദ്ധിയേയും. പന്ത്രണ്ടാം ഭാവം കൊണ്ട് ദുഷ്കൃതസ്ഥാനഭ്രംശദ്രവ്യനാശാദികളേയുമാണ് വിചാരിക്കേണ്ടത്.
3-6-10-11 ഈ ഭാവങ്ങള്‍ക്ക് "ഉപചയം" എന്ന് പേരുണ്ട്. ശേഷം ഭാവങ്ങള്‍ക്ക് "അപചയം എന്ന് പറയുന്നു. ഈ ഉപചയങ്ങള്‍ക്ക് അത്ര നിത്യത്വമില്ലെന്നാണ് ചില ആചാര്യന്മാരുടെ പക്ഷം. ഉപചയങ്ങളിലേയ്ക്ക് പാപന്മാരുടേയും, അതാതു രാശ്യധിപന്‍റെ ശത്രുക്കളുടേയും, ദൃഷ്ടി ഇല്ലെങ്കില്‍ മാത്രമേ ഉപചയങ്ങള്‍ അവയുടെ ശുഭഫലത്തെ ചെയ്യുകയുള്ളുവെന്നാണ് ഇതു നിത്യമല്ലെന്ന് പറയുന്നവരുടെ പക്ഷം.