ലഗ്നം മുതലായ ചില ഭാവങ്ങളുടെ ബലത്തേയും രാശികളുടെ വലുപ്പത്തേയും ഭാവങ്ങളുടെ സംജ്ഞാന്തരങ്ങളേയും പറയുന്നു

ഹോരാ സ്വാമിഗുരുജ്ഞവീക്ഷിതയുതാ
നാന്യൈശ്ച വീര്യോത്കടാ
കേന്ദ്രസ്ഥാ ദ്വിപദാദയോഹ്നി നിശി ച
പ്രാപ്തേ ച സന്ധ്യാദ്വയേ
പൂര്‍വാര്‍ദ്ധേ വിഷയാദയഃ കൃതഗുണാ
മാനം പ്രതീപം തതോ
ദുശ്ചിത്കം സഹജം തപശ്ച നവമം
ത്രാദ്യം ത്രികോണഞ്ച തത്.

സാരം :-

ലഗ്നഭാവത്തിന് ലഗ്നാധിപന്‍, വ്യാഴം, ശുഭനായ ബുധന്‍ ഇവരുടെ യോഗമോ ദൃഷ്ടിയോ ഉണ്ടാവുകയോ പാപന്മാരുടേയും ഭാവാധിപശത്രുവിന്‍റെയും യോഗമോ ദൃഷ്ടിയോ ഇല്ലാതിരിയ്ക്കയും ചെയ്‌താല്‍, ലഗ്നഭാവത്തിന് പൂര്‍ണ്ണബലമുണ്ട്. ഇവിടെ ലഗ്നഭാവത്തെ പറഞ്ഞതുപോലെ മറ്റു ഭാവങ്ങളേയും പറയണം.

മനുഷ്യരാശികള്‍ക്ക് കേന്ദ്രങ്ങളിലും, ചതുഷ്പാദ്രാശികള്‍ക്ക് പണപരത്തിലും, ബഹുപാദങ്ങളായ കര്‍ക്കിടകം, വൃശ്ചികം, മീനം എന്നീ രാശികള്‍ക്ക് ആപോക്ലിമത്തിലുമാണ് ബലം പൂര്‍ണ്ണമായിട്ടുള്ളത്. 

പകല്‍ സമയത്ത് മനുഷ്യരാശികള്‍ക്കും, രാത്രിയില്‍ ചതുഷ്പാദ്രാശികള്‍ക്കും, ഉദയാസ്തമനസന്ധ്യകളില്‍ ബഹുപാദ്രാശികള്‍ക്കും ബലത്തിന് പൂര്‍ണ്ണതയുണ്ടാകും. 

അഞ്ചുമുതല്‍ പത്തുകൂടിയ 6 സംഖ്യയെ നാലില്‍ പെരുക്കിയാല്‍ മേടം മുതല്‍ 6 രാശികളുടെ വലുപ്പമായി വരും. 20-24-28-32-36-40 ഇത് മേടം മുതല്‍ ആറ് രാശികളുടെയും വലുപ്പമാകുന്നു. തുലാം മുതല്‍ക്ക്‌ ഈ വലുപ്പത്തെ വിപരീതം ഗണിയ്ക്കയും വേണം. 40-36-32-28-24-20 ഇതു തുലാം തുടങ്ങി മീനം കൂടിയ ആറ് രാശികളുടെ വലുപ്പമാകുന്നു. പ്രസവമുറി, കിടപ്പുമുറി മുതലായതിന്‍റെയും, ഭോജനപ്രശ്നം, സുരതപ്രശ്നം, ചോരപ്രശ്നം ഇത്യാദികളില്‍ ഭക്ഷണമുറി കിടപ്പുമുറി മോഷണം ചെയ്ത സ്ഥലം ഇത്യാദികളുടേയും വലുപ്പം ചെറുപ്പം മുതലായതിനേയും, ബ്രാഹ്മണക്ഷത്രിയാദി ജാതികളുടെ ഉല്‍ക്കര്‍ഷാപകര്‍ഷങ്ങളേയും മറ്റും മേല്‍പറഞ്ഞ രാശിമാനം കൊണ്ട് ചിന്തിക്കാവുന്നതാണ്. ഭോജനപ്രശ്നത്തിലാണെങ്കില്‍ രണ്ടാം ഭാവം കൊണ്ടാണ് ഭോജന പാത്രത്തെ ചിന്തിക്കേണ്ടത്.  അതു കുംഭം മീനം മേടം ഇടവം ഇതുകളിലൊന്നാണെങ്കില്‍ ഭോജനപാത്രം (ഭക്ഷണം കഴിക്കുന്ന പാത്രം) വളരെ ചെറുതായിരുന്നുവെന്നും, ചിങ്ങം കന്നി തുലാം വൃശ്ചികം ഇതുകളില്‍ ഒന്നാണെങ്കില്‍ പാത്രത്തിന് നല്ല വലിപ്പമുണ്ടായിരുന്നുവെന്നും, ശേഷം രാശികളാണെങ്കില്‍ പാത്രം ഇടത്തരത്തിലുള്ളതായിരുന്നുവെന്നും യുക്തിയ്ക്കനുസരിച്ച് വിചാരിക്കണം. ഇപ്രകാരം മറ്റു സംഗതികളിലും കണ്ടുകൊള്‍ക.

മൂന്നാം ഭാവത്തിന് "ദുശ്ചില്‍കം" എന്നും, ഒമ്പതം ഭാവത്തിന് "തപസ്സ്" എന്നും "ത്രിത്രികോണം" എന്നും സംജ്ഞകളുണ്ട്. ഇവിടെ "തല്‍" എന്ന വിശേഷദ്യോതകമായ പദംകൊണ്ട് ആയുസ്സിന്‍റെ കാര്യം തീര്‍ച്ചപ്പെട്ടാല്‍ പിന്നെ പ്രധാനമായി വിചാരിയ്ക്കേണ്ട ഭാവം ഭാഗ്യസ്ഥാനമാണെന്നു സൂചിപ്പിയ്ക്കുന്നുണ്ട്.

"സര്‍വ്വം വിഹായ ചിന്ത്യം ഭാഗ്യര്‍ക്ഷം പ്രാണിനാം വിശേഷേണ" എന്ന് പ്രമാണമുണ്ട്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.